ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു. മരണം 62,000 പിന്നിട്ടു. പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ള കുതിപ്പ് തുടരുകയാണ്. 24 മണിക്കൂറിനിടെ 77,266 പുതിയ കൊവിഡ് രോഗികളാണ് രാജ്യത്തുണ്ടായത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1066 മരണവും റിപ്പോർട്ട് ചെയ്തു.
ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്ന് ആഗോളതലത്തിൽ രണ്ടാമതായി. ഒന്നാമത് അമേരിക്കയാണ്.
അതേസമയം രോഗികളിൽ നാലിൽ മൂന്നുഭാഗവും രോഗമുക്തരായതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 26 ലക്ഷത്തോളം പേരാണ് രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,177 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നിരക്ക് 76.28 ശതമാനമായി ഉയർന്നു. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാൾ 3.5 മടങ്ങ് അധികമാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 21.90 ശതമാനമാണെന്നും മരണനിരക്ക് ക്രമമായി കുറഞ്ഞ് ഇപ്പോൾ 1.82 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനും കർണാടകയിലെ മുൻമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തെ ആകെ പരിശോധനകൾ 4 കോടിയോടടുത്തു. നിലവിൽ 3,94,77,848 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |