മൂന്നാർ: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിനിരയായ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കിയത് 200 പൊലീസുകാർ. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും വാഹന വ്യൂഹം കടന്നുപോയ വഴികളിൽ ഒരു മണിക്കൂറോളമാണ് പൊലീസ് പൊതുവാഹന ഗതാഗതം തടഞ്ഞത്.
അഞ്ചാംമൈൽ പെട്ടിമുടി പാതയിൽ ഗതാഗതം രാവിലെ മുതൽ നിരോധിച്ചിരുന്നു.ആനച്ചാൽ മുതൽ അഞ്ചാംമൈൽ വരെയാണ് 200 പൊലീസുകാരെ വിനിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയും അഡിഷണൽ എസ്.പി സുരേഷ്‌കുമാറും മൂന്നാറിലെ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകി.
ഇന്നലെ രാവിലെ 9.30ന് ഹെലികോപ്ടറിൽ ഗവർണർ ആരീഫ് മുഹമ്മദ്ഖാനൊപ്പമാണ് മുഖ്യമന്ത്രി ആനച്ചാലിൽ എത്തിയത്. തുടർന്ന് കാറിൽ 11 മണിയോടെ പെട്ടിമുടിയിലുമെത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം എം മണി, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഉരുൾപൊട്ടലിൽ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളുടെ ആവലാതികൾ കേട്ടു. അര മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും ഗവർണറും മൂന്നാറിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |