കൊച്ചി: ഒരിടവേളയ്ക്ക് ശേഷം എസ്.ബി.ഐ വീണ്ടും ജീവനക്കാർക്കായി സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്) നടപ്പാക്കുന്നു. ജീവനക്കാരുടെ എണ്ണം കുറച്ച്, ചെലവുചുരുക്കലാണ് ലക്ഷ്യം. 25 വർഷത്തെ സേവനം പൂർത്തിയാക്കിയവരും 55 വയസ് തികഞ്ഞവരുമായ ജീവനക്കാർക്ക് വി.ആർ.എസ് തിരഞ്ഞെടുക്കാം. ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ - 1 മുതൽ ടോപ് എക്‌സിക്യൂട്ടീവ് ഗ്രേഡ് സ്‌കെയിൽ - 1 വരെയുള്ള 11,565 പേരും ക്ളെറിക്കൽ, സബ് - സ്‌റ്റാഫ് തസ്‌തികയിലെ 18,625 പേരും വി.ആർ.എസിന് അർഹരാണ്. വി.ആർ.എസ് തിരഞ്ഞെടുക്കുന്നവർക്ക് തുടർന്നുള്ള സേവനകാലയളവിലെ ശമ്പളത്തിന്റെ 50 ശതമാനം ആനുകൂല്യം (എക്‌സ്-ഗ്രേഷ്യ) ലഭിക്കും. പരമാവധി 18 മാസത്തെ ശമ്പളമാണ് ലഭിക്കുക. ഈ വർഷം ഡിസംബർ ഒന്ന് മുതൽ ഫെബ്രുവരി വരെയുള്ള മൂന്ന് മാസക്കാലമായിരിക്കും അപേക്ഷിക്കേണ്ട സമയം. അർഹരായവരിൽ 30 ശതമാനം പേർ വി.ആർ.എസ് തിരഞ്ഞെടുത്താൽ തന്നെ 2,170 കോടി രൂപ ചെലവിനത്തിൽ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാർച്ച് 31ലെ കണക്ക് പ്രകാരം രണ്ടരലക്ഷം ജീവനക്കാരാണ് എസ്.ബി.ഐയ്ക്കുള്ളത്. 2017ൽ, എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനവേളയിൽ എസ്.ബി.ഐ വി.ആർ.എസ് പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |