തിരുവനന്തപുരം: കായികപരിശീലനം അടക്കം ആവശ്യമുള്ള യൂണിഫോം തസ്‌തികകളിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി രണ്ടു വർഷമാക്കണമെന്ന് ഉദ്യോഗാർത്ഥികൾ. ഇതിനായി മുഖ്യമന്ത്രിക്ക് യുവജന സംഘടനകളും ഉദ്യോഗാർത്ഥികളും നിവേദനം നൽകും. മൂന്നു വർഷമെടുത്താണ് പരീക്ഷയും മറ്റും പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പക്ഷേ, കാലാവധി ഒരു വർഷം മാത്രം. നിയമനം ലഭിക്കുന്നത് കുറച്ചുപേർക്കു മാത്രം.
സിവിൽ പൊലീസ്, സിവിൽ എക്സൈസ് ഓഫീസർ, ഫയർ മാൻ തുടങ്ങിയ ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാത്തതിനാൽ പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് ജോലി സാദ്ധ്യത ഇല്ലാതായത്. 77-ാം റാങ്ക് നേടി എക്സൈസ് ഓഫീസർ നിയമനം പ്രതീക്ഷിച്ചിരുന്ന കാരക്കോണം സ്വദേശി അനു ജോലി കിട്ടാതെ ജീവനൊടുക്കിയതാണ് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചത്.
സിവിൽ പൊലീസ് തസ്തികയിലേക്ക് 2017ൽ നോട്ടിഫിക്കേഷൻ വന്നെങ്കിലും റാങ്ക് പട്ടിക വന്നത് 2019 ജൂലായ് ഒന്നിനാണ്. നിയമനം ആരംഭിച്ചത് 2020 ഫെബ്രുവരിയിലും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സെന്ററിൽ നടന്ന എഴുത്തുപരീക്ഷയിലെ കോപ്പിയടിയെ തുടർന്ന് അഞ്ചുമാസത്തോളം ലിസ്റ്റുകൾ മരവിപ്പിച്ചു. കൊവിഡ് കാരണം മൂന്നുമാസം നിയമനമുണ്ടായില്ല. ഇതെല്ലാം ഒരുവർഷം മാത്രം ആയുസ്സുള്ള പട്ടികയിൽ ഇടംനേടിയ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി.
ജൂൺ 30 ന് കാലാവധി അവസാനിച്ച പട്ടികയിൽനിന്ന് 5601 പേർക്കാണ് നിയമനം നൽകിയത്. മൂന്നിലൊന്ന് നിയമനം പോലും നടന്നില്ല. കഴിഞ്ഞ വർഷം 924 വനിതകൾക്ക് ജോലി ലഭിച്ചിരുന്നു. ഈ വർഷം വനിതകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
പൊലീസ് , എക്സൈസ് തസ്തികളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി മുമ്പ് മൂന്ന് വർഷമായിരുന്നു. ഒരു വർഷമാക്കിയ തീരുമാനം തിരുത്തണം.
-അഭിജിത് സി.എസ്ഉദ്യോഗാർത്ഥി
(തിരുവനന്തപുരം )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |