ആത്മാർത്ഥതയോടെ രാഷ്‌ട്രസേവനം നടത്തിയ പ്രണബ് ദായുടെ വിയോഗം നികത്താനാകാത്ത നഷ്‌ടം. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിവുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം രാഷ്‌ട്രത്തിന് എന്നും അഭിമാനം.
സോണിയാ ഗാന്ധി
-പ്രണബിന്റെ അനുഭവങ്ങളും ഉപദേശങ്ങളുമില്ലാതെയുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിൽ നിന്ന് രാഷ്‌ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. വഹിച്ച ഓരോ പദവികൾക്കും അദ്ദേഹം വ്യത്യസ്‌ത മാനങ്ങൾ നൽകി.
മൻമോഹൻസിംഗ്:
യു.പി.എ സർക്കാരിൽ പ്രണബുമായി അടുത്തു പ്രവർത്തിച്ച സമയത്ത് അദ്ദേഹത്തിന്റെ ബുദ്ധിയും അറിവും അനുഭവങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എനിക്ക് ഏറെ തുണയായിരുന്നു.
മുഖ്യമന്ത്രി അനുശോചിച്ചു
ഇന്ത്യയുടെ യശസ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു പ്രണബ് മുഖർജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴും വ്യക്തിമുദ്രകൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്റുവിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ പിൻമുറക്കാരനായിരുന്ന പ്രണബ് മുഖർജി, സമൂഹത്തിൽ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടർത്തുന്നതിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു. മുഖർജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്.
ഉമ്മൻചാണ്ടി അനുശോചിച്ചു
പ്രണബ് മുഖർജിയുടെ നിര്യാണത്തോടെ കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് നഷ്ടപ്പെട്ടതെന്നും സമാനതകളില്ലാത്ത, നേതാവാണ് അദ്ദേഹമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അഞ്ചു പതിറ്റാണ്ട് കോൺഗ്രസ് പ്രസ്ഥാനത്തിനും കോൺഗ്രസ് സർക്കാരുകൾക്കും സംരക്ഷണം തീർത്ത പ്രണബ് മുഖർജിയുടെ വിടവാങ്ങൽ വലിയ ശൂന്യത സൃഷ്ടിച്ചു. 2004ൽ എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ പകരക്കാരനെ കണ്ടെത്താൻ പ്രണബ് മുഖർജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് സോണിയാഗാന്ധി നിയോഗിച്ചത്. അവർ എല്ലാ എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സോണിയാഗാന്ധിയുടെ അനുമതിയോടെ തന്റെ പേരു പ്രഖ്യാപിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടി ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ നിയോഗിക്കുന്ന തുറുപ്പുചീട്ടായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |