തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദീർഘവീക്ഷണവും ദിശാബോധവുമില്ലെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഡെലവപ്‌മെന്റ് സ്റ്റീഡിസിന്റെ (ആർ.ജി.ഐ.ഡി.എസ്) പഠന റിപ്പോർട്ട്. വിവിധ മേഖലകളിൽ സംസ്ഥാന നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വ, ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ കൊവിഡിന്റെ ആദ്യഘട്ടത്തിൽ രോഗവ്യാപനം തടയാൻ കേരളത്തിന് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ കൊവിഡ് പരിശോധന ഗണ്യമായി കുറച്ചു. പ്രവാസികളുടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃത്യമായ പദ്ധതി ആവിഷ്‌കരിച്ചില്ല.
ക്വാറന്റൈൻ, ടെസ്റ്റിംഗ്, ചികിത്സ എന്നിവയിൽ സ്വകാര്യമേഖലയിലെ ആശുപത്രികളേയും സ്ഥാപനങ്ങളേയും പങ്കെടുപ്പിക്കാത്തത് പ്രധാന വീഴ്ചയാണെന്നും റിപ്പോർട്ട് പറയുന്നു. ആർ.ജി.ഐ.ഡി.എസ് റിപ്പോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആമുഖ പ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.എസ്. ഷിജു സ്വാഗതം പറഞ്ഞു. പഠനം നടത്തിയ സമിതിയുടെ കൺവീനർ പ്രൊഫ. ബി.എ.പ്രകാശ് റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും അവതരിപ്പിച്ചു. എം.എം. ഹസൻ, ഡോ. ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട് രവി, എം.ആർ. തമ്പാൻ, പ്രൊഫ. ഉമ്മൻ. വി. ഉമ്മൻ, പ്രൊഫ. മേരി ജോർജ്, പ്രൊഫ.ജോർജ്, ഡോ. വിജയ ലക്ഷ്മി, അരുൺ ബി. നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |