SignIn
Kerala Kaumudi Online
Tuesday, 24 November 2020 9.58 AM IST

വാളെടുക്കുന്ന പി.എസ്.സി

psc

പബ്ളിക് സർവീസ് കമ്മിഷനെ വിമർശിച്ചതിന്റെ പേരിൽ ഏതാനും ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാ നടപടി എടുക്കാൻ തുനിയുന്നതായ വാർത്ത അഭിപ്രായ സ്വാതന്ത്ര്യം വിലമതിക്കുന്നവരിൽ അതിയായ ഉത്‌കണ്ഠ ജനിപ്പിക്കുന്നതാണ്. ജനാധിപത്യം പുലരുന്ന നാടുകളിൽ കേട്ടുകേഴ്‌വിയില്ലാത്ത കാര്യമാണിത്. സർക്കാർ സർവീസിലേക്ക് പരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനും സർവീസ് സംബന്ധിയായ വിഷയങ്ങൾ കൈകാര്യം ചെയ്യാനും വേണ്ടി നിയമിതമായിട്ടുള്ള പി.എസ്.സിക്ക് കേവലം വിമർശനമുന്നയിച്ചതു മുൻനിറുത്തി ആരെയെങ്കിലും ശിക്ഷിക്കാനുള്ള അധികാരം നൽകിയതായി അറിവില്ല. സർവീസ് സംബന്ധമായ ക്രമക്കേടുകളുടെ പേരിലോ പരീക്ഷകളിൽ കൃത്രിമങ്ങൾ കാട്ടിയതിന്റെ പേരിലോ വ്യാജരേഖകൾ സമർപ്പിച്ച് കബളിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിലോ ഉദ്യോഗാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി എടുക്കാനായേക്കും. പരീക്ഷയിലെ ആൾമാറാട്ടം, കോപ്പിയടി തുടങ്ങിയ കുറ്റകൾ ചെയ്യുന്നവരെ ശിക്ഷിക്കുന്നതും പതിവാണ്. ഇതിനൊക്കെ അപ്പുറം പി.എസ്.സിയെ വിമർശിച്ചുവെന്ന 'കുറ്റ"ത്തിന് ഇന്നേവരെ ഒരാൾ പോലും നടപടി നേരിട്ടതായി കേട്ടിട്ടില്ല. നീതിപീഠങ്ങൾ പോലും വിമർശനങ്ങൾക്കതീതമല്ല എന്ന വാദം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കേരള പബ്ലിക് സർവീസ് കമ്മിഷൻ വാളും പരിചയുമായി പാവപ്പെട്ട ഉദ്യോഗാർത്ഥികളെ ശിക്ഷിക്കാൻ ചാടിപ്പുറപ്പെടുന്നത് തികഞ്ഞ വിവരമില്ലായ്മയോ അജ്ഞതയിൽ നിന്ന് ഉടലെടുത്ത അഹങ്കാരമോ ആണ്. അങ്ങ് ആഫ്രിക്കയിലെ ഉഗാണ്ടയിൽ അഭിപ്രായ സ്വാതന്ത്ര്യ ധ്വംസനത്തിനെതിരെ ഇവിടെ പടവാളുമായി ഇറങ്ങുന്നവർ തങ്ങളുടെ മൂക്കിനു താഴെ ഒരു ഭരണഘടനാ സ്ഥാപനം നടത്തുന്ന ഈ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ അധികാര ദുർവിനിയോഗം കാണുന്നില്ലെന്നത് കഷ്ടമാണ്.

കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുകളുമായി ബന്ധപ്പെട്ട് റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും നിയമന ശുപാർശകളയയ്ക്കാൻ തയ്യാറാകുന്നില്ലെന്നു കാണിച്ച് ഉദ്യോഗാർത്ഥികൾ സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ പി.എസ്.സിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നു എന്നാരോപിച്ചാണ് നിയമ നടപടിക്കൊരുങ്ങുന്നത്. ആരോപണം ഉന്നയിച്ചവരിൽ രണ്ടുപേർക്ക് മൂന്നുവർഷത്തെ വിലക്കും കല്പിച്ചുകഴിഞ്ഞെന്നാണറിയുന്നത്. പി.എസ്.സിയുടെ 'സൽപ്പേര്" കളങ്കപ്പെടുത്തിയ മറ്റേതാനും പേർക്കെതിരെയും വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിച്ച് ശിക്ഷാനടപടി എടുക്കുമെന്നാണു സൂചന. ഉദ്യോഗ നിയമനങ്ങളിലെ കാലതാമസവും ക്രമക്കേടുകളും സർവസാധാരണമാണെന്നിരിക്കെ സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്ന ഒരു പരാതിയുടെ പേരിൽ പി.എസ്.സി അധികൃതർ ഇത്രമാത്രം ക്രൂദ്ധരാകാൻ കാരണമെന്തെന്ന് അമ്പരക്കുകയാണ്. വർഷങ്ങളായി നോമ്പുനോറ്റിരിക്കുന്ന ഉദ്യോഗം കൈയിലെത്താതെ അകന്നകന്നു പോകുമ്പോൾ ആർക്കും നിരാശയും ക്ഷോഭവും മനഃക്ളേശവുമൊക്കെ ഉണ്ടാകും. തങ്ങളുടെ വികാരം പങ്കുവച്ചെന്നുമിരിക്കും. സെക്രട്ടേറിയറ്റിനും പി.എസ്.സിക്കും മുമ്പിൽ എത്രയെത്ര സമരങ്ങളാണ് നടക്കാറുള്ളത്. നിയമനത്തിലെ കാലതാമസവും ഒരാൾക്കു പോലും നിയമനം ലഭിക്കാതെ റദ്ദായിപ്പോകുന്ന റാങ്ക് പട്ടികയുമൊക്കെ ഉദ്യോഗാർത്ഥികൾ സ്ഥിരമായി കണ്ടുവരുന്നതാണ്. കാസർകോട്ടെ നഴ്‌സിംഗ് ഒഴിവുകളിലേക്കു നിയമനം വൈകുന്നു എന്നത് യാഥാർത്ഥ്യമാണ്. അതിന് മതിയായ കാരണവും കാണുമായിരിക്കും. ഉദ്യോഗാർത്ഥികൾ അതൊക്കെ പൂർണമായും അറിഞ്ഞിരിക്കണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം നിയമനം തന്നെ നഷ്ടമാകുമോ എന്ന ഭീതിയാണുള്ളത്. റാങ്ക് പട്ടികയിൽ മുൻനിരയിലെത്തിയിട്ടും നിയമനം ലഭിക്കാതെ പോകുന്ന അനേകായിരങ്ങളുള്ളപ്പോൾ അവരുടെ ഭീതി അസ്ഥാനത്താണെന്നു പറയാനാവില്ല. പി.എസ്.സിക്കെതിരെ ഇവർ മാത്രമല്ല ഓരോരോ ഘട്ടത്തിൽ ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത്തരം വിമർശനങ്ങൾ കൊണ്ട് പി.എസ്.സിക്കു പേരുദോഷം സംഭവിച്ചതായി കേട്ടിട്ടില്ല. മാത്രമല്ല സ്വന്തം നടപടി ദോഷങ്ങൾ കൊണ്ട് സൽപ്പേരു കളങ്കപ്പെട്ടിട്ടുള്ളതല്ലാതെ ഉദ്യോഗാർത്ഥികൾ മൂലം അങ്ങനെയൊരു ദോഷമുണ്ടാകാൻ ഒരു സാദ്ധ്യതയുമില്ലതാനും. അനുചിതമായ നടപടികളുടെ പേരിൽ പി.എസ്.സിയും നിരന്തരം ആരോപണ വിധേയമാകാറുണ്ട്. ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമല്ല പൊതുജനങ്ങളിൽ നിന്നും ഏറെ വിമർശനങ്ങൾ നേരിടേണ്ടിവരുന്ന സ്ഥാപനങ്ങളിലൊന്നാണിത്. വിമർശനങ്ങൾ ഉയരുമ്പോൾ അതിനിടയാക്കിയ സാഹചര്യങ്ങളെന്തെന്ന് അന്വേഷിക്കുകയാണ് വിവേകമതികൾ ചെയ്യേണ്ടത്. ഭരണഘടനാ പദവിയുള്ള സ്ഥാപനമായതുകൊണ്ട് പി.എസ്.സിക്കെതിരെ ആരും കമാ എന്ന് ശബ്ദിച്ചുപോകരുതെന്ന് എങ്ങും പറഞ്ഞിട്ടില്ല. പ്രതികരിച്ചതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ നിയമനത്തിൽ നിന്നു വിലക്കാൻ തീരുമാനമെടുത്ത പി. എസ്.സി യോഗത്തിൽ തലയ്ക്കു വെളിവുള്ള ഒരാൾ പോലും ഇല്ലാതായത് കഷ്ടമായിപ്പോയി.

പി.എസ്.സിയുടെ ശിക്ഷാമാതൃക മറ്റു സ്ഥാപനങ്ങളും പിന്തുടർന്നാൽ ഉണ്ടാകാവുന്ന പ്രത്യാഘാതം ഒന്നു സങ്കല്പിച്ചുനോക്കൂ. സർക്കാരിനെതിരെ വിമർശനമുന്നയിക്കുന്നവരെ ഒന്നടങ്കം നാടുകടത്താം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒരു ദയവുമില്ലാതെ അധിക്ഷേപിക്കുന്നവരെ പിടിച്ച് ജയിലിലടയ്ക്കാം. വിമർശകരുടെ റേഷൻ പോലും റദ്ദാക്കാം. അങ്ങനെ ആരിൽ നിന്നും ഒരു എതിർപ്പുമില്ലാതെ ഭരണവുമായി മുന്നോട്ടുപോകാനും കഴിയും. പ്രതികൂല വിമർശനത്തിന്റെ പേരിൽ നിയമന വിലക്ക് ഏറ്റുവാങ്ങാനിരിക്കുന്ന ഹതഭാഗ്യരുടെ കാര്യത്തിൽ വലിയ പുരോഗമനം പറയുന്ന അഭിപ്രായ സ്വാതന്ത്ര്യവാദികൾ എന്തു പറയുന്നു എന്നറിയാൻ സമൂഹത്തിനു കൗതുകമുണ്ട്. വിവാദ തീരുമാനം പുനഃപരിശോധിക്കാനുള്ള വിവേകമാണ് പി.എസ്.സി പോലുള്ള ഒരു മഹാ സ്ഥാപനത്തിൽ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്. അധികാര ലഹരിയിൽ സമചിത്തത വെടിഞ്ഞ് കൈക്കൊള്ളുന്ന ഏതു നടപടിക്കും പിന്നീട് സമൂഹത്തോട് ഉത്തരം പറയേണ്ടിവരുമെന്ന കാര്യം മറക്കരുത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, PSC
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.