ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ തുറമുഖത്തിന് സമീപം സൈന്യം സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. വ്യാഴാഴ്ച സൈനിക ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നാല് കണ്ടെയ്നറുകളിലായി സൂക്ഷിച്ചിരുന്ന 4.35ടണ്ണോളം അമോണിയം നൈട്രേറ്റാണ് കണ്ടെത്തിയത്.
191 പേരുടെ മരണത്തിനിടയാക്കിയ അതീതീവ്ര സ്ഫോടനത്തിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും ഈ മേഖലയിൽ അമോണിയം നൈട്രേറ്റ് കണ്ടെത്തിയിരിക്കുന്നത്.2013 മുതൽ സൂക്ഷിച്ചിരുന്ന 3000 ത്തോളം ടൺ അമോണിയം നൈട്രേറ്റാണ് ബെയ്റൂട്ടിലെ വൻ സ്ഫോടനത്തിന് ഇടയാക്കിയത്. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്ഫോടകവസ്തുശേഖരം ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചാണ് സൈന്യം പരിശോധനയ്ക്കെത്തിയത്. അമോണിയം നൈട്രേറ്റ് കണ്ടെത്തിയതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്ഫോടനത്തിന് ശേഷം ഈ മേഖലയിൽ നിന്ന് 20 ഓളം കണ്ടെയ്നറുകളിലുണ്ടായിരുന്ന അമോണിയം നൈട്രേറ്റ് സുരക്ഷിതമായി നീക്കം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |