
സർക്കാർ കോഴി(ഇറച്ചി) വിൽക്കുന്നത് 243 രൂപയ്ക്ക്, വിപണിയിൽ ഇറച്ചി വില 280- 300
കോഴിക്കോട്: സംസ്ഥാനത്ത് കെപ്കോ ചിക്കൻ(ഇറച്ചി) 240 രൂപയ്ക്കും കേരളചിക്കൻ(ഇറച്ചി) കിലോയ്ക്ക് 243 രൂപയ്ക്ക് ലഭിക്കുമ്പോൾ വിപണിയിൽ ചിക്കന്(ഇറച്ചി) വില 280- 300 രൂപ വരെ കൊള്ളവില ഈടാക്കുന്നു. ബ്രോയിലർ കോഴിക്കാണ് കേരള ചിക്കൻ ഔട്ട്ലെറ്റിൽ 243 രൂപയുള്ളത്. കെപ്കോയിലാവട്ടെ ഇറച്ചിക്ക് 240 രൂപയാണ്. സംസ്ഥാനത്ത് ചിക്കന് ഏറ്റവും വിലയുള്ളത് കോഴിക്കോടാണ്. ക്രിസ്മസ് കാലത്തെ അപേക്ഷിച്ച് ബ്രോയിലർ കോഴിക്ക് കിലോയ്ക്ക് 140 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതും ചൂട് കാരണം കോഴികൾ വേഗത്തിൽ ചത്തൊടുങ്ങുന്നത് തടയാൻ ഉത്പാദനം കുറച്ചതുമാണ് വില കൂടാൻ കാരണം. തമിഴ്നാട്ടിലെ പൊങ്കൽ കഴിയുന്നതോടെ വില കുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും വില ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇതോടെ പ്രതിസന്ധിയിലായത് ചെറുകിട വ്യാപാരികളാണ്. തമിഴ്നാട്ടിൽ നിന്നും ലോഡ് കണക്കിന് കോഴികളെ കേരളത്തിലെ ഫാമുകളിലെത്തിച്ച് ആവശ്യാനുസരണം വിൽപന നടത്തിയിരുന്നു. എന്നാലിപ്പോൾ കോഴികൾ എത്തുന്നത് കുറഞ്ഞു. കൂടാതെ ഇവ ചത്തൊടുങ്ങുന്നതുമൂലം ഉണ്ടാകുന്ന കനത്ത നഷ്ടം കാരണം പലരും ഫാമുകളിൽ സൂക്ഷിക്കുന്നവയുടെ എണ്ണം കുറച്ചു. ഇതോടെയാണ് വിലക്കയറ്റം രൂക്ഷമായത്.
.ഇപ്പോഴത്തെ വില ഒരു കിലോ 280- 300
.ക്രിസ്മസ് സമയത്തെ വില 160-170
.ലഗോൺ വില 220
ഹോട്ടലുകാരും കാറ്ററിംഗും പ്രതിസന്ധിയിൽ
ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കുമാണ് വിലവർദ്ധന വലിയ തിരിച്ചടിയായത്. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് നേരത്തെ വിഭവങ്ങൾ നിശ്ചിത തുകയ്ക്ക് ഓർഡർ എടുത്ത പലരും വില വർദ്ധിച്ചതോടെ വെട്ടിലായി.
കോഴിയിറച്ചിക്ക് പിന്നാലെ കോഴിമുട്ടയ്ക്കും വില ഉയർന്നിട്ടുണ്ട്. നേരത്തെ 5രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോൾ ഏഴര രൂപയാണ്. നാടൻമുട്ടയ്ക്ക് 10 രൂപയിൽ നിന്നും 12-13 വരേയും വില ഉയർന്നു. മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടിയതിനനുസരിച്ച് ഹോട്ടലുകളിൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാനും സാധിക്കില്ല.
'വൻകിട കോഴി ഫാം ലോബിയുടെ പൂഴ്ത്തിവയ്പ്പാണ് വില വർദ്ധനവിന് കാരണം. ബ്രോയിലർ കോഴിയുടെ ആവശ്യം കുറഞ്ഞാൽ വില കുറയ്ക്കാൻ വൻകിട ലോബികൾ നിർബന്ധിതരാകും. ബ്രോയിലർ കോഴിയുടെ ഉപയോഗം കുറച്ച്, വില കുറവുള്ള ലെഗോൺ വിഭവങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് കത്തു നൽകിയിട്ടുണ്ട്. വിലയിൽ മാറ്റമില്ലെങ്കിൽ ഈ ആഴ്ചമുതൽ കടയടപ്പ് സമരമുൾപ്പടെ നടത്തേണ്ടിവരും
- ഫിറോസ്,
കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി വർക്കിംഗ് സെക്രട്ടറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |