മനുഷ്യരെല്ലാരും ഒന്നുപോലെ വാണിരുന്ന മാവേലിനാട്ടിൽ മഹാഭൂരിപക്ഷത്തെ അയിത്തജാതിക്കാരായി മുദ്റകുത്തി അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് ആട്ടിയോടിച്ച നാടുവാഴി തമ്പുരാക്കന്മാരുടെ ദുർഭരണകാലത്താണ് ഭാരതഭൂവിന്റെ തെക്കേയറ്റത്ത് മാറ്റത്തിന്റെ ശംഖനാദവുമായി ശ്രീനാരായണ ഗുരുദേവൻ അവതരിച്ചത്.
'ഒരുവശത്ത് സാമൂഹ്യമായ അവശതകളും അവജ്ഞാപൂർവമായ പെരുമാറ്റവും സഹിക്കവയ്യാതെ ആത്മാഭിമാനം മാത്രമല്ല, മനുഷ്യത്വം പോലും ചോദ്യം ചെയ്യപ്പെട്ട അവർണ സമുദായങ്ങളുടെ ദയനീയാവസ്ഥ. മറുവശത്ത് ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെയും അവരുടെ സാമന്തന്മാരായിത്തീർന്ന നാട്ടുരാജക്കന്മാരുടെയും പിൻബലത്തോടെ മതപ്രചാരണത്തിനെത്തിയ വിദേശപാതിരിമാരുടെ ആകർഷകമായ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും. അതിനിടയിൽപ്പെട്ടുപോയ അവർണവിഭാഗങ്ങൾ സ്വാഭാവികമായും മതപരിവർത്തനത്തിന് നിർബന്ധിതരായിക്കൊണ്ടിരുന്ന കാലത്തായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ ജനനം." എന്ന ഭാരതീയ വിചാരകേന്ദ്രം മുൻ ഡയറക്ടർ, ദിവംഗതനായ പി. പരമേശ്വർജിയുടെ വാക്കുകളാണ് ഇപ്പോൾ ഓർമവരുന്നത്.
വഴിനടക്കുന്നതിനോ വിദ്യ അഭ്യസിക്കുന്നതിനോ പോലും അനുവാദമില്ലാതിരുന്ന, ദുർദേവതകളെ വച്ചാരാധിച്ചും ദുഷ്കർമങ്ങൾ അനുഷ്ഠിച്ചും മൃഗപ്രായരായി കഴിഞ്ഞിരുന്നതുമായ ഒരു സമൂഹത്തിന് ആത്മീയ ഉണർവിലൂടെ, സംഘശക്തിയിലൂടെ, വിദ്യാഭ്യാസപരമായ പ്രബുദ്ധതയിലൂടെ വ്യാവസായികമായ സാമ്പത്തികാഭിവൃദ്ധിയിലൂടെ പുരോഗതിയുടെ പൊൻവെളിച്ചം പകർന്നു നൽകുകയായിരുന്നു ശ്രീനാരായണഗുരുവിന്റെ അവതാരലക്ഷ്യം.
ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് തിരുവനന്തപുരം ജില്ലയിൽ നെയ്യാറിൻതീരത്തെ അരുവിപ്പുറത്ത് തുടങ്ങിവച്ച ആ സാമൂഹ്യ നവോത്ഥാനവിപ്ലവം അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന വേളയിലാണ് ശ്രീനാരായണ ഗുരദേവന്റെ 166-ാമത് ജയന്തി ആഘോഷിക്കുന്നത്. ആഘോഷം എന്ന വാക്ക് ഇന്നത്തെ സാഹചര്യത്തിൽ അനുചിതമാണെന്നറിയാം. പക്ഷേ, ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ഗുരുദേവഭക്തരെ സംബന്ധിച്ചിടത്തോളം എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടെങ്കിലും ഈ ദിനം അവരുടെയുള്ളിൽ ആഘോഷം തന്നെയാണ്.
ഘോഷയാത്രകളും പ്രാർത്ഥനായോഗങ്ങളും മഹാസമ്മേളനങ്ങളും ഇല്ലെങ്കിലും ഓരോരോ മനോരാജ്യത്തിലും ഇന്ന് പീതസാഗരം അലയടിക്കുകതന്നെ ചെയ്യും. വർഗീയതയും സ്വജനപക്ഷപാതവും കൊള്ളയും കൊലയും കൊള്ളിവയ്പുമായി ഭ്രാന്താലയമായിത്തീർന്ന ലോകത്തെ ജാതിഭേദവും മതദ്വേഷവുമില്ലാത്ത വിശ്വസാഹോദര്യത്തിന്റെ ശ്രീകോവിലാക്കുക എന്ന ചുമതലയാണ് ഓരോ ഗുരുദേവഭക്തനിലും അർപ്പിതമായിരിക്കുന്നത്. സമത്വവും സാഹോദര്യവും അവകാശപ്പെടുന്ന ജനാധിപത്യ ലോകത്താണ് നാം ജീവിക്കുന്നതെങ്കിലും രാഷ്ട്രീയാധികാരങ്ങൾ ജന്മാവകാശമായി കൈയടക്കി വച്ചിരിക്കുന്ന ചില സംഘടിത വിഭാഗങ്ങൾക്കു മുമ്പിൽ ബഹുഭൂരിപക്ഷം വരുന്ന അധഃകൃത പിന്നാക്കവിഭാഗങ്ങൾ ഇന്നും അടിമകളാണെന്ന യാഥാർത്ഥ്യം വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ ഗുരുദേവകല്പിതമായ സാമൂഹ്യനീതി പുലരും വരെ നാം കർമനിരതരായിരിക്കേണ്ടതുണ്ട്.
ആർഷഭാരത പരമ്പരയിലെ ആചാര്യന്മാർ കഠിന തപസിലൂടെ ആർജിച്ചെടുത്ത ഈശ്വരീയത അവരവരുടെ ആത്മസാക്ഷാത്കരത്തിനായി വിനിയോഗിച്ചപ്പോൾ കാട്ടിലെ ഏകാന്തവാസമുപേക്ഷിച്ച് നാട്ടിലിറങ്ങി മാനവമോചനത്തിനായി യത്നിച്ചു എന്നതാണ് ഗുരുവിന്റെ പ്രസക്തി.
പട്ടിണിപ്പാവങ്ങളായ മനുഷ്യർക്കിടയിലേക്കിറങ്ങി അവർക്ക് ആശയും ആവേശവും ആത്മവിശ്വാസവും പകർന്ന് പുരോഗതിയുടെ പാതയിലേക്കു നയിക്കാനുള്ള ചരിത്രപരമായ നിയോഗം ഏറ്റെടുത്ത ഗുരു ആയുസും ആത്മതപസും സാമൂഹ്യനന്മയ്ക്കു വേണ്ടിയാണ് ബലിയർപ്പിച്ചത്. കാലത്രയ സമ്പൂർണനായ ഗുരുദേവൻ ലോകത്തിന് പകർന്നു നൽകിയ സന്ദേശങ്ങളെല്ലാം പിൽക്കാലത്ത് മാനവപുരോഗതിയുടെ മഹാമന്ത്രങ്ങളായി മാറിയതും ചരിത്രം.
ഗുരുദേവൻ ഒരു നൂറ്റാണ്ടു മുമ്പ് ജനങ്ങളെ പഠിപ്പിക്കാനും ശീലിപ്പിക്കാനും ശ്രമിച്ചതൊക്കെയും ഇന്ന് ഓരോരുത്തരും സ്വയം അനുഷ്ഠിക്കാൻ നിർബന്ധിതമായിരിക്കുന്നു എന്നതാണ് ഈ ജയന്തി ആഘോഷവേളയിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത്. അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് എല്ലാം തന്റെ കാൽക്കീഴിലാണെന്ന് അഹങ്കരിച്ചിരുന്നവർ പോലും ഒരു കുഞ്ഞൻ വൈറസിനു മുമ്പിൽ പ്രാണരക്ഷാർത്ഥം പരക്കം പായുകയാണ്.
ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് 1888 ൽ 33 വയസ് മാത്രം പ്രായമുണ്ടായിരുന്ന ത്രികാലജ്ഞാനിയും ഈശ്വരസ്വരൂപനുമായ യുവയോഗി അരുവിപ്പുറത്തെ ശിലാഖണ്ഡത്തിൽ കുറിച്ചിട്ട മാനവസാഹോദര്യ മന്ത്രത്തിന്റെ പൊരുളെന്തെന്ന് ലോകം തിരിച്ചറിയുന്നത് ഇപ്പോഴാണ്. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രത്തിന്റെയൊ രാഷ്ട്രീയത്തിന്റെയോ സമ്പത്തിന്റെയോ അതിരുകൾ മനുഷ്യനിർമിതമാണെന്നും പ്രകൃതിക്ക് അത്തരം അതിരുകളൊന്നുമില്ലെന്നും എല്ലാവരും തിരിച്ചറിഞ്ഞു.
രാജാവെന്നോ മന്ത്രിയെന്നോ പ്രജകളെന്നോ ഭേദമില്ലാതെ മനുഷ്യൻ മനുഷ്യനെ മസിലാക്കുന്നു. അകലം പാലിക്കേണ്ടത് ജാതിയുടെയോ വർഗത്തിന്റെയോ പേരിലല്ല, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള വിഷപ്പകർച്ച തടയാൻ മാത്രമാണെന്ന് എല്ലാവരും തിരിച്ചറിയുന്നു. ദൈവങ്ങൾ ദേവാലയത്തിലല്ല, മനുഷ്യഹൃദയങ്ങളിലാണ് കുടികൊള്ളേണ്ടതെന്ന് മനസിലാക്കുന്നു.
കരിയും കരിമരുന്നും പൂരവും പെരുന്നാളും ഉത്സവങ്ങളുമല്ല മാനവസേവയാണ് യഥാർത്ഥ ഈശ്വരാരാധനയെന്നും മുട്ടുകൂടാതെ കിട്ടുന്ന അന്നവസ്ത്രാദികളാണ് യഥാർത്ഥ ഈശ്വരനെന്നും പരിമിതമായ വിഭവങ്ങൾകൊണ്ടും സുഖമായി ജീവിക്കാമെന്നും ലോകത്തിന് ബോദ്ധ്യമായി. അരുളുള്ളവനാണ് ജീവിയെന്നും ശുചിത്വമാണ് ഈശ്വരനെന്നുമൊക്കെയുള്ള ഗുരുവചനങ്ങളും അന്വർത്ഥമായി.''ശുചിത്വമാണ് പ്രധാനം, എല്ലാവരും രാവിലെ അടിച്ചുനനച്ച് കുളിക്കണം കായശുദ്ധിയുണ്ടായാൽ ആഹാരശുദ്ധിയും ഗൃഹശുദ്ധിയുമെല്ലാം അതിൽ നിന്നുണ്ടാകു""മെന്ന് ഗുരു പണ്ടേ കല്പിച്ചിരുന്നു. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പോലും അനാവശ്യമായ ആർഭാടങ്ങളിൽ നിന്നകന്നു നിൽക്കാൻ മനുഷ്യർ സ്വയം ശീലിച്ചു. വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന പത്തുപേരിൽ കുറയാത്തവർ ഒത്തുചേർന്നാലും വിവാഹം സമംഗളം നടക്കുമെന്ന് ഇനി ആരും ആരേയും പഠിപ്പിക്കേണ്ടതില്ല. മരണാനന്തര ചടങ്ങുകളുടെ പേരിൽ, ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ സാമ്പത്തിക ധൂർത്തിന് സമൂഹത്തിൽ തെല്ലും സ്ഥാനമില്ലെന്ന് ബോദ്ധ്യമായി. മരിച്ച ആളിനെ ഉദ്ദേശിച്ച് അടുത്തബന്ധുക്കൾ ഒത്തുചേർന്ന് പത്തുദിവസം പ്രഭാതത്തിൽ കുളിയും മറ്റും കഴിഞ്ഞ് ഈശ്വരനെ പ്രാർത്ഥിച്ചാൽ മതിയെന്ന ഗുരുമൊഴി ഇന്ന് യാഥാർത്ഥ്യമായി.
കൃഷിയെക്കുറിച്ചുള്ള ഗുരുവചനങ്ങളും അന്വർത്ഥമായി. കൃഷി ചെയ്യണം, കൃഷിയാണ് മാനവരാശിയുടെ നിലനില്പിന് ആധാരമെന്നായിരുന്നു ഗുരുകല്പന. അതും ബോദ്ധ്യമാകാൻ കൊവിഡ് തന്നെ വേണ്ടി വന്നെന്നു മാത്രം. മത്സ്യമാംസാദികളും മദ്യവും വർജിക്കണമെന്ന ഗുരുദേവ കല്പന കേട്ട് നെറ്റിചുളിച്ചവർക്കു പോലും അതൊന്നുമില്ലാതെയും ജീവിക്കാമെന്ന് ബോദ്ധ്യമായി.എല്ലാത്തിനുമുപരി സ്നേഹവും ക്ഷമയും സഹനവുമൊക്കെയായി കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും കൊറോണ തന്നെ കാരണമായി.
അരുവിപ്പുറം മുതൽ ഇങ്ങോട്ട് സാന്ദർഭികമായുണ്ടായ നൂറുകണക്കിന് ഗുരുദേവകല്പനകൾ അന്വർത്ഥമായിക്കൊണ്ടിരിക്കുന്ന വേളയിലാണ് 166 -ാമത് ഗുരുദേവ ജയന്തി ആഘോഷം. ഗുരു എന്നാൽ പ്രകാശമാണ്. പ്രകാശം ഈശ്വരനാണ്. മാനവരാശിയുടെ സർവതോമുഖമായ പുരോഗതിക്ക് ശ്രീനാരായണ ഗുരുദേവൻ എന്ന പ്രകാശഗോപുരം എല്ലാവരിലും അനുഗ്രഹവർഷം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |