തിരുവനന്തപുരം: കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച വിഷയം സി.പി.ഐ നേതൃത്വം ചർച്ച ചെയ്യും. ജോസിനെ സഹകരിപ്പിക്കണമെന്ന ആവശ്യം ഉഭയകക്ഷി ചർച്ചയിൽ സി.പി.എം നേതൃത്വം ഉയർത്തിയതോടെയാണിത്. ഇതിനായി 23, 24 തീയതികളിൽ പാർട്ടി സംസ്ഥാന നിർവാഹകസമിതി യോഗം ചേരും.
ജോസ് കെ.മാണി ഇപ്പോഴും രാഷ്ട്രീയ നിലപാട് പരസ്യമാക്കിയിട്ടില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. യു.ഡി.എഫിനെ അവർ തള്ളിപ്പറഞ്ഞിട്ടില്ല. നിയമസഭയിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും വിട്ടുനിന്നത് യു.ഡി.എഫ് വിരുദ്ധ നിലപാടിന്റെ സൂചനയായി സി.പി.എം നേതൃത്വം പറയുന്നു. അതിനപ്പുറം, പരസ്യമായ രാഷ്ട്രീയനിലപാട് അവർ വ്യക്തമാക്കേണ്ടതുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് സി.പി.ഐയുടെയും വികാരം ഉൾക്കൊണ്ടാണ്.
നേരത്തേ, ലോക് താന്ത്രിക് ജനതാദളിനെ ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ എം.പി. വീരേന്ദ്രകുമാർ യു.ഡി.എഫിനെ തള്ളിപ്പറയുകയും അവരുടെ ലേബലിൽ നേടിയ രാജ്യസഭാ സീറ്റ് ഒഴിയുകയും ചെയ്തിരുന്നു. അത്തരമൊരു സമീപനം ജോസ് കെ.മാണിയിൽ നിന്നും സി.പി.ഐ നേതൃത്വം പ്രതീക്ഷിക്കുന്നു. എന്നാൽ,ഇക്കാര്യത്തിലൊരു നിഷേധാത്മക സമീപനവുമായി മുന്നോട്ട് പോകുന്നത് ഉചിതമാകില്ലെന്ന വികാരവുമുണ്ട്. അതേസമയം, ജോസ് കെ.മാണി കൂടിയെത്തിയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ വലിയ നേട്ടമുണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |