കൽപ്പറ്റ:ബാണാസുരസാഗർ ഡാമിലെ വെള്ളത്തിൽ കെ.എസ്. ഇ.ബിയുടെ അഞ്ഞൂറു കിലോ വാട്ട്സിന്റെ കൂറ്റൻ സോളാർ പാനൽ ഇന്ത്യയിലെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ പൊന്തിക്കിടക്കുമ്പോൾ, അതിൽ സ്പന്ദിക്കുന്നത് പ്ളസ് ടുവിന് പഠിക്കവേ നാട്ടുകാരനായ കൗമാരക്കാരൻ കണ്ട സ്വപ്നം. ടെക്നോളജി മനസ്സിലാക്കാൻ എൻജിനീയറിംഗ് പഠനവും പണം കണ്ടെത്താൻ എള്ളുണ്ട വില്പനയും നടത്തി കഥാനായകൻ. സ്വന്തമായി ഒരു ഇലക്ട്രിക്കൽ സ്ഥാപനവും തുടങ്ങി. മേൽവിലാസം കോളേജ് കാന്റീൻ. ഇനി ആളെ പരിചയപ്പെടാം. കമ്മന വാഴാംപ്ളാക്കൽ അജയ് തോമസ്.
പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ളസ് ടുവിന് പഠിക്കവേ ഡോ. ആർ.വി.ജി. മേനോന്റെ ലേഖനത്തിൽ കൃഷിഭൂമിയിൽ സോളാർ പാനൽ സ്ഥാപിക്കരുതെന്ന് വായിച്ചതാണ് ചിന്തയ്ക്ക് തീ കൊളുത്തിയത്. എന്തുകൊണ്ട് ഫ്ളോട്ടിംഗ് പാനൽ സ്ഥാപിച്ചുകൂടാ?
2010ൽ വയനാട് ഗവ. എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ടോണിക്സിന് ചേരുമ്പോൾ അതായിരുന്നു ലക്ഷ്യം. ട്യൂഷനെടുത്ത് ചെറിയ തുകകൾ സ്വരൂപിച്ചു. പല കച്ചവടങ്ങൾ നടത്തി.ഫലം പരാജയം.കർണാടകയിൽ പോയി എള്ളും ശർക്കരയും വാങ്ങി കൊണ്ടുവന്ന് എള്ളുണ്ട നിർമ്മിച്ച് വില്പന തുടങ്ങി. അതിൽ ലാഭം കണ്ടുതുടങ്ങി. വാട്സാ ഇലക്ട്രിക്കൽ എന്ന പേരിൽ സ്ഥാപനം തുടങ്ങി. ഓഫീസ് എൻജിനീയറിംഗ് കോളേജിലെ കാന്റീൻ.സഹപാഠികൾ പങ്കാളികളായതോടെ പേര് മാറ്റി- വാട്സാ ടെക്.
മോഹം മുളപൊട്ടുന്നു, മാർഗദർശിയും വന്നു
പുതിയ ടെക്നോളജിക്ക് ഫണ്ട് നൽകുമെന്ന കെ.എസ്. ഇ.ബിയുടെ പ്രഖ്യാപനം അറിഞ്ഞ് `എനർജി ടൂറിസം' എന്ന ആശയവുമായി അപേക്ഷിച്ചു. പത്തുവാട്സിന്റെ സോളാർ പാനൽ ഉണ്ടാക്കാൻ 14.5 ലക്ഷം രൂപ അനുവദിച്ചു. ഡ്രോയിംഗ് വരയ്ക്കാൻ സഹായിച്ചത് അയൽവാസിയും ഗവ. എൻജിനീയറിംഗ് കോളേജിലെ ഗസ്റ്റ് ലക്ചറുമായ വി.എം.സുധിൻ. തുടർന്ന് പ്രയത്നം ഇരുവരും ചേർന്നായി.
സോളാർ പ്ളാറ്റ്ഫോം നിർമ്മിക്കാൻ സിമന്റുപോലും ചുമന്ന് എത്തിച്ചത് ഇരുവരും ചേർന്നാണ്. 1200 സ്ക്വയർ ഫീറ്റിൽ പണിത പ്ളാറ്റ്ഫോം കനത്ത മഴയിൽ മുങ്ങിപ്പോയി. രണ്ടാമതൊരെണ്ണം നിർമ്മിച്ച് 2016 ജനുവരിയിൽ കമ്മിഷൻ ചെയ്തു.
പണമില്ലാതെ പിൻമാറി
ഈ ടെക്നോളജി അടിസ്ഥാനമാക്കി കെ.എസ്. ഇ.ബി 500 വാട്സിന്റെ ടെണ്ടർ വിളിച്ചപ്പോൾ മുടക്കാൻ വൻതുക ഇല്ലാത്തതിനാൽ കാഴ്ചക്കാരനാവേണ്ടിവന്നു. തിരുവനന്തപുരത്തെ അഡ് ടെക്ക് സിസ്റ്റം പദ്ധതി ഏറ്റെടുത്തപ്പോൾ എല്ലാ ഒത്താശയും നൽകി.
സോളാർ പ്ളാന്റിൽ ഏഴ് ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാട്സാ എനർജിയെന്ന പേരിൽ റൂഫ് ടോപ്പിൽ സോളാർ വയ്ക്കുന്ന ജോലിയിലാണ് അജയ്യ്ക്കും സുധിനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |