തിരുവനന്തപുരം: ഇരുപത്തെട്ട് വർഷം മുൻപ് എല്ലാമെല്ലാമായ ഏകമകൻ നാടുവിട്ടുപോയതോടെ ഇനിയൊരു ഓണമില്ലെന്ന് തീർച്ചപ്പെടുത്തിയ രാജേന്ദ്രനും ഭാര്യ രാധയ്ക്കും മറക്കാനാവാത്ത ഓണമൊരുക്കി കൗമുദി ടി.വിയിലെ ഓ മൈ ഗോഡ് സംഘം. ഒഴിഞ്ഞ കുപ്പികൾ പെറുക്കി വിറ്ര് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ തകർന്ന് വീഴാറായ വീട്ടിൽ ജീവിതം തള്ളിനീക്കുന്ന എൺപത്തഞ്ചുകാരനായ രാജേന്ദ്രന്റെയും രാധയുടെയും കദനകഥ കേട്ടറിഞ്ഞാണ് ഓ മൈ ഗോഡ് സംഘം സർപ്രൈസുമായെത്തിയത്. ഒരു മാസത്തെ അദ്ധ്വാനത്തിൽ നിന്ന് രാജേന്ദ്രന് കിട്ടുന്നത് വെറും 200 രൂപ. കൊവിഡ് പിടിമുറുക്കിയതോടെ അതുമില്ല. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ രാജേന്ദ്രന്റെ ആനാട് വഞ്ചുവം പുത്തൻകരിക്കകം വീട്ടിലെത്തിയ ഒരു പരിചയക്കാരൻ അടുത്തുള്ള വഴിയിൽ കുറെ കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നു എന്നറിയിക്കുന്നതോടെയാണ് സർപ്രൈസ് കഥ തുടങ്ങുന്നത്. അത് പെറുക്കാനെത്തിയ രാജേന്ദ്രനു മുന്നിൽ ആക്രിപെറുക്കുന്ന തൊഴിലാളികളുടെ വേഷത്തിൽ ഓ മൈ ഗോഡ് അവതാരകരായ സാബുവും ഫ്രാൻസിസും എത്തി. രാജേന്ദ്രനുമായി തർക്കിക്കുന്ന അവർ തുടർന്ന് വർത്തമാനം പറഞ്ഞ് സുഹൃത്തുക്കളാകുന്നു.
വീട്ടിൽ വന്നാൽ ഊണ് കിട്ടുമോയെന്ന് ചോദിച്ച അവതാരകരോട് അവിടെ കഞ്ഞിയേയുള്ളൂ അത് തരാമെന്ന് രാജേന്ദ്രന്റെ മറുപടി. അവതാരകരെയും കൂട്ടി വീട്ടിലെത്തുമ്പോഴാണ് തന്റെ വീടാകെ മാറിയ കാഴ്ച രാജേന്ദ്രൻ കാണുന്നത്. പൂക്കൾ കൊണ്ട് അലങ്കരിച്ച വീട്, അത്തപ്പൂക്കളമിടുന്ന സ്ത്രീകൾ, സദ്യയൊരുക്കുന്ന പാചകക്കാർ, കാഴ്ചകൾ കാണാനെത്തിയ നാട്ടുകാർ... തുടർന്ന് അവതാരകർ തന്നെ ഓണ പ്രോഗ്രാമിന്റെ സർപ്രൈസാണിതെന്ന് വ്യക്തമാക്കുന്നു. രാജേന്ദ്രനും രാധയും ഓ മൈ ഗോഡ് സംഘം നൽകിയ ഓണക്കോടിയണിഞ്ഞ് സദ്യ ഉണ്ണാനിരുന്നു. മുപ്പതാം വയസിൽ ഒന്നും പറയാതെ മകൻ പടിയിറങ്ങിപ്പോയ ശേഷമുള്ള ആദ്യത്തെ ഓണസദ്യ.
പച്ചക്കറികളും പലവ്യഞ്ജനങ്ങളും വീട്ടുപകരണങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നൽകിയാണ് സംഘം മടങ്ങിയത്. തകർന്ന് വീഴാറായ വീടിന് ദിവസങ്ങൾക്കുള്ളിൽ മേൽക്കൂര നിർമ്മിച്ചു നൽകാം എന്ന ഉറപ്പും നൽകി.
രാജേന്ദ്രന്റെ കുടുംബത്തെ സഹായിക്കാൻ തയ്യാറുള്ള സുമനസുകൾക്കായി ബാങ്ക് ഒഫ് ഇന്ത്യ ചുള്ളിമാനൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 852210110003941. IFSC CODE - BKID 0008522.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |