അഭിനേതാവാകാൻകഴിഞ്ഞതിലാണ് ഞാനേറ്റവും അഭിമാനിക്കുന്നത്
തമിഴിൽ പേരൻപ്, തെലുങ്കിൽ യാത്ര,മലയാളത്തിൽ മധുരരാജ...മൂന്ന് ഭാഷകൾ... മൂന്ന് സൂപ്പർ വിജയങ്ങൾ... ഒരേ ഒരു നായകൻ... മമ്മൂട്ടി.മൂന്ന് ഭാഷകളിലായി ഹാട്രിക് വിജയം നേടിയ നായകനെന്ന വിശേഷണം മമ്മൂട്ടിക്ക് മാത്രം സ്വന്തം.
''മൂന്ന് ഭാഷകൾ എന്നതിലുപരി മൂന്ന് സിനിമകളും മൂന്ന് ശൈലിയിലുള്ളവയായിരുന്നു." ഫ്ളാഷ് മൂവീസിന് ഒടുവിൽ നൽകിയ അഭിമുഖത്തിൽ '' തുടർ വിജയങ്ങളുടെ ആഹ്ളാദത്തോടെ മമ്മൂട്ടി സംസാരിച്ചുതുടങ്ങി.
ആർട്ട് സിനിമകളിലാണോ കൊമേഴ്സ്യൽ സിനിമകളിലാണോ കൂടുതൽ സുഖകരമായി തോന്നിയിട്ടുള്ളത്?
കരിയറിന്റെ തുടക്കത്തിൽ നിങ്ങളീ പറയുന്ന ആർട്ട് സിനിമകളിലും പാരലൽ സിനിമകളിലുമാണ് ഞാൻ കൂടുതലും അഭിനയിച്ചത്. പിന്നീട് മലയാള സിനിമയിൽത്തന്നെ ആർട്ട് - കൊമേഴ്സ്യൽ വേർതിരിവുകൾ ഇല്ലാതായി.അന്നത്തെ എല്ലാ മികച്ച സംവിധായകർക്കൊപ്പവും തിരക്കഥാകൃത്തുക്കൾക്കൊപ്പവും പ്രവർത്തിക്കാനായി.
പോക്കിരിരാജ വീണ്ടും വന്നു?
മധുര രാജ പോക്കിരി രാജയുടെ തുടർച്ചയല്ല. രാജ എന്ന കഥാപാത്രത്തെ പുതിയൊരു പശ്ചാത്തലത്തിൽ അവതരിപ്പിച്ചുവെന്നേയുള്ളൂ.
ഇനി വരാനുള്ളത് കോട്ടയം കുഞ്ഞച്ചനും സേതുരാമയ്യരും ബിലാലുമൊക്കെയാണ്?
സേതുരാമയ്യരും ബിലാലും വൈകാതെ വരും.
രാജമാണിക്യം, പഴശ്ശി രാജ, പോക്കിരിരാജ, രാജാധിരാജ, മധുര രാജ... മമ്മൂക്കയ്ക്ക് രാജ എന്ന പേര് രാശിയാണോ?
രാജ എന്ന് പേരിടേണ്ട സിനിമയ്ക്ക് രാജ എന്ന് തന്നെ പേരിടണം. പഴശ്ശിരാജയ്ക്ക് മറ്റൊരു പേരിടാൻ പറ്റുമോ?
രാജ എന്നത് രാജകീയമായൊരു വിളിപ്പേരല്ലേ? പണ്ട് രാജൻ എന്ന പേര് സർവ സാധാരണമായിരുന്നു. നസീർ സാറൊക്കെ രാജൻ എന്ന പേരിലുള്ള എത്രയോ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആൾക്കൂട്ടത്തിൽ തനിയെയിൽ എന്റെ കഥാപാത്രത്തിന്റെ പേര് രാജനെന്നായിരുന്നു.പോക്കിരി രാജയുടെ സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഞാനുമൊന്നിച്ച് പുതിയൊരു സിനിമ ചെയ്യാൻ പ്ളാനിട്ടപ്പോൾ പല കഥകളുമാലോചിച്ചു. ഒടുവിലാണ് രാജയെ വീണ്ടും അവതരിപ്പിച്ചാലോ എന്ന ഐഡിയ വന്നത്.
മധുര രാജയ്ക്ക് വേണ്ടി സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നെ ഒരുപാട് കഷ്ടപ്പെടുത്തിയെന്ന് കേൾക്കുന്നത് ശരിയാണോ?
ഫൈറ്റെന്ന് പറയുന്നത് തന്നെ കഷ്ടപ്പാടല്ലേ? പതിനഞ്ച് ദിവസമായിരുന്നു ക്ളൈമാക്സ് ഫൈറ്റിന് വേണ്ടി വന്നത്. പക്ഷേ അത് നമുക്ക് തോന്നാത്ത രീതിയിൽ പീറ്റർ ഹെയ്ൻ നമ്മളെ ചാർജ് ചെയ്ത് നിറുത്തി.റിസ് ക്കി ഷോട്ടുകളെടുക്കുമ്പോൾ ഒരുപാട് ടിപ് സുകൾ പറഞ്ഞു തന്ന് അപകടങ്ങൾ ഒഴിവാക്കാൻ പീറ്റർ ഹെയ്ൻ ശ്രമിച്ചു. എന്നിട്ടും അപകടങ്ങളുണ്ടായി. ക്ളൈമാക്സ് ഫൈറ്റ് സീക്വൻസെടുക്കുമ്പോൾ എന്റെ കൈയൊക്കെ പൊള്ളി.
പീറ്റർ ഹെയ്ൻ മലയാളത്തിൽ ആദ്യം വർക്ക് ചെയ്തത് ഞാനഭിനയിച്ച അപരിചിതൻ എന്ന സിനിമയിലാണ്. അത് കുറേ വർഷങ്ങൾക്ക് മുൻപാണ്. ഒരുപാട് മോഡേൺ ടെക് നോളജികൾ ഇപ്പോൾ പീറ്റർ ഹെയ്ൻ ഫൈറ്റ് സീക്വൻസുകളെടുക്കാൻ ഉപയോഗിക്കുന്നുണ്ട്.മധുര രാജയിൽ കൂടുതലും നാച്വറൽ ഫൈറ്റുകളായതുകൊണ്ട് ഗ്രാഫിക്സ് കുറവായിരുന്നു.
തമിഴ് സിനിമയിൽ താങ്കൾക്ക് ഏറെ മൈലേജ് തന്ന സിനിമയാണ് ദളപതി.
ആ സിനിമ റീമേക്ക് ചെയ്താൽ?
ചെയ്യട്ടെ...
രജനികാന്തും താങ്കളും അഭിനയിച്ച സൂര്യയെയും ദേവയെയുംപുതിയ കാലത്ത് ആര് അവതരിപ്പിച്ചാൽ നന്നാകും?
ആരഭിനയിച്ചാലെന്താ! ആരഭിനയിച്ചാലും അവർ അഭിനയിക്കുന്ന പോലെയുണ്ടാകും. അന്ന് സൂര്യയെയും ദേവയെയും അവതരിപ്പിക്കാൻ രജനികാന്തും മമ്മൂട്ടിയും സമ്മതിച്ചില്ലായിരുന്നുവെങ്കിൽ! ...അവരെ കിട്ടിയില്ലായിരുന്നെങ്കിൽ!.. വേറെ ആരെങ്കിലും അഭിനയിച്ചേനെ. അത്രേയുള്ളൂ.ഒരു സിനിമയും റീമേക്ക് ചെയ്യുന്നതിൽ തെറ്റില്ല. ദളപതി റീമേക്ക് ചെയ്യുന്ന സംവിധായകന് ഇഷ്ടപ്പെട്ട അഭിനേതാക്കളെ കാസ്റ്റ് ചെയ്യാം.
കരിയറിൽ ലഭിച്ച ഏറ്റവും വലിയ ഉപദേശമെന്താണ്?
കരിയറിൽ എന്നെ ഇതുവരെ ആരും ഉപദേശിച്ചിട്ടില്ല. അങ്ങനെ ഉപദേശിച്ചതായി എന്റെ ഓർമയിലില്ല. ഞാൻ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് തന്നെയാണ് സിനിമയിൽ വന്നത്. വീട്ടിലെല്ലാവരും സിനിമ വേണ്ടെന്ന് പറഞ്ഞിട്ടുള്ളതല്ലാതെ ഉപദേശമൊന്നും തന്നിട്ടില്ല. എന്തിന് സിനിമയിൽ പോയി ഭാഗ്യം പരീക്ഷിക്കണമെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം.ഞാനാണ് എന്നെ ഉപദേശിച്ചിരുന്നത്- പോയിഎങ്ങനെയെങ്കിലും ജയിച്ചുവരുയെന്ന്.
കരിയറിൽ ഏറെ അഭിമാനിക്കുന്നത്?
അഭിനേതാവാകാൻ കഴിഞ്ഞതിലാണ് ഞാനേറ്റവും അഭിമാനിക്കുന്നത്.
കഴിഞ്ഞ കാലത്തേക്ക് തിരിച്ചു ചെന്ന് മാറ്റാനാഗ്രഹിക്കുന്ന കാര്യം?
മാറ്റാനാഗ്രഹിച്ചിട്ടും കാര്യമില്ല. മാറ്റാൻ പറ്റില്ലല്ലോ.
അങ്ങനെ ഒരവസരം കിട്ടിയാൽ?
സംഭവിച്ചതെല്ലാം നല്ലത് തന്നെയല്ലേ? ഒന്നും മാറ്റാനാഗ്രഹിക്കുന്നില്ല.
ഒരു സിനിമ ചെയ്യാമെന്നുറപ്പിക്കുന്ന ഘടകമെന്താണ്?
കഥ, കഥാപാത്രം, ആ സിനിമയുടെ പിന്നണിയിലുള്ള ടെക്നിഷ്യൻസ് തുടങ്ങിയ കാര്യങ്ങളൊക്കെ സ്വാധീനിക്കും. ഒരു ഘടകം മാത്രം വച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിക്കാറില്ല.
ആറ് വയസുള്ളപ്പോഴാണ് അഭിനേതാവാകണമെന്ന് ആഗ്രഹിച്ച് തുടങ്ങിയതെന്ന് കേട്ടിട്ടുണ്ട്?
അതെ. സ്ക്രീനിൽ സിനിമ കാണാൻ തുടങ്ങിയപ്പോൾ മുതൽ അതേ സ്ക്രീനിൽ വരണമെന്നാഗ്രഹിച്ചയാളാണ് ഞാൻ. കുറേക്കാലം കഴിഞ്ഞാണ് ആ ആഗ്രഹം നിറവേറിയത്.
കുതിരപ്പുറത്ത് പോകുന്ന നായകന്റെ വിഷ്വലാണ് മനസിൽ പതിഞ്ഞ ഫസ്റ്റ് ഷോട്ടെന്ന് മുൻപൊരു അഭിമുഖ ത്തിൽ പറഞ്ഞിട്ടുണ്ടല്ലോ?
ശരിയാണ്. പടയോട്ടത്തിലാണ് ഞാനാദ്യമായി കുതിരപ്പുറത്ത് കയറുന്നത്. ഞാൻ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുമ്പോൾ കുതിര പിന്നോട്ട് നീങ്ങും. ആറേഴ് ടേക്ക് കഴിഞ്ഞിട്ടും ശരിയാകാതെ അവസാനം ഡ്യൂപ്പിനെ വച്ചാണ് ആ ഷോട്ടെടുത്തത്.
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ തുടക്കം എങ്ങനെയായിരുന്നു?
അത് ഞാൻ ഷൂട്ടിംഗ് കാണാൻ പോയതാണ്. കെ.എസ്. സേതുമാധവൻ സാറിനോട് അഭിനയ മോഹം കൊണ്ട് ''സർ.. ഞാനും കൂടെ നിന്നോട്ടെ''യെന്ന് ചോദിച്ചു. നിന്നോളാൻ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ചതാണ്. ഞാനന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് വർഷം പഠിത്തവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്തുവർഷം കഴിഞ്ഞാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിലഭിനയിക്കുന്നത്.
തിരിഞ്ഞു നോക്കുമ്പോൾ?
തിരിഞ്ഞ് നോക്കാനേ പാടില്ല. മുന്നോട്ട് നോക്കി പോകണം. തിരിഞ്ഞു നോക്കിയാൽ നമുക്ക് കിട്ടിയതെല്ലാം അവിടെത്തന്നെയുണ്ടാകും. ആരും എടുത്തോണ്ട് പോകില്ല. ഇനിയെന്ത് നേടാനാവുമെന്നതായിരിക്കണം നമ്മുടെ ചിന്ത.
സിനിമയിൽ വരുന്നതിന് മുൻപ് മമ്മൂക്കയുടെ ഫേവറിറ്റ് ആക്ടർ ആരായിരുന്നു?
സിനിമയിൽ വരുന്നതിന് മുൻപ് എന്റെ ഫേവറിറ്റ് ആക്ടർ ഞാൻ തന്നെയായിരുന്നു. എങ്ങനെയെങ്കിലും നന്നാകണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. ചെറുപ്പത്തിലൊക്കെ മലയാളത്തിൽ എന്റെ ഫേവറിറ്റ് ആക്ടർ മധുസാറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |