തിരുവനന്തപുരം: വിദേശത്ത് ചികിത്സയിലായിരുന്നപ്പോൾ ഇലക്ട്രോണിക് ഫയലിംഗ് വഴി ഫയലുകളിൽ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് ആരോപിച്ച ഫയലിലെ ഒപ്പ് തന്റേതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒപ്പുവിവാദം അങ്ങേയറ്റം ഗൗരവമുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് ലീഗും ബി.ജെ.പിയും ഒക്കച്ചങ്ങാതിമാരായതു കൊണ്ടാണെന്ന് ആരോപിക്കുകയും ചെയ്തു.
2013 ആഗസ്റ്റ് 24 മുതൽ സംസ്ഥാനത്ത് ഫയൽ പ്രോസസിംഗിന് ഇ-ഓഫീസ് സോഫ്റ്റ്‌വെയർ ആകാമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്. 2018 സെപ്തംബർ ആറിന് 39 ഫയലുകളാണ് ഒപ്പിട്ട് തിരിച്ചയച്ചത്. മലയാളഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലിൽ മാത്രമല്ല അന്നൊപ്പുവച്ചത്. മുഖ്യമന്ത്രി വിദേശത്തായതിനാൽ ഫയലുകൾ കെട്ടിക്കിടക്കുന്നെന്ന കെ.സി. ജോസഫിന്റെ പ്രസ്താവനയ്ക്ക് അന്നു നൽകിയ വിശദീകരണത്തിൽ, ഫിസിക്കൽ
ഫയലുകളുൾപ്പെടെ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റി അയച്ച് തീരുമാനമെടുത്തതായി അറിയിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് പുറത്തുവിട്ട ഫയലിലെ തീയതി സെപ്തംബർ 9 ആണെന്ന് വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഇവിടെ നിന്ന് തനിക്കയച്ചുകിട്ടിയ തീയതിയാണ് ആറ് എന്നായിരുന്നു മറുപടി.
തന്റെ ഐ പാഡ് ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. "ഇത് (ഐപാഡ്) ഞാനും യാത്രാവേളകളിൽ ഉപയോഗിക്കാറുണ്ട്." പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും നാമമാത്ര ചടങ്ങുകളായി സംഘടിപ്പിക്കാനും അതിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം ഉറപ്പാക്കാനും നിർദ്ദേശിച്ചുള്ള ഫയലാണിത്.
ആ ഘട്ടത്തിൽ എല്ലാ ദിവസവും ഫയലുകൾ ഇത്തരത്തിൽ അയയ്ക്കുമായിരുന്നു. അതെല്ലാം നോക്കി അംഗീകരിക്കാവുന്നവ അംഗീകരിച്ച് തിരിച്ചയച്ചിട്ടുമുണ്ട്. ഒപ്പിൽ യാതൊരു വ്യാജവുമില്ല.
കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തെപ്പറ്റി ചോദിച്ചപ്പോഴാണ് ഒക്കച്ചങ്ങാതിമാർ പറയുമ്പോൾ എങ്ങനെ ഏറ്റെടുക്കാതിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ബി.ജെ.പി പറഞ്ഞാലുടൻ ഏറ്റുപിടിക്കണമെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ടാകും. യു.ഡി.എഫ് ഇപ്പോൾ അങ്ങനെയൊരു നിലയാണല്ലോ സ്വീകരിച്ചിരിക്കുന്നത്. ആദ്യം ബി.ജെ.പി പറയുക, പിന്നീട് അതിന് ബലം കൊടുക്കാൻ യു.ഡി.എഫ് ഇടപെടുക.
ആരോപണമുന്നയിച്ചയാൾക്ക് ഇതിന്റെ സാങ്കേതികത്വം അറിയാതെ വന്നിട്ടുണ്ടാകാം. പക്ഷേ ദീർഘകാലം മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി അത് അറിയാതിരിക്കാനിടയില്ല. കോൺഗ്രസിനെക്കാൾ വാശിയോടെ ലീഗാണ് ചില കാര്യങ്ങളിൽ ബി.ജെ.പിയെ സഹായിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിന്റെ പൊതുസംസ്കാരമായി അത് മാറിയ സ്ഥിതിക്ക് ഞങ്ങൾ മുൻപന്തിയിൽ നിൽക്കണമെന്ന് ലീഗിന് തോന്നുന്നുണ്ടാകും.
ഫയൽ ചോർച്ച പരിശോധിക്കും
2018ലെ ഫയൽ ബി.ജെ.പി നേതാവിന്റെ കൈയിൽ കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കും. 2018ലേതായതിനാൽ ഗവേഷണം നടത്തി കണ്ടെത്തിയതായിരിക്കുമല്ലോ. തീരെ അറിയാത്ത കാര്യമായിരിക്കില്ല. ആരോപണമുന്നയിക്കുമ്പോൾ കുറച്ചു നേരത്തേക്കെങ്കിലും പുകമറ ഇരിക്കട്ടെയെന്ന് ഉദ്ദേശിച്ചിട്ടുണ്ടാകും. 2018ൽ ചോർന്നതല്ല ഫയൽ. ഇപ്പോൾ എവിടെനിന്നോ എടുത്തതാണ്. ഈ ഫയൽ രഹസ്യരേഖയല്ല. എങ്കിലും ഏതുവഴിക്കാണ് പോയതെന്ന് പരിശോധിക്കും - മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |