തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിറുത്തിയും , സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികൾക്ക് വിപുല പ്രചാരം നൽകിയും തിരഞ്ഞെടുപ്പുകൾക്ക് തയാറെടുക്കാൻ സി.പി.എം. സ്വർണക്കടത്ത് മുൻനിറുത്തിയടക്കമുള്ള രാഷ്ട്രീയാരോപണ വിവാദങ്ങൾ സർക്കാരിനുണ്ടാക്കിയ പ്രതിച്ഛായാനഷ്ടം മറികടക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പരിപാടികൾക്ക് ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രൂപം നൽകി.
കോൺഗ്രസിന്റെ അക്രമരാഷ്ട്രീയചരിത്രം തുറന്നുകാട്ടുന്നതിന് ,അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനമായ 23ന് പാർട്ടി ഏരിയാ കേന്ദ്രങ്ങളിൽ എം.എൽ.എമാരും തദ്ദേശ ജനപ്രതിനിധികളുമടക്കമുള്ളവരുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും.
നാട്ടിലെ സമാധാനാന്തരീക്ഷം കോൺഗ്രസ് തകർക്കുന്നത് വികസനത്തെ അട്ടിമറിക്കാനാണെന്ന് യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താലേഖകരോട് പറഞ്ഞു. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ വച്ച് വെഞ്ഞാറമൂട്ടിൽ രണ്ട് പ്രവർത്തകരെ വെട്ടിക്കൊന്നത് കോൺഗ്രസിന്റെ അപചയമാണ്. കായംകുളത്ത് സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലും കോൺഗ്രസുകാർ പ്രതികളായി. യു.ഡി.എഫും കോൺഗ്രസും എല്ലാ വിഷയത്തിലും നിഷേധാത്മക നിലപാടാണെടുക്കുന്നത്. കേരളത്തിനർഹതപ്പെട്ട ആനുകൂല്യങ്ങൾ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നിഷേധിക്കുമ്പോൾ കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുന്നു.
88ലക്ഷം കുടുംബങ്ങൾക്ക് സൗജന്യഭക്ഷ്യക്കിറ്റും, നാല് ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പും, ഭക്ഷ്യസ്വയംപര്യാപ്തതയും, 76ലക്ഷം കുടുംബങ്ങൾക്ക് സാമൂഹ്യസുരക്ഷാ പെൻഷനുമടക്കമുള്ള പദ്ധതികളോട് യു.ഡി.എഫിന്റെ നിലപാടെന്താണ്? യു.ഡി.എഫിനേക്കാൾ നല്ലത് വിശപ്പിന്റെ പ്രശ്നം കൈകാര്യം ചെയ്യുന്ന എൽ.ഡി.എഫ് സർക്കാരാണെന്ന ചിന്ത ജനങ്ങളിൽ ശക്തിപ്പെടുന്നു. . 30,000 ഐ.ടി ബിരുദധാരികൾക്ക് തൊഴിൽ നൽകി. ഇത്തരം വിഷയങ്ങളൊന്നും ചർച്ചയാവാതിരിക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ പോവാതെ വികസന അജൻഡയുമായി സർക്കാർ മുന്നോട്ട് പോകും. ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ 16000 കോടി സംസ്ഥാനത്തിന് നഷ്ടപ്പെടുമ്പോൾ കടമെടുക്കാനാണ് കേന്ദ്രം പറയുന്നത്. സംസ്ഥാന താല്പര്യത്തിനെതിരായ ബി.ജെ.പി സർക്കാരിന്റെ നീക്കത്തോട് കോൺഗ്രസ് പ്രതികരിക്കുന്നില്ല. എൽ.ഡി.എഫിന് തുടർഭരണമുറപ്പായതോടെ അതട്ടിമറിക്കാനാണ് ശിഥിലീകരണശക്തികൾ ഇറങ്ങിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ആശയവിനിമയത്തിന് ഭവനസന്ദർശനങ്ങളും കുടുംബയോഗങ്ങളും നടത്തും..
വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കുടുംബങ്ങളെ അനാഥമാക്കില്ല. എല്ലാ സഹായങ്ങളും പാർട്ടി ചെയ്യും. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് പാർട്ടി വഹിക്കുമെന്നും കോടിയേരി പറഞ്ഞു.
ജോസിന്റെ ഇടതു പ്രവേശന സൂചന നൽകി സി.പി.എം
തിരുവനന്തപുരം: കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം ഏറെക്കുറെ ഉറപ്പിച്ച മട്ടിലുള്ള സൂചനകൾ പുറത്തുവിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരായി ജോസ് കെ.മാണി നിലപാടെടുത്തതിന്റെ പേരിൽ അവർ വഴിയാധാരമാവില്ലെന്നും, തെരുവിലാകില്ലെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി. ജോസ് കെ.മാണിയോട് നിഷേധാത്മക നിലപാടില്ല. അവർ കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാട് കൂടി പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.അവരുമായി ചർച്ച നടത്തിയിട്ടില്ല. ആവശ്യമെങ്കിൽ ചർച്ച ചെയ്യും.
ഇക്കാര്യത്തിൽ സി.പി.ഐയുടെ നിലപാടിനെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോൾ, ഓരോ പാർട്ടിക്കും വ്യത്യസ്ത നിലപാടുകളുണ്ടാകുമെന്നും എല്ലാ പാർട്ടികളും കൂടിയാലോചിച്ചാവും മുന്നണി തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു. സി.പി.എമ്മും സി.പി.ഐയുമാണ് എൽ.ഡി.എഫിന്റെ ശക്തി. ഇന്നത്തെ സാഹചര്യത്തെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തണം, എങ്ങനെ യു.ഡി.എഫിനെ ദുർബലപ്പെടുത്തണംഎന്നീ കാര്യങ്ങളിൽ യോജിച്ച തീരുമാനമുണ്ടാവും..നേരത്തേ പടിയടച്ച് പിണ്ഡം വച്ച യു.ഡി.എഫിനിപ്പോൾ ജോസ് കെ.മാണി വേണ്ടപ്പെട്ടവനായി. ജോസിന്റെ പിന്നാലെ നേതാക്കൾ തുരുതുരാ പോവുകയല്ലേ. ജോസിനോട് എന്ത് നിലപാടെടുക്കണമെന്നറിയാൻ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ കാണാൻ പ്രതിപക്ഷ നേതാവ് പോയില്ലേ. യു.ഡി.എഫിലെ സൂപ്പർനേതാവായി കുഞ്ഞാലിക്കുട്ടി മാറുന്നു. ഇത്ര പരിഹാസ്യമായ അവസ്ഥ കോൺഗ്രസിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ. ജോസ് കെ.മാണിക്ക് ചിഹ്നം കിട്ടിയപ്പോഴാണ്, ഇങ്ങോട്ട് കടക്കാൻ പറ്റില്ലെന്ന് പറഞ്ഞവർ പിന്നാലെ നടക്കുന്നത്. എന്നാൽ, ജോസിന് വാതിൽ തുറക്കില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞിട്ടുണ്ട്. ആ സ്ഥിതിക്ക് ജോസും ജോസഫും ഒരുമിച്ച് യു.ഡി.എഫിലുണ്ടാകില്ലെന്ന് വ്യക്തമായി- കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |