ഇന്ത്യയുടെ ഡിജിറ്റൽ ഭൂമികയിൽ ചൈനീസ് സാന്നിദ്ധ്യത്തിന് തടയിടാനുള്ള മൂന്നാമത്തെ നീക്കമാണിപ്പോൾ കേന്ദ്രം നടത്തിയിരിക്കുന്നത് . ആദ്യം ജൂൺ മാസത്തിൽ 59 ചൈനീസ് ആപ്പുകളും, ജൂലായിൽ, അവയുടെ' ക്ലോൺ 'പതിപ്പുകളായ 47 ആപ്പുകളും നിരോധിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ 118 ആപ്പുകൾ കൂടി നിരോധിച്ചിരിക്കുന്നു. ഓൺലൈൻ ഗെയിമുകൾ, ഡേറ്റിംഗ് സൈറ്റുകൾ, ഓൺലൈൻ പണമടവ് സേവനങ്ങൾ, സെർച്ച് സങ്കേതങ്ങൾ, സന്ദേശവാഹക മാദ്ധ്യമങ്ങൾ, സെൽഫി എഡിറ്റിംഗ് സോഫ്‌ട് വെയർ തുടങ്ങിയുള്ള തുറകളിൽപ്പെട്ടവയാണ് ഇപ്പോൾ നിരോധിക്കപ്പെട്ടിട്ടുള്ള ആപ്പുകൾ.
നാടുകടത്തപ്പെട്ട ആപ്പുകളിൽ ഏറ്റവും ഉയർന്ന ജനപ്രീതി ഉണ്ടായിരുന്നത് 'പബ്‌ജി ' എന്ന ഓൺലൈൻ വീഡിയോ ഗെയിമിനാണ്. ഒട്ടനേകം കളിക്കാർ തമ്മിലുള്ള 'രാജകീയ പോരാട്ട'ത്തിന് കളമൊരുക്കുന്ന ഡിജിറ്റൽ തട്ടകങ്ങളുടെ ഗണത്തിൽപ്പെടുന്ന ആപ്പാണിത്. ആകാശത്തുനിന്നും വിസ്തൃതമായ ഒരിടത്തേക്ക് ഇറക്കപ്പെടുന്ന കളിക്കാർ തങ്ങളുടെ പക്കലുള്ള പരിമിതമായ പടക്കോപ്പുകൾ, ബുദ്ധിയോടെയും തന്ത്രങ്ങളോടെയും വിനിയോഗിച്ചുകൊണ്ട് മറ്റുള്ളവരെ ഇല്ലാതാക്കി മുന്നേറാൻ ശ്രമിക്കുന്ന കളിയാണിത്. യുദ്ധം മുറുകുന്ന മുറയ്‌ക്ക് കളിയിടം ക്രമാനുഗതമായി ചുരുങ്ങി വരികയും, ഏറ്റവുമൊടുവിൽ വിജയശ്രീലാളിതനായി തീരുന്ന കളിക്കാരനു മാത്രം ചവിട്ടി നിൽക്കാൻ പാകത്തിൽ ആയിത്തീരുന്നതോടെ കളി അവസാനിക്കുന്നു. കളിക്കാർക്കും കാണികൾക്കും ഇഷ്ടവിനോദമായിത്തീർന്ന പബ്‌ജി ലോകത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന വിനോദ ആപ്പാണ്. ഈ ഗെയിമിന്റെ വരിക്കാരിൽ നാലിലൊന്നും (അഞ്ചു കോടി) ഇന്ത്യയിലാണ്. ഏറ്റവും വലിയ കമ്പോളം ഇന്ത്യയായതു കൊണ്ടുതന്നെ ഈ മൊബൈൽ ആപ്പിന്റെ ഉടമസ്ഥരായ ചൈനയിലെ ടെൻസെന്റ് കമ്പനിക്ക് വലിയ വരുമാന നഷ്ടമാണ് ഈ നിരോധനം മൂലം ഉണ്ടാകുന്നത്. 5000 കോടി രൂപയുടെ നഷ്ടമെന്നാണ് ഒരു കണക്ക് പറയുന്നത്. വിലക്ക് ഏർപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസം ഓഹരി വിലയിലുണ്ടായ ഇടിവ് മൂലം, കമ്പനിയുടെ കമ്പോള മൂല്യത്തിൽ 1400 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.
2017 ൽ ഇന്ത്യയിലെത്തിയ പബ്‌ജിക്ക് ഇവിടെ വലിയ ജനസമ്മതി നേടാനായെങ്കിലും ഗുരുതരമായ ആരോപണങ്ങൾക്കും അത് വിധേയമായി. ഉപഭോക്താക്കളിൽ ഒരുതരം ലഹരി ശീലമായി അത് പടർന്നു കയറുന്നു എന്നതാണ് ഒരു ആക്ഷേപം. വിദ്യാർത്ഥികളുടെ പഠനശീലങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. ഗെയിമിൽ ഏർപ്പെടുന്നവർ അക്രമം, ക്രൂരത തുടങ്ങിയുള്ള അധമ വാസനകൾക്ക് വിധേയരാകുന്നു എന്ന വിമർശനവുണ്ടായി. ഈ ആപ്പിന്റെ സ്വാധീനം മൂലം ചിലരെങ്കിലും ആത്മഹത്യ പോലുള്ള തെറ്റായ വഴികളിലേക്ക് നീങ്ങി. എന്നാൽ, പബ്‌ജിയുടെ തിരോധാനം ഒരുപാട് പേരുടെ ജീവനോപാധി ഇല്ലാതാക്കി എന്ന ആവലാതിയും കേൾക്കുന്നുണ്ട്. ലക്ഷക്കണക്കിനാളുകൾ ഈ മാദ്ധ്യമത്തെ ഒരു വിനോദ ഉപാധി എന്ന നിലയിൽ ഉപയോഗിക്കുന്നവരാണെങ്കിലും വലിയൊരു വിഭാഗം പ്രൊഫഷണൽ കളിക്കാരും ഈ ഗെയിമിന് ഉണ്ട്. കളിയിൽ പ്രാവീണ്യം നേടിയവർ ഗെയിം കമ്പനികളുമായുള്ള കരാറുകളിലൂടെയും, അതല്ലാതെ സ്വതന്ത്രമായും കളിയിലേർപ്പെടുക വഴി ലക്ഷത്തിലേറെ രൂപ മാസ വരുമാനം ഉണ്ടാക്കുന്നുണ്ട്. അർദ്ധ- പ്രൊഫഷണലുകളായ കളിക്കാർക്കും 25000 - 30000 രൂപയുടെ മാസവരുമാനം ലഭിക്കുന്നുണ്ട്. പ്രധാന കളിക്കാർക്ക് യൂ ട്യൂബ് ചാനലുകൾ തന്നെയുണ്ട്. ലൈവ് ആയി കളി കാണാനുള്ള അവസരമൊരുക്കുക വഴി കാണികളുടെ വൻനിരയും അതിലൂടെയുള്ള വരുമാനവും നേടാൻ കഴിയുന്നു.
സാധാരണ ഗെയിമുകൾക്ക് പുറമേ വലിയ ടൂർണമെന്റുകളും പബ്‌ജി നടത്തുന്നുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ വർഷം ഒരു കോടി രൂപ സമ്മാനത്തുകയുള്ള ടൂർണമെന്റ് നടന്നു. ആഗോളതലത്തിൽ പബ്‌ജി നടത്തിയ ടൂർണമെന്റിലെ സമ്മാനത്തുക 20 ലക്ഷം ഡോളറായിരുന്നു. ആപ്പുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് സംസാരിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞത് ഇത് രാജ്യത്തിനകത്തുള്ള ആപ്പുകളുടെ നിർമ്മിതിക്കും വികാസത്തിനും പ്രചോദനം ആകുമെന്നാണ്. ഇപ്പോൾത്തന്നെ പബ്‌ജിക്ക് സമാനമായ ചില ആപ്പുകൾ ഇവിടെ രൂപപ്പെട്ടു വരുന്നുണ്ട്. 'Raji :An ancient epic' എന്നതാണ് ഒരു സ്വദേശീയ ഗെയിം. രാജി എന്ന കൊച്ചു പെൺകുട്ടി ദുർദേവതകളെ തോല്‌പിച്ച് മനുഷ്യരാശിയെ രക്ഷിക്കുന്ന ഗെയിമാണിത്. 'അന്തരീക്ഷ സമാചാർ' എന്നതാണ് മറ്റൊരു ദേശീയ ആപ്പ്. ഗണിതശാസ്ത്ര വിശാരദനായ ശ്രീനിവാസ രാമാനുജൻ ജന്മനാടായ മധുരയിൽ നിന്നും അന്യഗ്രഹത്തിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ഈ ഗെയിമിന്റെ ഇതിവൃത്തം. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള 'അസുര'എന്ന ആപ്പിന്റെ ഉള്ളടക്കം പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പബ്‌ജിയുടെ നിരോധനം, രാജ്യത്തെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഗെയിം ആപ്പുകളുടെ നിർമ്മിതിക്കും വികസനത്തിനും വഴിയൊരുക്കുമെന്ന അഭിപ്രായമുണ്ട്.
സ്വന്തമായി ആപ്പുകൾ ഡിസൈൻ ചെയ്യുന്നതും വികസിപ്പിച്ചെടുക്കുന്നതും ജനസമ്മതി നേടിയെടുക്കുന്നതും ഏറെ ക്ലേശകരവും കൂടുതൽ സമയം എടുക്കുന്നതുമായ പ്രക്രിയകളാണ്. ചൈനീസ് മാദ്ധ്യമങ്ങളെ സ്വന്തം രാജ്യത്തിന്റെ വരുതിയിലാക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ ഈ സന്ദർഭത്തിൽ ശ്രദ്ധേയമാകുന്നു. അവിടത്തെ മൈക്രോസോഫ്റ്റ് കമ്പനിയെ കൊണ്ട് ചൈനയുടെ ടിക് ടോക് വാങ്ങിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്. ആ മാതൃകയിൽ ഇന്ത്യയുടെ വൻ വ്യവസായികളായ മുകേഷ് അംബാനിയെ പോലെയുള്ളവരെ കൊണ്ട് ഇവിടെ ജനപ്രീതിനേടിയ ആപ്പുകളുടെ ഉടമസ്ഥാവകാശം കരസ്ഥമാക്കാനുള്ള സാദ്ധ്യതകൾ ആലോചിക്കാവുന്നതാണ്. അങ്ങനെയായാൽ അവ ഇന്ത്യയുടെ പൂർണനിയന്ത്രണത്തിൽ നിലനിറുത്താനും അതുവഴി വിദേശ കമ്പനികൾ നടത്തുന്ന ഡേറ്റാ ചോർച്ചയ്ക്കും സുരക്ഷാഭീഷണികൾക്കും തടയിടാനും നമുക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |