കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ തൃപ്പൂണിത്തുറ പേട്ട വരെയുള്ള പാതയിൽ സർവീസ് ആരംഭിച്ചു. ഇതോടെ, ആലുവ മുതൽ പേട്ട വരെയുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി.
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ 1. 33 കിലോമീറ്റർ ദൂരത്തിലുള്ള തൈക്കൂടം -പേട്ട ലൈനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര നഗരകാര്യമന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷത വഹിച്ചു. മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്ന പ്രഖ്യാപനവും എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ വരെയുള്ള രണ്ടാംഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കൊച്ചി മെട്രോ പാതയുടെ ദൈർഘ്യം ഇതോടെ 25.16 കിലോമീറ്ററായി. ആകെ സ്റ്റേഷനുകളുടെ എണ്ണം 22 .
പേട്ട മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ പി.ടി. തോമസ്, എം. സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു. പേട്ട സ്റ്റേഷനിൽ നിന്നുള്ള ആദ്യ സർവീസിൽ ജനപ്രതിനിധികൾ യാത്ര ചെയ്തു.
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസുകൾ പുനരാരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് . ഒന്നിടവിട്ട സീറ്റുകളിൽ മാത്രമാണ് ഇരിക്കാൻ അനുമതി. ഒരു ട്രെയിനിൽ ഒരേ സമയം 150 പേർക്കാണ് യാത്ര ചെയ്യാനാവുക. കൃത്യമായ ഇടവേളകളിൽ കോച്ചുകൾ അണുവിമുക്തമാക്കും. യാത്രാനിരക്കുകളിൽ ഇളവുകളുണ്ട്. ആലുവ - തൃപ്പൂണിത്തുറ പേട്ട റൂട്ടിലെ ടിക്കറ്റ് നിരക്ക് 60 രൂപയായിരുന്നത് 50 രൂപയായി കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |