കൊച്ചി: 'വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം" എന്ന സന്ദേശവുമായി ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം പത്തിന് വീടുകളിൽ നടക്കുമെന്ന് ബാലഗോകുലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുന്നോടിയായി ഞായറാഴ്ച അയ്യായിരം ഗോകുലം പ്രദേശങ്ങളിലടക്കം സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ പതാകദിനമായി ആചരിക്കും. അതിജീവനത്തിന്റെ സന്ദേശം പകർന്ന് അന്ന് വീടുകളിൽ കാവിപതാക ഉയർത്തും. താലൂക്ക് തലങ്ങളിൽ കൃഷ്ണലീലാകലോത്സവം ഓൺലൈനായി നടക്കും. വീടുകളിൽ കൃഷ്ണകുടീരങ്ങളൊരുക്കി കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട്, ഭജനസന്ധ്യ, ദീപക്കാഴ്ച തുടങ്ങിയവ സംഘടിപ്പക്കും.
ശ്രീകൃഷ്ണജയന്തി ദിനമായ പത്തിന് ബാലികാബാലൻമാർ രാധാകൃഷ്ണവേഷമണിഞ്ഞ് കേരളീയവേഷം ധരിച്ച മാതാപിതാക്കൾക്കൊപ്പം വിശ്വശാന്തിക്കായി പ്രാർത്ഥിച്ചും ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിച്ചും വീടുകളിലെ കൃഷ്ണകുടീരങ്ങൾക്ക് മുന്നിൽ ദീപക്കാഴ്ച ഒരുക്കും.
ബാലഗോകുലം ബാലസംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് എം.ടി. വാസുദേവൻ നായർ നൽകും.
വാർത്താസമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന ഖജാൻജി പി. വിജയരാഘവൻ, മേഖലാ അദ്ധ്യക്ഷൻ ജി. സതീശ്കുമാർ, കാര്യദർശി മനോജ് നായിക്ക്, കൊച്ചി മഹാനഗർ അദ്ധ്യക്ഷൻ വിനോദ് ലക്ഷ്മൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |