തിരുവനന്തപുരം: ഏത് പകർച്ചവ്യാധികൾക്ക് മുന്നിലും പതറാതെ സേവനം നടത്തുന്ന ആരോഗ്യവകുപ്പിൽ ആശ്രിത നിയമനത്തോട് സർക്കാർ മുഖംതിരിച്ചു നിൽക്കുന്നു. കുടുംബത്തിന് ആശ്രയമായിരുന്നവർ അകാലത്തിൽ മരണപ്പെട്ടാൽ കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം അവകാശമാണ്. എന്നാൽ, ആരോഗ്യവകുപ്പിലാണെങ്കിൽ സർക്കാർ കാര്യം മുറപോലെ നീങ്ങുകയാണ്. 240 പേരാണ് ആരോഗ്യവകുപ്പിൽ ആശ്രിത നിയമനത്തിനായി കാത്തിരിക്കുന്നത്. 2012 മുതലുള്ള കണക്കാണിത്.
എട്ടുവർഷമായി ആരോഗ്യവകുപ്പിൽ ആശ്രിത നിയമനം നടക്കുന്നില്ലെന്ന് നിയമനം കാത്തിരിക്കുന്നവരുടെ സംഘടനയായ കംപാഷനേറ്റ് എംപ്ലോയ്‌മെന്റ് അസോസിയേഷൻ ഒഫ് കേരളയുടെ ഭാരവാഹികൾ പറയുന്നു. ഓരോ വർഷവും വകുപ്പിൽ നടക്കുന്ന നിയമനങ്ങളിൽ അഞ്ചു ശതമാനം ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കണമെന്ന് നിയമം ഉണ്ടെങ്കിലും ഇപ്പോഴും 240 പേർ പുറത്താണ്. ആശ്രിത നിയമനം നടത്താൻ ഒരൊഴിവ് പോലും മാറ്റിവയ്‌ക്കുന്നില്ല.
അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും ജോലിക്കായി അനന്തമായി കാത്തിരിക്കുന്ന ഇവരെക്കുറിച്ച് മാറിമാറി വരുന്ന സർക്കാരുകൾ ആലോചിക്കുന്നുമില്ല. ആശ്രിത നിയമനം പിൻവാതിൽ നിയമനമെന്ന രീതിയിൽ ആരോപിക്കുന്നതിലുള്ള അമർഷവും ഇവർ ഉള്ളിലൊതുക്കുകയാണ്. പി.എസ് .സി റാങ്ക് ലിസ്റ്റിലൂടെ ജോലിക്ക് കയറിയശേഷം മരണപ്പെട്ടുപോകുന്നയാളിന്റെ കുടുംബത്തെ സംരക്ഷിക്കാൻ അതേ വകുപ്പിൽ പകരം നൽകുന്ന ജോലി എങ്ങനെയാണ് പിൻവാതിൽ നിയമനം ആകുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.
മരണപ്പെട്ടയാളിന്റെ ആശ്രിതരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് നിയമനം നൽകുന്നത്. ക്ലറിക്കൽ തസ്തികയിലേക്കാണ് സാധാരണയായി ആശ്രിത നിയമനം നൽകാറുള്ളത്. എന്നാൽ ആവശ്യത്തിന് ഒഴിവുകളില്ല എന്ന ന്യായമാണ് ഇവരോട് അധികൃതർ നിരത്തുന്നത്. മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരിൽ ബഹുഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞവരും മറ്റൊരു ഉദ്യോഗത്തിന് ശ്രമിക്കാൻ കഴിയാത്തവരുമാണ്. പ്രായപരിധി കൂടിയവർക്ക് സർവീസ് കാലയളവ് കുറവായിരിക്കുമെന്നതിനാൽ നിയമനം ലഭിക്കാൻ താമസിക്കുംതോറും കാര്യമായ റിട്ടയർമെന്റ് നേട്ടവും ലഭിക്കില്ല. മാതൃവകുപ്പിൽ നിന്നും മറ്റ് വകുപ്പുകളിലേക്ക് ഇതേ സംവരണത്തോടെ നിയമനം നൽകിയിരുന്നെങ്കിൽ വർഷങ്ങൾക്ക് മുൻപേ ഇവരുടെ നിയമനം നടക്കുമായിരുന്നു.
കാത്തുകാത്ത്..
ആരോഗ്യ വകുപ്പിൽ സർവീസിലിരിക്കേ എൻഡോസൾഫാൻ ഇരയായി മരണപ്പെട്ട കാസർകോട് സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ സരോജിനിയും നിയമനത്തിനായി കാത്തിരിക്കുകയാണ്. ആശ്രിതനിയമനം കാത്തിരിക്കുന്നതിനാൽ സരോജിനിക്ക് എൻഡോസൾഫാൻ ബാധിതർക്ക് ലഭിക്കുന്ന യാതൊരു ആനുകൂല്യവും ലഭിക്കുന്നുമില്ല. കാസർകോട് മാത്രം എട്ടുപേരാണ് ആശ്രിതനിയമനത്തിനായി കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് 30 പേരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |