ചുവന്ന ബലൂണിൽ തൂങ്ങി ആകാശത്ത് പാറി പറക്കുക!... 1956ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രമായ 'ദി റെഡ് ബലൂണി'ൽ (Le Ballon Rouge) കേന്ദ്രകഥാപാത്രമായ കൊച്ചുകുട്ടിയുടെ വലിയ ആഗ്രഹമാണിത്. പാം ഡി ഓർ അടക്കം നിരവധി അവാർഡുകൾ സിനിമയ്ക്ക് ലഭിച്ചെങ്കിലും ബലൂണിൽ പറക്കൽ മാത്രം നടന്നില്ല. പക്ഷേ, സിനിമ കണ്ട 'ഡെയർ ഡെവിൾ' ഡേവിഡ് ബ്ലെയ്‌ന്റെ മനസിൽ ആഗ്രഹം കയറിപ്പറ്റി. ബലൂണിൽ ആകാശത്ത് പറക്കണം. അതുമാത്രമായി ചിന്ത. കഴിഞ്ഞദിവസം സ്വപ്നം യാഥാർത്ഥ്യമാക്കി, ലോകത്തെ മുഴുവൻ അമ്പരപ്പിച്ച് 47കാരനായ ബ്ളെയ്ൻ ബലൂണിൽ ആകാശം തൊട്ടു.
അതും 24,600 അടി ഉയരത്തിൽ!.
52 ഹീലിയം ബലൂണിലായിരുന്നു ബ്ളെയ്ന്റെ സാഹസിക പ്രകടനം. അരിസോണ മരുഭൂമിയ്ക്ക് മുകളിലൂടെ 7.6 കിലോമീറ്റർ ഉയരത്തിൽ പറന്ന ബ്ളെയ്ന്റെ പ്രകടനം യൂട്യൂബിൽ തത്സമയം ലക്ഷങ്ങൾ വീക്ഷിച്ചു.
ആദ്യം സ്വന്തം പട്ടണമായ ന്യൂയോർക്ക് സിറ്റിയിൽ വച്ച് സ്റ്റണ്ട് നടത്താനായിരുന്നു ബ്ളെയ്ൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പരിപാടി മാറ്റി. അരിസോണ മരൂഭൂമിയിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ ബ്ലെയ്ൻ പറക്കൽ തുടങ്ങി. ഏകദേശം 18,000 അടിവരെ ഉയരാമെന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ ബലൂണുകൾ 24,000 അടി ഉയരത്തിൽ ഡേവിഡ് ബ്ലെയ്‌നെ എത്തിച്ചു. ഒരു മിനിറ്റിൽ 500 അടി ഉയരത്തിലേക്ക് ബലൂണുകൾ പറന്നുകയറി. ഏകദേശം 8,000 അടി ഉയരത്തിലെത്തിയപ്പോൾ തന്നെ ബ്ലെയ്ൻ തന്റെ പാരച്യൂട്ട് റെഡിയാക്കിയിരുന്നു. 24,900 അടി ഉയരത്തിലെത്തിയപ്പോൾ അദ്ദേഹം ബലൂണുകളിൽ കൈ അയച്ചു. ശേഷം, ഒരു പാരച്യൂട്ട് ഉപയോഗിച്ച് ബ്ലെയ്ൻ സ്‌കൈ ഡൈവ് ചെയ്ത് താഴെ ഇറങ്ങുകയായിരുന്നു. സ്റ്റണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്നു.
അഭിമാനത്തോടെ മകൾ
ഇങ്ങ്, 24,000 അടി താഴെ ഭൂമിയിൽ നിന്ന് ബ്ലെയ്ന്റെ ഒമ്പത് വയസുകാരി മകൾ ഡെസ അച്ഛന്റെ പ്രകടനം കാണുന്നുണ്ടായിരുന്നു. പറന്നിറങ്ങിയ ഉടനെ അദ്ദേഹം മകളോട് പറഞ്ഞു: 'ഞാൻ നിന്നെ സ്‌നേഹിക്കുന്നു. ഇതെല്ലാം നിനക്കുള്ളതാണ്.'' ശേഷം മാദ്ധ്യമങ്ങളോടായി ബ്ളെയ്ൻ പറഞ്ഞു.
'ഇത് ഭ്രാന്താണെന്ന് തോന്നുന്നു. സാധാരണയായി എനിക്ക് എല്ലാ കാര്യത്തിലും നിയന്ത്രണമുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇവിടെ എനിക്ക് ഒന്നിലും നിയന്ത്രണമുണ്ടായിരുന്നില്ല' അദ്ദേഹം പറഞ്ഞു
അസെൻഷൻ 2020
'അസെൻഷൻ 2020" എന്ന് പേരിട്ട പ്രകടനത്തിന് വേണ്ടി വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകളാണ് ബ്ളെയ്ൻ നടത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി തന്റെ ഏറ്റവും പുതിയ സ്റ്റണ്ടിനായി തയ്യാറെടുക്കുകയാണെന്ന് ഡേവിഡ് ബ്ലെയ്ൻ പറഞ്ഞു. അതിനായി പൈലറ്റിന്റെ ലൈസൻസും വാണിജ്യ ബലൂൺ പൈലറ്റിന്റെ ലൈസൻസും നേടി. സ്റ്റണ്ടിന് മുമ്പായി സ്കൈ ഡൈവ് ചെയ്യാൻ പഠിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രകടനത്തിനൊടുവിൽ അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതനായി നിലത്തിറങ്ങുകയായിരുന്നു.
ലോകം ആരാധിക്കുന്ന
'ഡെയർ ഡെവിൾ"
ലോകം അരാധിക്കുന്ന മഹാമാന്ത്രികനും എൻഡ്യൂറൻസ് ആർട്ടിസ്റ്റുമാണ് ഡേവിഡ് ബ്ലെയിൻ. 1997 ൽ തന്റെ 27- ാം വയസിലാണ് ബ്ലെയിൻ സ്ട്രീറ്റ് മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ ലോകശ്രദ്ധ നേടിയത്. വിസ്മയിപ്പിക്കുന്ന കൈയടക്കവും ശൈലിയുമായി അവിടെത്തുടങ്ങിയ ജൈത്രയാത്ര ടെലിവിഷൻ ഷോകളിലൂടെയും തത്സമയ സാഹസിക പ്രകടനങ്ങളിലൂടെയും ഇന്നും തുടരുന്നു. ബ്ലെയിനിന്റെ ശാന്തവും ഗൂഢവുമായ അവതരണ ശൈലി, മുത്തശ്ശി കഥകളിലെ മഹാമാന്ത്രികർ നേരിട്ട് അവതരിച്ചതു പോലെയുള്ള അനുഭവമാണ് പ്രേക്ഷർക്ക് നൽകുന്നത്. ബ്ലെയിനിന്റെ തെരുവ് മാജിക്ക് ഷോകളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത് , മാന്ത്രികന്റെ പ്രകടനത്തിൽ വിസ്മയിക്കുകയും ഞെട്ടുകയും ചെയ്യുന്ന വഴിയാത്രക്കാരുടെ രസകരമായ പ്രതികരണങ്ങളാണ്. മാജിക്ക് മാൻ, വാട്ട് ഈസ് മാജിക്ക് , റിയൽ ഓർ മാജിക്ക്, ബിയോണ്ട് മാജിക്ക് എന്നീ ഷോകളിലൂടെ തുടർന്ന മാന്ത്രികയാത്ര , എ.ബി സി. ചാനലിലെ 'ദി മാജിക്ക് വേ' എന്ന ഷോയിൽ എത്തി നിൽക്കുകയാണ്. മകൾ ഡെസയും ഈ ഷോയിൽ മാജിക്ക് അവതരിപ്പിക്കുന്നുണ്ട്.
റെക്കാർഡുകളേറെ
ഇതിന് മുമ്പും ലോകത്തെ ഞെട്ടിച്ച, മനുഷ്യർക്ക് അസാദ്ധ്യമെന്ന് കരുതിയ നിരവധി പ്രകടനങ്ങൾ ബ്ളെയ്ൻ നടത്തിയിട്ടുണ്ട്.
1999 ൽ ഭൂമിക്കടിയിൽ ഏഴുദിവസം ഒരു പ്ലാസ്റ്റിക് ബോക്‌സിൽ ബ്ളെയിനെ കുഴിച്ചിട്ടിരുന്നു. അതിന് മുകളിൽ മൂന്ന് ടൺ വെള്ളം നിറച്ച ടാങ്ക് സ്ഥാപിച്ചിരുന്നു.
2000 ൽ ടൈം സ്‌ക്വയറിൽ സ്ഥാപിച്ച ഒരു വലിയ ഐസ് ക്യൂബിനുള്ളിൽ 64 മണിക്കൂറോളം ചെലവഴിച്ചു.
2002ൽ 100 അടി ഉയരവും 22 ഇഞ്ച് വ്യാസവുമുള്ള തൂണിന്റെ മുകളിൽ 35 മണിക്കൂർ നിന്നു.
2003ൽ ലണ്ടനിൽ തേംസ് നദിക്ക് കുറുകെ തൂക്കിയിട്ട ഒരു പെട്ടിയിൽ ഭക്ഷണമില്ലാതെ 44 ദിവസം ജീവിച്ചു.
2006ൽ ന്യൂയോർക്കിലെ ലിങ്കൺ സെന്ററിന് മുന്നിൽ എട്ട് അടി വ്യാസമുള്ള വെള്ളം നിറഞ്ഞ ഗോളത്തിൽ ഏഴുദിവസം മുങ്ങിക്കിടന്നു.
ഓപ്ര വിൻഫ്രി ഷോയിൽ 17 മിനിട്ട് നാലര സെക്കൻഡ് വെള്ളത്തിനടിയിൽ കഴിഞ്ഞതിന് ഗിന്നസ് റെക്കാർഡും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |