ബംഗളൂരു: റേഷൻ കാർഡ് ഉടമകൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാൻ റൈസ് ഡിസ്‌പെൻസിംഗ് മെഷീനുകളുമായി കർണാടക സർക്കാർ. റൈസ് എ.ടി.എമ്മുകൾ എന്നാണിവ അറിയപ്പെടുക. റേഷൻ കടകൾക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാനും 24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമാണ് ഇവ സ്ഥാപിക്കുന്നതെന്ന് കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ പറഞ്ഞു.
കൊവിഡ് ലോക്ക്ഡൗണിനിടെ ഇന്തോനീഷ്യയും വിയറ്റ്നാമും റൈസ് എ.ടി.എമ്മുകൾ സ്ഥാപിച്ച് ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയിരുന്നു. ആ മാതൃകയാണ് കർണാടകയും പിന്തുടരുന്നത്. പരീക്ഷണാർത്ഥം രണ്ട് റൈസ് എ.ടി.എമ്മുകൾ ആദ്യം സ്ഥാപിക്കും. പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വ്യാപിപ്പിക്കും.
പകൽ സമയത്ത് ജോലിക്ക് പോകേണ്ടതിനാൽ റേഷൻ കടകളിൽ പോകാൻ സമയം ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ മുന്നിൽക്കണ്ടാണ് പദ്ധതി. നൂറ് കിലോയും 500 കിലോയും വീതം അരി സംഭരിക്കാൻ ശേഷിയുള്ള രണ്ടുതരം മെഷീനുകളാവും സ്ഥാപിക്കുക. മെഷീനിൽ നാണയമിട്ടാൽ ആവശ്യക്കാർക്ക് നിശ്ചിത അളവിൽ ധാന്യം ലഭിക്കും.
ബാങ്ക് എ.ടി.എമ്മുകളിലേതിന് സമാനമായ ബയോമെട്രിക് സംവിധാനമോ സ്മാർട്ട് കാർഡോ ഗുണഭോക്താക്കൾക്ക് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.
കർണാടക സർക്കാർ കുടിവെള്ള എ.ടി.എമ്മുകൾ നേരത്തെതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു. 20 ലിറ്റർ മിനറൽ വാട്ടർ അഞ്ച് രൂപയ്ക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |