
ഇന്നലെയാണ് നടൻ ദിലീപിന്റെ "ഭഭബ" സിനിമ തീയേറ്ററുകളിലെത്തിയത്. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ദിലീപിന്റെ സിനിമ ബഹിഷ്കരിക്കണമെന്ന് ചിലർ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ അതിജീവിതയുടെ പുതിയ സിനിമയുടെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിലിട്ട് ഈ സിനിമ കാണാൻ ആരൊക്കെ പോകുമെന്നും ചിലർ ചോദ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
റീച്ച് ഉണ്ടാക്കാൻ വേണ്ടിയാണ് ചിലർ ഇത്തരത്തിലുള്ള പോസ്റ്റ് ഇടുന്നതെന്നും അവളൊരു നടിയായതുകൊണ്ടല്ല അവൾക്കൊപ്പം നിൽക്കുന്നതെന്നും സ്ത്രീയായതുകൊണ്ടാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അതിജീവിത പോരാടുന്നത് നിങ്ങളുടെ കൂടെ പെങ്ങന്മാർക്ക് വേണ്ടിയാണെന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അതിജീവിതയുടെ പുതിയ സിനിമയുടെ പോസ്റ്റർ ഇട്ടിട്ട്, അതിജീവിതയുടെ സിനിമ കാണാൻ ആരൊക്കെ പോകും എന്നൊരു പോസ്റ്റ് കണ്ടു. അതിൽകൂടി റീച്ച് ഉണ്ടാക്കാൻ ഒരു ശ്രമം. ഇങ്ങനെയും ചിലർ. ഒരു കാര്യം നിങ്ങൾ മനസിലാക്കണം. ഇവിടെ അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.
ഈ എട്ട് വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആർ വർക്കും ഇല്ലാതെ ഫാൻസിന്റെ ആദരവില്ലാതെ...അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ?. എടോ അവൾക്ക് പിആർ വർക്ക് ഇല്ല, ഫാൻസ് ഇല്ല, കാരണം അവളൊരു സാധാരണ പെൺകുട്ടിയാണ്.
എങ്കിലും അവൾ പോരാടും. അവൾ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങൾക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺ മക്കളുടെ അച്ഛന്മാർ സഹോദരന്മാർ അത് ആദ്യം മനസിലാക്കുക.. എന്നും അവളോടൊപ്പം.
ഇനി ഇതിന് താഴെ വന്ന് തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്.
"അവളെയും അവളോടൊപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട്. പൾസർ സുനിയും കൂട്ടാളികളും ഉണ്ട് "-എന്ന് സ്വയം തിരിച്ചറിയുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |