യുവാക്കളുടെ ചങ്കിടിപ്പായ പബ്‌ജി മൊബൈൽ ഗെയിം ഐ.ടി മന്ത്രാലയം നിരോധിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്. ചൈനയുടെ 117 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനമുണ്ട്. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായതിനാൽ നിരോധിക്കുന്നെന്നാണ് വിശദീകരണമെങ്കിലും ചൈന ആവർത്തിക്കുന്ന പ്രകോപനത്തിനുള്ള ശക്തമായ മറുപടിയാണ് നിരോധനം. ലോകത്ത് ഏറ്റവും പ്രചാരമുള്ള അഞ്ച് ഗെയിമുകളിലൊന്നാണ് പബ്‌ജി. ഇന്ത്യയിൽ മാത്രം 3.3 കോടിയിലധികം പേർ ഉപയോഗിക്കുന്നു എന്നാണ് കണക്ക്.
അതിനിടെ പബ്‌ജി നിരോധിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ ഒരു കൂട്ടം ചെറുപ്പക്കാർ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത് കൗതുകമായി. 'ഞങ്ങടെ ഉയിരാം പബ്‌ജിയെ ഇല്ലാതാക്കാൻ നോക്കുന്നോ, ചങ്കാണേ ചങ്കിടിപ്പാണേ പബ്‌ജി ഞങ്ങൾക്കുയിരാണേ’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് അവർ പ്രകടനം നടത്തിയത്.
ഇനി നമ്മുടെ ഫൗ-ജി
പബ്‌ജി മൊബൈൽ ഗെയിം നിരോധനത്തെ തുടർന്ന് ഫസ്റ്റ് പഴ്സൻ ഷൂട്ടർ ഗെയിം പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഫൗ - ജി ( FAU - G ) എന്നാണ് പുതിയ ഗെയിം ആപ്പിന്റെ പേര്. ഫിയർലെസ് ആൻഡ് യുണൈറ്റഡ് ഗാർഡ്സ് എന്നതാണ് ഫൗജിയുടെ പൂർണരൂപം. പ്രധാനമന്ത്രിയുടെ ആത്മനിർഭർ പദ്ധതിയ്ക്കുള്ള പിന്തുണയായാണ് അക്ഷയ് ഈ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.ഗെയിമിൽ നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കു വേണ്ടി കേന്ദ്രസർക്കാർ രൂപീകരിച്ച ഭാരത് കേ വീർ ട്രസ്റ്റിലേക്കു സംഭാവന ചെയ്യുമെന്നും അക്ഷയ് കുമാർ ട്വീറ്റിൽ പറഞ്ഞു. ബെംഗളൂരു കമ്പനിയായ എൻകോർ ഗെയിംസ് ഒരുക്കുന്ന സൗജന്യ ഗെയിം ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും എത്തും.
നാല് ഇല
വില നാലുലക്ഷം
നാല് ഇലയുള്ള കുഞ്ഞൻചെടി. പേര് ഫിലോഡെൻഡ്രോൺ മിനിമ. പേരിലെ ലാളിത്യം വിലയിലില്ല. നാല് ലക്ഷം രൂപയ്ക്കാണ് ന്യൂസിലൻഡിൽ ഈ അപൂർവയിനം ചെടി വിറ്റു പോയത്. റാഫിഡൊഫോറ ടെട്രാസ്‌പെർമ (Rhaphidophora tetrasperma) എന്ന വിഭാഗത്തിൽപ്പെടുന്നതാണ് ഈ അലങ്കാരച്ചെടി.ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും നിറമുള്ള ഈ ചെടിയ്ക്ക് വേണ്ടി ന്യൂസിലൻഡിലെ പ്രമുഖ വ്യാപാര വെബ്‌സൈറ്റായ 'ട്രേഡ് മീ'യിൽ വലിയ ലേലം വിളിയാണ് നടന്നത്. നാനാവർണത്തിലുള്ള ചെടികൾ അപൂർവമാണെന്നതിനപ്പുറം വളരെ പതുക്കെയാണ് ഇവയുടെ വളർച്ചയെന്നതും ഇവയെ പ്രിയങ്കരമാക്കുന്നു. പ്രകൃത്യാ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ ഇൻഡോർ പ്ലാന്റിന് ആരാധകരേറെയാണ്. ഇലകളിലെ ഹരിതകമാണ് പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നത്. വളർച്ചയ്ക്കും ചെടിയുടെ പരിപാലനത്തിനും ആവശ്യമായ വിവിധ ഗ്ലൂക്കോസുകൾ ഉത്പാദിപ്പിക്കപ്പെടുന്നത് ഇലകളിലെ പച്ച നിറമുള്ള ഭാഗത്താണ്.
അലക്സിയുടെ ഉള്ളിലെത്തിയ
വിഷം 'നോവിചോക്
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയ്ക്ക് നോവിചോക് നെർവ് ഏജന്റ് എന്ന രാസായുധത്തിന്റെ വിഷബാധയാണ് ഏറ്റതെന്ന് ജർമൻ സർക്കാർ. ഒരു മിലിട്ടറി ലബോറട്ടിയിൽ നടത്തിയ പരിശോധനയിലാണ് അലക്സിയുടെ ഉള്ളിലെത്തിയത് നോവിചോക് ഗ്രൂപ്പിൽപ്പെട്ട വിഷമാണെന്ന് കണ്ടെത്തിയത്. അലക്സിയ്ക്ക് വിഷം കൊടുത്തത് തന്നെയെന്ന് അലക്സിയെ ചികിത്സിക്കുന്ന ബെർലിനിലെ ചാരിറ്റി ഹോസ്പിറ്റൽ അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.44 കാരനായ അലക്‌സി നവലാനി ഇപ്പോൾ കോമയിലാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിറുത്തിയിരിക്കുന്നത്. അതേസമയം ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
സൈബീരിയയിലേക്ക് പോകുന്നതിനിടെയാണ് അലക്‌സി നവലാനിയെ വിമാനത്തിൽ വെച്ച് അബോധാവസ്ഥയിൽ കണ്ടെത്തുന്നത്
എണ്ണക്കപ്പലിൽ
തീപിടിത്തം
കുവൈറ്റിൽ നിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്ക് ക്രൂഡ് ഓയിലുമായി വരുകയായിരുന്ന ഇന്ത്യയുടെ കൂറ്റൻ എണ്ണക്കപ്പലിന് തീപിടിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. 2,70,000 ടൺ ക്രൂഡ് ഓയിലാണ് ടാങ്കറിലുണ്ടായിരുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് ഓയിൽ കൊണ്ടുവരാൻ ചാർട്ടർ ചെയ്തതാണ് ദി ന്യൂ ഡയമണ്ട് എന്ന കൂറ്റൻ ടാങ്കർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |