കോഴിക്കോട്: സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അഭിഭാഷകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ശ്രീജിത്ത് പെരുമനക്കെതിരെ അദ്ധ്യാപിക സായി ശ്വേത മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകി. മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞ് ഓൺലൈൻ ക്ലാസെടുത്ത് പ്രശസ്തയായ അദ്ധ്യാപികയാണ് സായി ശ്വേത.
ശ്രീജിത്ത് പെരുമന സിനിമാ ഓഫറുമായി സമീപിപ്പിച്ചപ്പോൾ തത്ക്കാലം അഭിനയിക്കുന്നില്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായി സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി സിനിമാ സംഘടനകൾക്കും നൽകിയിട്ടുണ്ട്. ഒരാൾ എന്ത് ചെയ്യണം, ചെയ്യേണ്ടെന്ന് തീരുമാനിക്കാനുള്ള മൗലികാവകാശത്തെ ചോദ്യം ചെയ്തുള്ള വ്യക്തിഹത്യയാണ് തനിക്കെതിരെ ഉണ്ടായത്. ആവശ്യപ്പെടുന്നത് അനുസരിച്ചില്ലെങ്കിൽ സമൂഹമാദ്ധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തി അപമാനിക്കാമെന്ന് ചിലർ ജന്മാവകാശം പോലെ കരുതുകയാണ്. വിദ്യാസമ്പന്നരെന്ന് കരുതുന്നവർ പോലും ഇങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്നും സായി ശ്വേത ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
എന്നാൽ സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു. സുഹൃത്ത് നിർമ്മിക്കുന്ന സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ധ്യാപികയെ സമീപിച്ചപ്പോൾ അപക്വമായ സമീപനമാണ് നേരിട്ടത്. അവരുടെ മീഡിയ മാനേജരെന്ന് പരിചയപ്പെടുത്തിയ വ്യക്തിയിൽ നിന്നുൾപ്പടെ നേരിട്ട അനുഭവങ്ങളും വൈറൽ താരോദയങ്ങളുടെ സാമൂഹിക ജീവിതവും സംബന്ധിച്ച് സമൂഹമാദ്ധ്യമത്തിൽ എഴുതിയ കുറിപ്പാണ് അദ്ധ്യാപികയെ അപമാനിച്ചെന്ന തരത്തിൽ പ്രചരിക്കപ്പെടുന്നതെന്ന് ശ്രീജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |