തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തലയണയ്ക്കടിയിൽ കത്തിവച്ചുറങ്ങേണ്ട അവസ്ഥ വരില്ലെന്നാണ് അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ രോഗിക്ക് ആംബുലൻസിൽ പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. കൊലക്കേസ് പ്രതിയെ ആരാണ് ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറാക്കിയതെന്ന് വ്യക്തമാക്കണം. സംഭവം സംസ്ഥാനത്തിന് അപമാനകരമാണ്. ആരോഗ്യവകുപ്പ് മന്ത്രിയും സർക്കാരും ഇതിന് മറുപടി പറയണം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണം. ബംഗളൂരു ലഹരിമരുന്ന് കള്ളക്കടത്ത് സംഭവത്തിൽ കേരളത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മയക്കുമരുന്ന് മാഫിയ അരങ്ങ് തകർക്കുമ്പോൾ അന്വേഷിക്കേണ്ടെന്ന സർക്കാർ നിലപാട് അവരെ സഹായിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് യോഗം എട്ടിന്
യു.ഡി.എഫ് നേതൃയോഗം എട്ടിവ് രാവിലെ പത്തിന് വിഡിയോ കോൺഫറൻസിങ്ങിലൂടെ കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ യോഗത്തിൽ തീരുമാനിക്കും. ജോസ് കെ. മാണിയെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആംബുലൻസിലും പെൺകുട്ടികൾക്ക് രക്ഷയില്ലാതായി : യു.ഡി.എഫ്
കൊച്ചി: കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ കേരളം നാണിച്ച് തലതാഴ്ത്തുന്നുവെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി പറഞ്ഞു. കൊലപാതകം ഉൾപ്പെടെ ക്രിമിനൽ കേസുകളിലെ പ്രതി ആംബുലൻസ് ഡ്രൈവറായതും നിയോഗിച്ചത് ആരെന്നും അന്വേഷിക്കണം. ആംബുലൻസിൽ പോലും പെൺകുട്ടികൾക്ക് രക്ഷയില്ലാത്ത നാടായി കേരളം മാറി.
കൊവിഡ് രോഗിയായ പെൺകുട്ടിയെ അർദ്ധരാത്രി ഒറ്റയ്ക്ക് ആംബുലൻസിൽ അയച്ചത് സർക്കാർ വീഴ്ചയാണ്. ആരോഗ്യമന്ത്രിക്ക് മനുഷ്യത്വഹീനമായ സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധിക്കാൻ ചാടിയിറങ്ങുന്ന മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജി വയ്ക്കണമെന്നും യു.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |