ന്യൂഡൽഹി: താൻ അതീവ ദുഃഖിതയാണെന്നും ഉടനെ വന്ന് രക്ഷപ്പെടുത്തിയില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് ആത്മഹത്യ സന്ദേശം അയച്ച് ഡൽഹിക്കാരി.
ബോറിസ് ജോൺസണിന്റെ ഓഫീസിൽ നിന്ന് സന്ദേശം ഇന്ത്യൻ എംബസിക്ക് കൈമാറി. അവിടെനിന്ന് ഡൽഹിയിലേക്കും സന്ദേശമെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഡൽഹി പൊലീസ് സ്ത്രീയെ കണ്ടെത്തി ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു.
27ന് രാത്രി പതിനൊന്നോടെയാണ് 43കാരിയായ സ്ത്രീ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സ്വന്തം അഡ്രസും ഫോൺ നമ്പരും സഹിതം ഇ- മെയിൽ അയച്ചത്. 'ഞാൻ വിഷമത്തിലാണ് ആരെങ്കിലും എന്നെ സഹായിക്കാൻ വന്നില്ലെങ്കിൽ, അടുത്ത 2 മണിക്കൂറിനുള്ളിൽ ഞാൻ ആത്മഹത്യ ചെയ്യും' എന്നായിരുന്നു സന്ദേശം.
ബോറിസ് ജോൺസന്റെ ഓഫീസ് ഇക്കാര്യം ലണ്ടനിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു. എംബസി വിദേശ കാര്യ മന്ത്രാലയത്തിന് വിവരം കൈമാറി. തുടർന്ന് ഡൽഹി പൊലീസും പിന്നാലെ അമൻ വിഹാർ പൊലീസും അന്വേഷണം ആരംഭിച്ചു.
സന്ദേശത്തിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ ശരിയായിരുന്നു. എന്നാൽ വിളിച്ചിട്ട് ആരും ഫോൺ എടുത്തില്ല. രോഹിണി ഏരിയെന്ന് മാത്രമാണ് വിലാസത്തിലുണ്ടായിരുന്നത്. രാത്രി ഒരു മണിയോടെ രോഹിണി ഏരിയയിലെത്തിയ പൊലീസ് തെരച്ചിൽ ആരംഭിച്ചു. 40 ഓളം വീടുകളിൽ കയറിയിറങ്ങി പൊലീസ് പരിശോധിച്ചു. ഒടുവിൽ സ്ത്രീയുടെ വീട് കണ്ടെത്തിയെങ്കിലും അവർ ഗേറ്റ് തുറന്നില്ല. ഫയർ ഫോഴ്‌സിനെ വരുത്തി ഗേറ്റ് തുറന്ന് പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചു.16 പൂച്ചകൾക്കൊപ്പമായിരുന്നു സത്രീ താമസിച്ചിരുന്നത്. വർഷങ്ങളായി വീട് വൃത്തിയാക്കാത്തതിനാൽ ദുർഗന്ധം സഹിക്കാനാവുന്നില്ലായിരുന്നു. സ്ത്രീ കുളിക്കാറുമില്ലായിരുന്നു. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസിന് വ്യക്തമായി.
വിവാഹമോചിതയായ ഇവർ 10 വർഷത്തിലധികമായി ഒറ്റക്കാണ് താമസം. പൂച്ചകളാണ് തന്റെ കുടുംബമെന്ന് ഇവർ പറയുന്നു. എം.സി.ഡി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. മൂന്ന് വർഷം മുമ്പ് ജോലി ഉപേക്ഷിച്ചു. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
പൊലീസ് രണ്ട് സൈക്കോളജിസ്റ്റുകളെ വിളിച്ച് സ്ത്രീക്ക് കൗൺസിലിംഗ് നൽകി. വീട് വൃത്തിയാക്കാനും സഹായിച്ചു. കുളിക്കാനും ഭക്ഷണം കഴിക്കാനും നിർദ്ദേശിച്ചു. രാവിലെ താൻ ഓകെ ആയെന്ന് സ്ത്രീ പൊലീസിനെ വിളിച്ചറിയിച്ചു. സാമ്പത്തിക ബാദ്ധ്യതകളെ തുടർന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |