തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ സ്രവങ്ങൾ കണ്ണുകളിലെ ശ്ലേഷ്മ സ്തരങ്ങളിൽ പതിച്ചാൽ രോഗപ്പകർച്ചയോടൊപ്പം കണ്ണുകളിൽ അണുബാധയ്ക്ക് കാരണമാകുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പൊതുസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഫേസ് ഷീൽഡ്, കണ്ണുകൾ പൂർണമായി മൂടുന്ന കണ്ണടകൾ എന്നിവ ധരിക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായുള്ള സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ് 25ന് തുടങ്ങിയ നേത്രദാന പക്ഷാചരണം വരുന്ന എട്ടിന് അവസാനിക്കും. കൊവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസവും, ഓഫീസ് ജോലികളും, ഓൺലൈനിൽ വിനോദോപാധികൾ തേടുന്നതും മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിത ഉപയോഗത്തിന് കാരണമാകുന്നു. ഇത് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന അവസ്ഥയിലെത്തിക്കും.
'ഒരു ലക്ഷം കോർണിയൽ ട്രാൻസ്‌പ്ലാന്റേഷൻ 2020 ൽ പൂർത്തീകരിക്കുക'എന്നതാണ് പക്ഷാചാരണത്തിന്റെ ലക്ഷ്യം. രാജ്യത്ത് ഇതുവരെ 12 ദശലക്ഷം പേരിൽ അന്ധത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിവർഷ കണക്ക് 20,000 മുതൽ 30,000 വരെയാണ്. ആഴ്ചയിൽ രണ്ട് കണ്ണുകൾ നേത്രദാനത്തിലൂടെ ലഭിച്ചാൽ നേത്രപടല അന്ധത ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്നും മരണാന്തരം നേത്രദാനത്തിന് എല്ലാവരും സജ്ജരാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |