സംസ്ഥാന നിയമസഭയിലേക്ക് അടുത്ത ഏപ്രിലിലോ മേയിലോ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഈ നവംബറിൽ ചവറ, കുട്ടനാട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ഇലക്‌ഷൻ കമ്മിഷന്റെ തീരുമാനം തീർത്തും അനാവശ്യമെന്നേ പറയാനാകൂ. കഷ്ടിച്ചു നാലുമാസം മാത്രമാകും ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ എത്തുന്നവരുടെ കാലാവധി. പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി ഈ സഭ കാലാവധി തീർന്നു പിരിയുന്നതിനൊപ്പം അവരും പടിയിറങ്ങേണ്ടിവരും. അതിനു മുമ്പ് ഏറിയാൽ ഒന്നോ രണ്ടോ തവണ മാത്രമേ നിയമസഭ ചേരാനുള്ള അവസരമുണ്ടാവുകയുള്ളൂ. മിക്കവാറും ബഡ്ജറ്റ് സമ്മേളനവും ചടങ്ങിലൊതുങ്ങാനാണു സാദ്ധ്യത. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ സമ്പൂർണ ബഡ്ജറ്റും അപ്രസക്തമാണ്. ഇപ്പറഞ്ഞതെല്ലാം പരിഗണിക്കപ്പെടേണ്ട രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തന്നെയാണ്. അങ്ങനെ നോക്കിയാൽ നാലുമാസത്തെ കാലാവധിയിൽ നിയമസഭയിലെത്തുന്ന ജനപ്രതിനിധികൾക്ക് തങ്ങളെ തിരഞ്ഞെടുത്തയച്ചവർക്കോ നാടിനോ എന്തു നന്മയാണു ചെയ്യാനുണ്ടാവുക. മണ്ഡലങ്ങൾക്കു ലഭിക്കുന്ന വികസന നേട്ടത്തിന്റെയും മറ്റും കഥ അവിടെ നിൽക്കട്ടെ. ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കായി പൊതുഖജനാവിൽ നിന്ന് ഒഴുക്കേണ്ടി വരുന്ന കോടികളുടെ കാര്യം എങ്ങനെ വിസ്മരിക്കാനാകും. രണ്ടുപേരെ കുറച്ചു ദിവസത്തേക്കു മാത്രം നിയമസഭയിൽ അംഗങ്ങളാക്കാൻ മാത്രം ഈ അവസരത്തിൽ ഇത്തരത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിലെ അനൗചിത്യവും അവിവേകവും ഇലക്‌ഷൻ കമ്മിഷൻ ഉൾക്കൊള്ളേണ്ടതായിരുന്നു. നവംബർ 29-ന് മുൻപ് ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 64 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ഒരു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടത്താനാണ് ഇലക്‌ഷൻ കമ്മിഷൻ തീരുമാനമെടുത്തിരിക്കുന്നത്. നിയമസഭാ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളെക്കൂടി ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയതെന്തിനാണെന്നാണ് മനസിലാകാത്തത്.
തിരഞ്ഞെടുപ്പ് എന്നു കേട്ട ഉടനെ സംസ്ഥാനത്ത് രാഷ്ട്രീയകക്ഷികൾ ആഹ്ളാദപൂർവം ചാടിവീണതിൽ അസ്വാഭാവികത ഒന്നുമില്ല. വലിയ തിരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ സജ്ജമാക്കാനും രംഗം ചൂടുപിടിപ്പിക്കാനും കിട്ടുന്ന കനകാവസരമാണിത്. ആ നിലയ്ക്ക് അവസരം പരമാവധി പ്രയോജനപ്പെടുത്താൻ അവർക്കു അതിയായ താത്‌പര്യം കാണും. എന്നാൽ മത്സരത്തിനു വേണ്ടി ഒഴുക്കേണ്ടിവരുന്ന അളവറ്റ പണത്തെയും അദ്ധ്വാനത്തെയും കുറിച്ച് ചിന്തിക്കുന്നതും നന്നായിരിക്കും. മറ്റൊന്നിനുമല്ല. അത്യദ്ധ്വാനത്തിലൂടെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച് സഭയിലേക്ക് അയയ്ക്കുന്ന ആൾക്ക് അവിടെ മൂട് ഉറപ്പിച്ച് ഒന്നിരിക്കാൻ പോലുമുള്ള അവസരം ലഭിക്കുകയില്ലല്ലോ എന്നോർക്കുമ്പോഴാണ് എത്ര അപക്വമായ തീരുമാനമാണ് ഇലക്‌ഷൻ കമ്മിഷൻ കൈക്കൊണ്ടിരിക്കുന്നതെന്ന് ബോദ്ധ്യമാവൂ. ഉപതിരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ഭാരിച്ച ചെലവു മാത്രമല്ല വിഷയം. കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഏറ്റവും അപകടകരമായ സാഹചര്യവും പരിഗണിക്കപ്പെടേണ്ടതല്ലേ? കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെയാകും തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുക എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രചാരണവേള ചൂടുപിടിക്കുന്തോറും നിയന്ത്രണങ്ങളൊക്കെ കടലാസിലേ കാണുകയുള്ളൂ എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. ശരിക്കും പറഞ്ഞാൽ സർക്കാരും രാഷ്ട്രീയകക്ഷികളുമാണ് ഒരു പ്രസക്തിയുമില്ലാതായിത്തീർന്ന ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളും ഇനി ഉപേക്ഷിക്കുകയാണ് നല്ലതെന്ന യാഥാർത്ഥ്യം ഇലക്‌ഷൻ കമ്മിഷനെ ബോദ്ധ്യപ്പെടുത്താൻ.
തോമസ് ചാണ്ടിയുടെ ആകസ്മികമായ വേർപാടിനെത്തുടർന്ന് കുട്ടനാട് മണ്ഡലം കഴിഞ്ഞ ഡിസംബർ 20 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ചവറ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന വിജയൻപിള്ളയുടെ നിര്യാണം മാർച്ച് എട്ടിനായിരുന്നു. കൊവിഡ് കാരണമാണ് സമയത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാതെ പോയതെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ന്യായീകരണം. എന്നാൽ ചവറയുടെ കാര്യത്തിൽ അതു വാസ്തവമാണെങ്കിലും കുട്ടനാടിന്റെ കാര്യത്തിൽ ശരിയല്ല. മറ്റിടങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തിയപ്പോഴും കുട്ടനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഒരു കാരണവുമില്ലാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇപ്പോഴാകട്ടെ കൊവിഡ് വ്യാപനം മൂർദ്ധന്യഘട്ടത്തിലെത്തിനിൽക്കുകയാണ്. ഒക്ടോബർ ആകുമ്പോൾ പരമാവധി പാരമ്യത്തിലെത്താനിടയുണ്ടെന്നു സർക്കാർ തന്നെ പറയുന്നു. ഇങ്ങനെയൊരു ഘട്ടത്തിൽ തിരഞ്ഞെടുപ്പ് എത്രമാത്രം അഭിലഷണീയമാകുമെന്ന് ഏവരും സാവകാശം ചിന്തിക്കണം. ഈ രണ്ടു സീറ്റും അടുത്ത തിരഞ്ഞെടുപ്പു വരെ ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ചേതമൊന്നും വരാൻ പോകുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കാൻ രാഷ്ട്രീയ കക്ഷികൾ ക്ഷമ കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |