ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അഞ്ചുമാസം മുമ്പ് നിറുത്തിവച്ച ഡൽഹി, നോയിഡ, ലഖ്‌നൗ, ഹൈദരാബാദ്, ബാംഗ്ളൂർ, ചെന്നൈ നഗരങ്ങളിലെ മെട്രോ ട്രെയിൻ സർവീസുകൾ ഇന്നലെ പുന:രാരംഭിച്ചു. ട്രെയിനിലും സ്‌റ്റേഷൻ പരിസരങ്ങളിലും കൊവിഡ് നിയന്ത്രണനിയമം നടപ്പിലാക്കി ഭാഗികമായാണ് സർവീസ് തുടങ്ങിയത്.
ഡൽഹിയിൽ സമയ്‌പൂർബാദ്‌ലി മുതൽ ഹുഡാസിറ്റി സെന്റർ വരെയുള്ള യെലോ ലൈനിലാണ് ഇന്നലെ സർവീസ് തുടങ്ങിയത്. സെപ്‌തംബർ 12വരെ രാവിലെ 7 മുതൽ 11വരെയും വൈകിട്ട് നാലു മുതൽ എട്ടുമണി വരെയും മാത്രമെ സർവീസുള്ളൂ. ആദ്യ ദിനത്തിൽ ഡൽഹി മെട്രോയിൽ യാത്രക്കാർ കുറവായിരുന്നു. രാജീവ് ചൗക്ക് പോലുള്ള തിരക്കേറിയ സ്‌റ്റേഷനുകൾ കാലിയായി കിടന്നു. രാവിലെ 7മുതൽ 11വരെയുള്ള ആദ്യ ഷിഫ്‌റ്റിൽ 7500 പേർ യാത്ര ചെയ്‌തെന്ന് ഡൽഹി മെട്രോ അറിയിച്ചു. മാർച്ച് 22ന് ജനതാകർഫ്യൂ ദിനം മുതലാണ് ഡൽഹി മെട്രോ സർവീസ് നിറുത്തിയത്. 169 ദിവസം ട്രെയിനുകൾ ഓടിയില്ല.
കടുത്ത നിയന്ത്രണം
കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സ്‌റ്റേഷനുകളിൽ പ്രവേശിക്കുന്നത് മുതൽ കർശന പരിശോധനയുണ്ട്. താപനില പരിശോധനയ്‌ക്കു ശേഷമാണ് അകത്തേക്ക് വിടുന്നത്. സമ്പർക്കം ഒഴിവാക്കാൻ ടോക്കണിനു പകരം സ്‌മാർട്ട് കാർഡ് ഉപയോഗിക്കണം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ നീളമുള്ള ദണ്ഡുകളിൽ മെറ്റൽ ഡിറ്റക്‌ടറുകൾ ഘടിപ്പിച്ചാണ് സുരക്ഷാ പരിശോധന നടത്തുന്നത്.
സുരക്ഷാഅകലം പാലിക്കാൻ സീറ്റുകളിൽ അടയാളമുണ്ട്. വായുവിലൂടെയുള്ള അണുസംക്രമണം ഒഴിവാക്കാൻ യാത്രക്കാർ സംസാരം കുറയ്‌ക്കണമെന്ന അഭ്യർത്ഥനയും മെട്രോ നടത്തുന്നു. പൊതു ഇടങ്ങൾ ഇടവേളകളിൽ അണുവിമുക്തമാക്കുന്നുണ്ട്. തിരക്കു നിയന്ത്രിക്കാൻ സ്‌റ്റേഷനുകൾക്ക് പുറത്ത് കൂടുതൽ പൊലീസ് സന്നാഹവുമുണ്ട്.
മറ്റു നഗരങ്ങളിലെ മെട്രോ സർവീസുകൾ
ചെന്നൈയിൽ എയർപോർട്ടിനെ ബന്ധിപ്പിക്കുന്ന ബ്ളൂ ലൈനിലാണ് സർവീസ് പുന:രാരംഭിച്ചത്. ആദ്യ ട്രെയിനിലെ യാത്രക്കാരനായി സംസ്ഥാന വ്യവസായ മന്ത്രി എം.സി.സമ്പത്തുമുണ്ടായിരുന്നു. ഹൈദരാബാദ് മെട്രോയുടെ എൽ.ബി നഗർ മുതൽ മിയാപൂർ വരെയുള്ള 29കി.മീ റെഡ് ലൈൻ സർവീസ് തുടങ്ങി. ആദ്യ ദിനത്തിൽ യാത്രക്കാർ കുറവായിരുന്നു. ബാംഗ്ളൂർ മെട്രോയുടെ വിധാൻ സൗധ മുതൽ മജസ്‌റ്റിക് സ്‌റ്റേഷൻ വരെയുള്ള പർപ്പിൾ ലൈനിലാണ് സർവീസ് പുന:രാരംഭിച്ചത്. ഡൽഹി അതിർത്തിയായ നോയിഡയിലെ അക്വാ ലൈനിലും ഗുഡ്‌ഗാവിലെ റാപ്പിഡ് ലൈനിലും ലഖ്‌നൗ മെട്രോയിലും അഞ്ചുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ട്രെയിനുകൾ ഓടിത്തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |