'രണ്ടുനാലു ദിനം കൊണ്ടൊരു ജോസിനെ രണ്ടിലയേറ്റി നടത്തുന്നതും ഭവാൻ... മാളിക മുകളേറിയ ഔസേപ്പച്ചന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ...' (പൂന്താനത്തോട് ക്ഷമാപണത്തോടെ)-
പുറപ്പുഴ ഔസേപ്പച്ചൻ ഈ ദിവസങ്ങളിൽ ഗദ്ഗദം പാടുന്നത് ഈ ഈരടികളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് പുറപ്പുഴ വീട്ടിലെ ആലയിൽ മേയുന്ന പശുക്കളാണ്. അത് കേൾക്കുന്ന മാത്രയിൽ അവയും അനുഭാവപൂർവം വാലാട്ടുകയും തല കുലുക്കുകയും ചെയ്യുന്നുണ്ടത്രെ. അവയുടെ കണ്ഠങ്ങളും ഈ വേള ഇടറിപ്പോകുന്നുമുണ്ട്. ബ്ബേ...എന്നുള്ള കരച്ചിലിൽ ആ ഇടറൽ മുഴച്ചു നിൽക്കുന്നു.
ഔസേപ്പച്ചൻ മഹാ ഗായകനാണ്. സർവോപരി മഹാ കൃഷിക്കാരനുമാണ്. ഏഴര വെളുപ്പിന് എഴുന്നേറ്റ് പശുവിനെ കറന്ന് പാലെടുത്ത് അവയ്ക്ക് തീറ്റയും വെള്ളവും കൊടുത്ത് തുടങ്ങുന്നു അദ്ദേഹത്തിന്റെ ദിവസം. കൈകൾ രണ്ടും മുകളിലേക്കും താഴേക്കുമായി താളത്തിൽ ചലിപ്പിച്ച്, 'ഒരു നറുപുഷ്പമായി എൻ നേർക്ക് നീളുന്ന മിഴിമുനയാരുടേതാവാം...' എന്ന് ഔസേപ്പച്ചൻ പാടുന്നത് കേട്ടില്ലെങ്കിൽ പശുക്കൾ ആ ദിവസം പാൽ തരില്ലെന്നാണ് പറയുന്നത്.
എന്നാൽ, ഈ ദിവസങ്ങളിൽ കൈകൾ അങ്ങനെ താളത്തിൽ ചലിക്കുന്നില്ലെന്ന് വേദനയോടെ പശുക്കൾ തിരിച്ചറിയുന്നു. ഒരു നറുപുഷ്പമായ്... എന്ന ഔസേപ്പച്ചന്റെ ഫേവറിറ്റ് ഗാനവും പുറത്തേക്കൊഴുകി വരുന്നില്ല. പകരം വരുന്നത് മേല്പറഞ്ഞ 'രണ്ട്, നാല് ദിനം...' എന്നു തുടങ്ങുന്ന ഈരടികൾ മാത്രമാണ്. പാല് കൊടുക്കാനും വയ്യ, ഔസേപ്പച്ചനായത് കൊണ്ട് പാൽ കൊടുക്കാതിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് പാവം ഗോക്കളെന്ന് പുറപ്പുഴ വീട്ടിലെ മറ്റ് ജീവജാലങ്ങൾ അടക്കം പറയുന്നുണ്ട്. ഔസേപ്പച്ചന്റെ വേദനയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് കൊണ്ട് വാലാട്ടുകയും തല കുലുക്കുകയും ബ്ബേ... എന്ന് വേദനിക്കുകയുമാണ് പശുക്കൾ.
കൊവിഡ് കാല പ്രത്യേക നിയമസഭയിൽ മുഖ്യമന്ത്രിയുടെ മൂന്നേമുക്കാൽ മണിക്കൂർ പ്രസംഗത്തിനിടയിൽ, ഔസേപ്പച്ചൻ ചാടിയെഴുന്നേറ്റ് പശുവളർത്തലിനെപ്പറ്റി പറഞ്ഞില്ലല്ലോയെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. പ്രസംഗം രണ്ടര മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു അത്. ഔസേപ്പച്ചന്റെ ചോദ്യം പുറപ്പുഴ വീട്ടിലെ ആലയിലൊരുക്കിയ ടെലിവിഷനിലിരുന്ന് ലൈവായി കണ്ട പശുക്കൾക്ക് ആ നേരത്തിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. പിറ്റേന്ന് വെളുപ്പിന് ഔസേപ്പച്ചനിൽ നിന്ന് ഒരു നറുപുഷ്പമായ്... ഗാനം കേൾക്കുക കൂടി ചെയ്തതോടെ നന്നായങ്ങ് പാൽ ചുരത്തിപ്പോയി !
ആ സന്തോഷദിനങ്ങൾ പിന്നിട്ട ശേഷമാണിപ്പോൾ പൊടുന്നനെ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നത്. തിരുവോണ ദിവസത്തിന് ശേഷമായിരുന്നു അത്. തിരുവോണദിനത്തിൽ പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിൽ ജോസ് മോന് ആളുകൾ ശർക്കരവരട്ടി വായിൽ വച്ച് കൊടുക്കുന്നതും ജോസ് മോൻ ആവേശത്തോടെ അതെല്ലാം ചവച്ചരച്ച് തിന്നുന്നതും പുറപ്പുഴ വീട്ടിലെ പശുക്കൾ ടെലിവിഷനിൽ വീക്ഷിച്ചിരുന്നു. എന്തോ പന്തികേട് അന്നേരം തോന്നിയതായിരുന്നു. കരിങ്ങോഴയ്ക്കൽ വീട്ടിലെ സന്തോഷച്ചിരി കേട്ടിട്ട്, കൊലച്ചിരിയായാണ് പുറപ്പുഴ വീട്ടിൽ അനുഭവപ്പെട്ടത്. അവിടെ പാലുകാച്ചൽ, ഇവിടെ തൂങ്ങിമരണം എന്ന മാതിരി.
എല്ലാറ്റിനും കാരണം ആ തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയായിരുന്നു. നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയിലോ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലോ വോട്ട് ചെയ്യാൻ കൂട്ടാക്കാതെ നിന്ന ജോസ് മോൻ ആൻഡ് കോ. പ്രൈവറ്റ് ലിമിറ്റഡിനെ ഇനി വേണ്ട എന്ന് തീരുമാനിച്ചുറപ്പിച്ച ചെന്നിത്തല, മുല്ലപ്പള്ളി, ഓ.സി ഗാന്ധിമാർ പോലുമിപ്പോൾ 'വേണ്ടണം' എന്ന മട്ടിലായിരിക്കുന്നു. ജോസ് മോനെ ഈ വീട്ടിൽ പറ്റില്ലെന്ന് ഔസേപ്പച്ചൻ തീർത്ത് പറഞ്ഞിട്ടും മുക്കൂട്ട് ഗാന്ധിമാരുടെ അവസ്ഥയ്ക്ക് അശേഷം മാറ്റമുണ്ടായിട്ടില്ല. കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് തലയിൽ മുണ്ടിട്ടും മുണ്ടിടാതെയും ഗാന്ധിമാർ പലരും പോയി മടങ്ങുന്നുവെന്നാണ് ഏറ്റവുമൊടുവിൽ കിട്ടുന്ന വിവരം. വിപ്പ് ലംഘിച്ചവരെ മുക്കാലിയിൽ കെട്ടി ചാട്ടവാറടിക്കുമെന്ന് കല്പിച്ച ഔസേപ്പച്ചൻ ആൻഡ് കോ.യെ നോക്കി, ഇപ്പോൾ കിട്ടണോ ചാട്ടവാറടി എന്ന് തിരിച്ച് ചോദിക്കുന്ന ജോസ് മോനെയാണ് കാണുന്നത്. നിയമസഭാ സ്പീക്കർ വിചാരിക്കേണ്ട താമസം, ഔസേപ്പച്ചന് എന്തും സംഭവിക്കാമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഒരു തിരഞ്ഞെടുപ്പ് കമ്മിഷൻ വിചാരിച്ചാൽ ഏത് ഇലയെയും തണ്ടുള്ളതും തണ്ടില്ലാത്തതും, പച്ചയിലയും പഴുത്ത ഇലയും ആക്കി മാറ്റാമെന്ന് ഔസേപ്പച്ചൻ അതിനാൽ വേദനയോടെ തിരിച്ചറിയുകയാണ് സുഹൃത്തുക്കളേ, തിരിച്ചറിയുകയാണ്!
.............................
- ജോസ് കെ.മാണി തെരുവിലായിപ്പോകില്ലെന്ന് കോടിയേരി സഖാവ് ഉറപ്പ് നൽകിയിരിക്കുന്നു. സഖാവിന്റെ ഉറപ്പിന് പാമ്പൻ പാലത്തിന്റെ ബലമാണെന്ന് അത് അനുഭവിച്ചിട്ടുള്ളവർക്കറിയാം. പിണറായി സഖാവാണ് മേസ്തിരി എന്നതിനാലാണ് കോടിയേരി സഖാവിന്റെ ഉറപ്പിന് ഇത്ര ബലം.
ജോസ് കെ.മാണി തെരുവിലായിപ്പോകുമോ, വഴിയാധാരമാകുമോ എന്നുള്ള ആധിയൊന്നും ഇനിയാർക്കും വേണ്ട.
കോടിയേരി സഖാവ് ഉറപ്പ് നൽകിയാലും കാനം സഖാവ് ചിലപ്പോൾ കണ്ണുരുട്ടിയാലോ എന്ന നല്ലൊരു ചിന്ത, ജോസ് മോനെ പുറത്തേക്ക് തള്ളുന്നുവെന്ന് പ്രഖ്യാപിക്കുന്ന വേളയിൽ ബെന്നി ബെഹനാൻജിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് കുറച്ചു ദിവസം അവിടവിടെയൊക്കെ കറങ്ങി നടന്നിട്ട്, കിലുക്കം സിനിമയിലെ ഇന്നസെന്റിനെ പോലെ എനിക്ക് വിശക്കുന്നു എന്നും പറഞ്ഞ് തിരിച്ചുവരുന്ന ജോസ് മോനെ സ്വപ്നത്തിൽ കണ്ട് ബെഹനാൻജിയും ചെന്നിത്തല ഗാന്ധിയും ഊറിച്ചിരിക്കുമായിരുന്നു. ഔസേപ്പച്ചന്റെ പ്രലോഭനങ്ങളും അത്തരമൊരു ചിന്തയ്ക്കും ചിരിക്കും അവരെ പ്രേരിപ്പിച്ചെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പക്ഷേ, ഇപ്പോൾ ഔസേപ്പച്ചനിലല്ല, രണ്ടിലയിലാണ് കാര്യമെന്ന തോന്നലിലേക്ക് വഴിമാറുന്ന ഘട്ടത്തിൽ ഇതാ, കോടിയേരി സഖാവിന്റെ പാമ്പൻപാലത്തിന്റെ ബലമുള്ള ഉറപ്പ് വരികയാണ്. അങ്ങനെയൊരു ഉറപ്പ് വരണമെങ്കിൽ കാനം സഖാവിനും മനസും മാറിക്കാണണമെന്ന് ചിന്തിക്കുമ്പോഴാണ് ചെന്നിത്തലഗാന്ധിയുടെയും കൂട്ടരുടെയും മനസിലൊരു ഇണ്ടലുണ്ടാവുന്നത്. മീനച്ചിലാറിൽ ഇക്കഴിഞ്ഞ പെരുമഴയത്തും വെള്ളമൊരുപാട് ഒഴുകിപ്പോയില്ലേ. ഏത് കാനം സഖാവിനും അതിനാൽ മനസ് മാറാം. അതുകൊണ്ട് സാരമില്ല, സങ്കടം ശീലമാകുമ്പോൾ മാറിക്കോളും എന്നേ ചെന്നിത്തലഗാന്ധിയെ ഉപദേശിക്കാനുള്ളൂ.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |