തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിന്റെ അന്വേഷണത്തിന് പൊലീസിനെ സഹായിക്കാൻ 13 സെക്രട്ടേറിയറ്റ് ജീവനക്കാരെ കൂടി നിയോഗിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആവശ്യപ്രകാരമാണിത്. തീപിടിത്തമുണ്ടായ പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലെ ജീവനക്കാരടക്കം കൂട്ടത്തിലുണ്ട്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകരാണ് ഇവരെന്നും ആക്ഷേപമുണ്ട്. കത്തിയ ഫയലുകൾ പരിശോധിക്കാനും തരംതിരിക്കാനും ഭാഗികമായി കത്തിയവ സ്കാൻ ചെയ്ത് സൂക്ഷിക്കാനുമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സഹായം പൊലീസ് തേടിയത്.