കൊച്ചി : തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോറിന്റെ കാലാവധി അഞ്ച് വർഷം കൂടി നീട്ടിയതു സ്റ്റേ ചെയ്ത സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സി.ഐ.ടി ഉത്തരവിനെതിരെ ഡോ. ആശാ കിഷോർ നൽകിയ ഹർജിയിലാണിത്.
സി.എ.ടിയിൽ നിലവിലുള്ള ഹർജി സെപ്തംബർ 2 ന് പരിഗണിക്കുമ്പോൾ കേസിലെ കക്ഷികൾ വിശദമായ മറുപടി നൽകണമെന്നും, ഇതു പരിഗണിച്ച് സി.എ.ടി തീർപ്പ് കല്പിക്കണമെന്നും ഡിവിഷൻബെഞ്ചിന്റെ വിധിയിൽ പറയുന്നു. ഈ വിധിയോടെ, ഹർജിക്കാരിക്ക് ഡയറക്ടർ പദവിയിൽ തുടരാം.
@ഇന്ന് വീണ്ടും ചുമതലയേൽക്കും
ഡോ.ആശാ കിഷോറിന്റെ
നിയമനത്തിന് അംഗീകാരം
തിരുവനന്തപുരം: നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ താൽക്കാലികമായി തടഞ്ഞതിനാൽ നാലുദിവസമായി ഒാഫീസിൽ നിന്ന് മാറിനിന്ന തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.ആശാകിഷോർ ഇന്ന് വീണ്ടും ചുമതലയേൽക്കും.
ട്രൈബ്യൂണലിന്റെ സ്റ്റേ ഇന്നലെ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണിത്. ഇതോടെ ഡോ.ആശാകിഷോറിന്റെ നിയമനം നിയമപരമായി പൂർണമായി സാധൂകരിക്കപ്പെട്ടു.
അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഡോ.ആശാകിഷോറിന് മേയ് 12ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ബോർഡാണ് 2025 ഫെബ്രുവരി 28 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നവരെ വരെ നീട്ടി നൽകിയത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സെക്രട്ടറിയും ബോർഡ് പ്രസിഡന്റും ഉൾപ്പെട്ട യോഗത്തിൽ ഏകകണ്ഠമായാണ് തീരുമാനം ഉണ്ടായത്. സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് കേന്ദ്രമന്ത്രിസഭാ ഉപസമിതിയുടെ അംഗീകാരം തേടേണ്ടതില്ല. എന്നാൽ അങ്ങിനെ വേണമെന്നും അതുണ്ടായില്ലെന്നും കാട്ടിയുള്ള പരാതിയിലാണ് സി.എ.ടി. താൽക്കാലികമായി നിയമനം തടഞ്ഞത്. ഇതിനെതിരെ ഡയറക്ടർ നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതി നിയമനത്തിന് സാധുത നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |