തിരുവനന്തപുരം: ഡൽഹിയിലെ ഗുഡ്ഗാവിലുള്ള ബഹുരാഷ്ട്ര കമ്പനിയിൽ ഫിനാൻസ് എക്സിക്യൂട്ടീവായ 25 കാരി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാൻ യൂബർ ടാക്സി ബുക്ക് ചെയ്തു. യാത്രാമദ്ധ്യേ യുവതിയെ ടാക്സിയിൽ വച്ച് ഡ്രൈവർ ശിവകുമാർ യാദവ് പീഡിപ്പിച്ചു. സംഭവത്തിനുശേഷം യുവതിയെ ഉപേക്ഷിച്ച് ഡ്രൈവർ കടന്നുകളഞ്ഞു. അഞ്ച് വർഷംമുമ്പ് നടന്ന ഈ സംഭവം ഡൽഹിയിൽ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. അതിനുമുമ്പ് ഇയാൾ 22 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഒരു ജയിൽ ശിക്ഷ കൊണ്ട് ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കില്ലെന്ന് കണ്ടതോടെ ഡൽഹിയിൽ യൂബർ തന്നെ നിരാേധിച്ചു. സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ കേന്ദ്രമായി ഡൽഹി മാറിയപ്പോൾ അതിശക്തമായാണ് അന്ന് സർക്കാർ അതിനെ നേരിട്ടത്. യൂബറിനെ കരിമ്പട്ടികയിൽപ്പെടുത്തി.
പത്തനംതിട്ടയിൽ കൊവിഡ് രോഗിയായ സ്ത്രീയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് അതിനേക്കാൾ ഭീകരമായ സംഭവമാണ്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുകൊണ്ടോ ക്രിമിനൽ കേസെടുത്ത് ജയിലിൽ അടച്ചതുകൊണ്ടോ തീരുന്ന പ്രശ്നമല്ലിത്.
കൊവിഡ് ബാധിച്ച സ്ത്രീകളെ ആംബുലൻസിൽ രാത്രി കൊണ്ടുപോകേണ്ട എന്നാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം. അത്യാവശ്യഘട്ടത്തിൽ കൊണ്ടുപോകാമെന്ന ഇളവുമുണ്ട്.
ഡൽഹിയിൽ ഒരു തരത്തിലുള്ള ഗതാഗത സൗകര്യത്തിനും യൂബറിനെ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞപ്പോൾ യൂബർ കൂടുതൽ കരുത്തോടെ ഓടിത്തുടങ്ങി. ഇപ്പോൾ യൂബർ ഓട്ടോയുമുണ്ട്.
റേഡിയോ ആക്ട് നിയമം വഴി വളഞ്ഞ വഴിയിലൂടെ യൂബർ വീണ്ടും ഡൽഹിയിൽ തലപൊക്കുകയായിരുന്നു.
108 ആംബുലൻസിന്റെ ഡ്രൈവറെ മാറ്റിയതുകൊണ്ട് തീരുന്ന പ്രശ്നമല്ലിത്. സംഭവം നടന്ന ആംബുലൻസിലടക്കം രണ്ട് ജീവനക്കാരുണ്ടെന്നാണ് ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ.ഇ.എം.ആർ.എെ പറയുന്നത്. പക്ഷേ, സംഭവം നടന്ന ആംബുലൻസിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ
1.ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട
2. രാത്രിയിലാണെങ്കിൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരണം
3. സ്ത്രീകളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്ന ആംബുലൻസിൽ പരിശീലനം നേടിയ മെഡിക്കൽ ടെക്നീഷ്യനോ ആരോഗ്യ പ്രവർത്തകനോ ഉണ്ടാകണം
4. ജി.പി.എസ് സംവിധാനമുള്ള ആംബുലൻസുകൾ ചികിത്സാ കേന്ദ്രങ്ങളിലെത്തിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് ഉറപ്പ് വരുത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |