2008ൽ ബംഗളൂരുവിൽ ഒരു ഫാഷൻ ഷോ നടക്കുന്നു, അതിൽ പങ്കെടുക്കാനെത്തിയ പഞ്ചാബി സുന്ദരിയായ രാഗിണി ദ്വിവേദിയുടെ മേൽ കർണാടകയിലെ കുടക് സ്വദേശിയായ ഫാഷൻ ഡിസൈനർ പ്രസാദ് ബിദപയുടെ കണ്ണ് പതിഞ്ഞു. ലാക്മെ അടക്കമുള്ള വിവിധ ഫാഷൻ ഷോകളുടെ വിധകർത്താവ് കൂടിയായിരുന്ന രാഗിണിയെ പ്രസാദ് പരിചയപ്പെട്ടു. ആ കൂടിക്കാഴ്ചയിൽ പ്രസാദ് രാഗിണിയോട് മോഡലിംഗിൽ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. ആദ്യം ഒഴിഞ്ഞുമാറിയ രാഗിണിയെ തേടി വീണ്ടും പ്രസാദിന്റെ ഫോൺ വിളിയെത്തി. ചുരുങ്ങിയ കാലം കൊണ്ട് കന്നഡ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത രാഗിണി ദ്വിവേദി എന്ന താരറാണിയുടെ വളർച്ചയുടെ തുടക്കമായിരുന്നു അത്. 12 വർഷങ്ങൾക്കിപ്പുറം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി കന്നഡ സിനിമയുടെ നായികാപദവിയിൽ നിന്നുള്ള രാഗിണിയുടെ അപ്രതീക്ഷിത വീഴ്ച മറ്റൊരു ചരിത്രം കൂടി രചിക്കപ്പെടുകയാണ്.
പഞ്ചാബിൽ ജനിച്ച് ബംഗളൂരുവിൽ വളർന്നു
1990 മേയ് 24ന് പഞ്ചാബിലായിരുന്നു രാഗിണിയുടെ ജനനം. അച്ഛൻ രാകേഷ് കുമാർ ദ്വിവേദി ഇന്ത്യൻ സൈന്യത്തിൽ കേണലായിരുന്നു. അമ്മ വീട്ടമ്മയും. സഹോദരൻ രുദ്രാക്ഷ് ദ്വിവേദി. പഞ്ചാബിലാണ് ജനനമെങ്കിലും രാഗിണി പഠിച്ചതും വളർന്നതും ഇലക്ട്രോണിക് നഗരമായ ബംഗളൂരുവിൽ. പഠനത്തോടൊപ്പം മോഡലിംഗ് ആഗ്രഹവും കൊണ്ടുനടന്ന രാഗിണിയുടെ ലക്ഷ്യം സിനിമയുടെ മായിക ലോകമായിരുന്നു. ബംഗളൂരു നഗരം അതിനും വിത്തും വളവുമേകി. 2008ൽ ഹൈദരാബാദിൽ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി. 2009ൽ മുംബയിൽ നടന്ന പാന്റ്ലൂൻസ് ഫെമിന മിസ് ഇന്ത്യ മത്സരത്തിലേക്ക് അത് വഴിതുറന്നു. ഏറ്റവും മനോഹരമായ മുടിയുള്ള മത്സരാർത്ഥിക്കുള്ള പുരസ്‌കാരം അന്ന് രാഗിണിക്ക് ലഭിച്ചു. പിന്നീട് പ്രമുഖ ബോളിവുഡ് ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്ര, രോഹിത് ബാൽ, സബ്യസാചി മുഖർജി തുടങ്ങിയവരുടെ മോഡലാകാനുള്ള അവസരവും രാഗിണിയെ തേടിയെത്തി.
സ്വപ്‌നതുല്യ അരങ്ങേറ്റം
2009ൽ 19ാം വയസുള്ളപ്പോൾ വീര മടകരി എന്ന സിനിമയിലൂടെയാണ് കന്നഡയിൽ രാഗണിയുടെ അരങ്ങേറ്റം. വിക്രമാർകുഡു എന്ന തെലുങ്ക് ആക്ഷൻ കോമഡി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. ഈച്ച എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ കിച്ച സുദീപായിരുന്നു ഈ ചിത്രത്തിൽ രാഗിണിയുടെ നായകൻ. സ്വപ്‌നതുല്യമായ അരങ്ങേറ്റം ലഭിച്ച രാഗിണിയുടെ ഈ സിനിമ ആ വർഷത്തെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നായിരുന്നു. അതേവർഷം ഗോകുല എന്ന സിനിമയിൽ ചെറിയ വേഷത്തിലും രാഗിണി എത്തി. 2010ൽ അഞ്ച് സിനിമകളിലാണ് രാഗിണി അഭിനയിച്ചത്. മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന സിനിമയിലൂടെ മലയാളത്തിലും രാഗിണി അരങ്ങേറി.
2011ൽ വീണ്ടും കിട്ട സുദീപ് സംവിധാനം ചെയ്ത 'കെംപെഗൗഡ' എന്ന ചിത്രം രാഗണിക്ക് വലിയൊരു ബ്രേക്കാണ് സമ്മാനിച്ചത്. ഈ സിനിമയിലെ അഭിനയം ഏറ്റവും മികച്ച തെന്നിന്ത്യൻ നടിക്കുള്ള ഫിലിംഫെയർ അവാർഡിന് പരിഗണിക്കുന്നത് വരെ കൊണ്ടെത്തിച്ചു. കല്ല മല്ല സുല്ല, കാഞ്ചന എന്നീ സിനിമകളിലൂടെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് രാഗിണി തെളിയിച്ചു. കല്ല മല്ല സുല്ലയിലെ തുപ്പാ ബേകു തുപ്പ എന്ന പാട്ട് സൂപ്പർഹിറ്റായിരുന്നു. 2012ലാണ് രാഗിണിയുടെ രാശി തെളിയുന്നത്. കന്നഡ സിനിമയിലെ പ്രമുഖ നടന്മാരുടെയാക്കെ നായികയായി രാഗിണി അരങ്ങുവാണു. ആരക്ഷക എന്ന സിനിമയിൽ ഉപേന്ദ്രയ്ക്കൊപ്പവും ശിവ എന്ന സിനിമയിൽ ശിവരാജ് കുമാറിനൊപ്പവും രാഗിണി ആടിത്തിമിർത്തു. ഈ രണ്ട് ചിത്രങ്ങളിലെയും പ്രകടനം രാഗണിക്ക് വിമർശക ശ്രദ്ധ നേടിക്കൊടുത്തു. അതേവർഷം വില്ലൻ എന്നൊരു സിനിമയും രാഗിണിയുടേതായി പുറത്തിറങ്ങി.
ഗ്ളാമറിന് പരിധി വച്ചില്ല
കന്നഡ സിനിമ നടിമാരുടെ ഗ്ളാമറിന് അമിത പ്രാധാന്യം കൊടുത്തിരുന്ന സിനിമാ മേഖലയായിരുന്നു. അതിനാൽ തന്നെ തന്റെ സിനിമകളിൽ ഗ്ളാമറിന് പരിധി വയ്ക്കാൻ രാഗിണിയും തയ്യാറായില്ല. ഇത് ചെറുപ്പത്തിൽ തന്നെ രാഗിണിക്ക് നിരവധി വേഷങ്ങൾ സമ്മാനിച്ചു. കന്നഡയെ കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും രാഗിണിക്ക് അവസരം വന്നുചേർന്നു. സംവിധായകരെക്കാൾ നിർമ്മാതാക്കളുടെ നടിയായി രാഗിണി മാറി. രാഗിണിയുടെ ഗ്ളാമർ കാണാൻ വേണ്ടി മാത്രം ആരാധകർ തിയേറ്ററുകളിൽ ഇടിച്ചു കയറുന്ന അവസ്ഥ. ഇതോടെ രാഗിണി പ്രതിഫലവും ഉയർത്തി. ഒരു സിനിമയ്ക്ക് 50 ലക്ഷം രൂപ വരെയാണ് രാഗിണി പ്രതിഫലം വാങ്ങിയിരുന്നത്. കന്നഡയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി രാഗിണി ക്ഷണത്തിൽ മാറുകയും ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2014ൽ തിയേറ്ററുകളിലെത്തിയ രാഗിണി ഐ.പി.എസ് എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ കരുത്തുറ്റ പൊലീസ് ഓഫീസറായെത്തിയ രാഗിണിക്ക് ഗ്ലാമറിൽ നിന്ന് ബ്രേക്ക് ലഭിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയർ നോമിനേഷൻ രാഗിണിയെ തേടിയെത്തി.
ആരാധകരുടെ ക്ളബ്
തെന്നിന്ത്യൻ നടി ഖുശ്ബുവിന് ശേഷം സ്വന്തം പേരിൽ ആരാധകരുടെ ക്ളബ്ബുള്ള ഏക ഇന്ത്യൻ നടിയും രാഗിണിയാണ്. സിനിമയ്ക്കൊപ്പം നിരവധി ഉൽപന്നങ്ങളുടെ ബ്രാൻഡ് അംബാസറുമായിരുന്നു രാഗിണി.തമിഴിൽ ജയം രവി നായകനായ 'നിമിർന്തു നിൽ' അടക്കം രണ്ട് ചിത്രങ്ങളിലും തെലുഗുവിൽ നാനി നായകനായ 'ജണ്ഡ പൈ കാപിറഗു' എന്ന ചിത്രത്തിലും അഭിനയിച്ചു. 'അദ്യക്ഷ ഇൻ അമേരിക്ക'യാണ് രാഗിണിയുടെ റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം. 2019ൽ പുറത്തിറങ്ങിയ ഈ സിനിമ രാഗിണിയുടെ കരിയറിലെ 25ാമത്തെ ചിത്രമായിരുന്നു. ബോളിവുഡ് ചിത്രമായ ആർ.രാജ്കുമാറിലടക്കം നിരവധി ചിത്രങ്ങളിൽ ഐറ്റം ഡാൻസറായും വേഷമിട്ടു.
മലയാളികൾക്കും പരിചിത
2010ൽ മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന സിനിമയിലൂടെ രാഗിണി മലയാളത്തിൽ അരങ്ങേറി. ചിത്രത്തിൽ ഗണേഷ് വെങ്കിടരാമന്റെ ജോഡിയായിരുന്നു രാഗിണിയുടെ വേഷം. പിന്നീട് മമ്മൂട്ടി നായകനായ ഫേസ് ടു ഫേസ് എന്ന സിനിമയിലും അഭിനയിച്ചു.
വൻ വീഴ്ച
സിനിമാജീവിതത്തിൽ നിന്ന് ഏപ്പോഴോ ഒരിക്കൽ കാൽ തെറ്റിയാണ് രാഗിണി ലഹരിയുടെ ചെളിക്കുണ്ടിലേക്ക് വീണത്. സുഹൃത്തുക്കൾക്കും പോലും രാഗിണിയുടെ ജീവിതത്തിന്റെ ഈ മറുവശത്തെ കുറിച്ച് അറിയില്ല. മയക്കുമരുന്ന് കേസിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് രാഗിണിയെ അറസ്റ്റ് ചെയ്തപ്പോൾ ആരാധകരും സിനിമാരംഗത്തുള്ളവരുമെല്ലാം മുമ്പൊരിക്കൽ രാഗിണി പറഞ്ഞ വാക്കുകളാണ് ഓർമ്മിച്ചെടുത്തത്. സിനിമാരംഗത്ത് പത്ത് വർഷം പൂർത്തിയാക്കിയപ്പോൾ രാഗിണി പറഞ്ഞതിങ്ങനെ: 'സിനിമയുടെ നല്ലതും ചീത്തയും വൃത്തികെട്ടതുമായ വശം നേരിട്ട് കണ്ടും അനുഭവിച്ചിട്ടുമുണ്ട്. 10 വർഷം സിനിമാ ലോകത്ത് നിലനിന്നുപോരുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയും വൃത്തികെട്ടതുമായ ഭാഗങ്ങൾ കണ്ടു. അതിലൊന്നും തളരാതെ മുന്നോട്ട് പോവാൻ സാധിച്ചതിന് കാരണം തോറ്റുകൊടുക്കൻ മനസില്ലാത്തതും നെഗറ്റിവിറ്റിയിൽ തളർന്നു പോവാത്തതുമാണ്. ആ നിലയിൽ ഞാനൊരു പോരാളിയാണ്".
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |