അജിത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ
പെരുമ്പാവൂർ: ഗുരുദേവ കൃതിയായ ദൈവദശകം പെൻസിൽ മുനമ്പിൽ കൊത്തിയെടുത്ത് പെരുമ്പാവൂർ അശമന്നൂർ സ്വദേശി അജിത് എം. ജയൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി.
മൈക്രോ ആർട്ടിസ്റ്റായ അജിത് 13.3 മണിക്കൂർകൊണ്ട് 41 പെൻസിലുകളിലായാണ് ദൈവദശകം പൂർത്തിയാക്കിയത്. ഒരു സമ്പൂർണ കൃതി പെൻസിലിൽ കൊത്തിയെടുക്കുന്നത് രാജ്യത്ത് ഇതാദ്യം. പെൻസിൽത്തുമ്പിൽ ചിത്രങ്ങളും പേരുകളും കൊത്തിയെടുത്ത് ശ്രദ്ധനേടിയ അജിത്, ഗുരുദേവ ദർശനത്തിൽ ആകൃഷ്ടനായാണ് ദൈവദശകം പകർത്തിയത്.
ലാലിന്റെ കഥാപാത്രങ്ങൾ
മോഹൻലാലിന്റെ ജന്മദിനത്തിന് താരത്തിന്റെ 60 കഥാപാത്രങ്ങളുടെ പേരുകൾ 60 കലാകാരന്മാരോടൊപ്പം ചേർന്ന് പെൻസിൽ മുനമ്പിൽ കൊത്തിയെടുത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ അജിത് പങ്കുവച്ചിരുന്നു. കെ.എസ്. ചിത്രയുടെ ജന്മദിനത്തിന്, ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത നന്ദനം സിനിമയിലെ കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന ഗാനം പെൻസിലിൽ കൊത്തിയെടുത്ത് സമർപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ, 1974 മുതലുള്ള സന്ദേശങ്ങൾ കോർത്തിണക്കിയുള്ള പെൻസിൽ കാർവിംഗ് പ്രകടനവും ശ്രദ്ധേയമായി.
ഓൺലൈൻ വ്ലോഗും
ഒക്കൽ ഐ.ടി.ഐയിലെ താത്കാലിക അദ്ധ്യാപകനായിരുന്ന അജിത് ഇപ്പോൾ വീട്ടിൽ ട്യൂഷനെടുത്താണ് ജീവിക്കുന്നത്. യൂട്യൂബ് വഴി പി.എസ്.സി ഓൺലൈൻ ക്ലാസുകളും തന്റെ വ്ലോഗിലൂടെ മൈക്രോ ആർട്സ് ക്ലാസും എടുക്കും. ഓൺലൈൻ ക്ലാസുകൾ സൗജന്യം. മൈക്രോ ആർട്സിൽ നിരവധി ശിഷ്യന്മാർ അജിത്തിനുണ്ട്. അശമന്നൂർ എസ്.എൻ.ഡി.പി ശാഖാംഗമായ അജിത് കുന്നത്തുനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റ് സമിതിയിലും ഗവ. പോളിടെക്‌നിക് കോളേജ് പെരുമ്പാവൂർ നാഷണൽ സർവീസ് സ്‌കീമിലും സജീവ സാന്നിദ്ധ്യമാണ്. ഈ രംഗത്ത് കൂടുതൽ റെക്കാഡുകൾ നേടാനുള്ള തയ്യാറെടുപ്പിലാണ് അജിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |