കൊച്ചി : എം.ജി സർവകലാശാലയ്ക്കു കീഴിലെ അൺ എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്ക് രണ്ടിലേറെ അലോട്ട്മെന്റുകൾ നടത്തുന്നത് ഹൈക്കോടതി താല്‌കാലികമായി തടഞ്ഞു.
അൺ എയ്ഡഡ് കോളേജുകളിലെ 50 ശതമാനം സീറ്റുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ സർവകലാശാല തന്നെ പ്രവേശനം നടത്തുന്നതിനെതിരെ ആൾ കേരള പ്രൈവറ്റ് ആർട്സ് ആൻഡ് സയൻസ് അൺ എയ്ഡഡ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ഹർജി തീർപ്പാകും വരെ രണ്ട് അലോട്ട്മെന്റുകളേ അനുവദിക്കാവൂ എന്ന ഹർജിക്കാരുടെ ആവശ്യമാണ് ഹൈക്കോടതി അനുവദിച്ചത്. സർക്കാരിന്റെയും സർവകലാശാലയുടെയും വിശദീകരണം തേടിയ സിംഗിൾബെഞ്ച് ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
അൺ എയ്ഡഡ് കോളേജുകളിലെ 50 ശതമാനം സീറ്റുകൾ ഏറ്റെടുത്തു പ്രവേശനം നടത്താൻ സർവകലാശാലയ്ക്ക് നിയമപരമായി കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം. കേന്ദ്രീകൃത അലോട്ട്മെന്റിനായി സർവകലാശാല ഏറ്റെടുത്ത 50 ശതമാനം സീറ്റിൽ ഒഴിവുവന്നാലും കോളേജ് മാനേജ്മെന്റിന് പ്രവേശനം നൽകാൻ കഴിയില്ല. പത്തിലേറെ അലോട്ട്മെന്റുകൾ ഒരു വർഷം സർവകലാശാല നടത്തുന്നത് കോളേജിന്റെ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കുന്നു . സെപ്തംബർ നാലിനാണ് ആദ്യ അലോട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ളത്. ബിരുദ പ്രവേശനത്തിനുള്ള സർവകലാശാലയുടെ പ്രോസ്പെക്ടസിൽ 50 ശതമാനം സീറ്റിൽ കേന്ദ്രീകൃത അലോട്ട്മെന്റാണെന്നു പറയുന്നു.മതിയായ കരാറില്ലാതെ 50 ശതമാനം സീറ്റിൽ നേരിട്ടുപ്രവേശനം നടത്താൻ സർവകലാശാലയെ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |