പരസ്ത്രീബന്ധം ആരോപിച്ച് നടിയായ ഭാര്യ
ന്യൂഡൽഹി: ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കാറില്ലെന്നും സ്വാഭാവികമായ ദാമ്പത്യജീവിതം നയിക്കാനാകാത്തതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒഡിയ നടനും ബി.ജെ.ഡി. എം.പിയുമായ അനുഭവ് മൊഹന്തി ഡൽഹി പാട്യാല കോടതിയിൽ. ഒഡിയ നടിയായ ഭാര്യ വർഷ പ്രിയദർശിനിയിൽ നിന്ന് വിവാഹമോചനം തേടി 47 പേജുള്ള ഹർജിയാണ് മൊഹന്തി സമർപ്പിച്ചത്.ഗാർഹികപീഡനം ആരോപിച്ച് വർഷ കട്ടക്കിലെ കോടതിയെ സമീപിച്ചതോടെയാണ് ഇരുവരുടേയും കലഹം പരസ്യമായത്.
വിവാഹം കഴിഞ്ഞ് ആറ് വർഷമായെങ്കിലും പതിനെട്ട് മാസം മാത്രമേ താൻ വർഷയ്‌ക്കൊപ്പം താമസിച്ചിട്ടുള്ളുവെന്നും ആ കാലയളവിൽ ശാരീരികമായും മാനസികമായും തന്നെ വർഷ പീഡിപ്പിച്ചെന്നുമാണ് അനുഭവിന്റെ പരാതി. വർഷയെ വളരെയേറെ സ്‌നേഹിച്ചിരുന്നു. വിജയിയായ സ്ത്രീ എന്ന നിലയിൽ ഏറെ ബഹുമാനിച്ചിരുന്നു. മനസിലാക്കാനും വിട്ടുവീഴ്ച ചെയ്യാനുമെല്ലാം പരമാവധി ശ്രമിച്ചു. നിർഭാഗ്യവശാൽ, പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ രൂപപ്പെട്ടില്ല. അതിനാൽ, സൗഹാർദ്ദത്തോടെ വേർപിരിയാനുള്ള ഏറ്റവും നല്ല മാർഗമാണിതെന്ന് കരുതുന്നു - അനുഭവ് ഹർജിയിൽ പറയുന്നു.
എന്നാൽ അനുഭവിന് സഹതാരങ്ങളായ നടിമാരുൾപ്പടെ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് വർഷ ആരോപിക്കുന്നത്. സ്ഥിരം മദ്യപാനിയാണ്. ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു. അമ്മയാകാനുള്ള തന്റെ അവകാശത്തെ അനുഭവ് നിഷേധിക്കുകയാണ്. നഷ്ടപ്പെട്ട തന്റെ ജീവിതത്തിന് 13 കോടി നഷ്ടപരിഹാരവും ഇവർ ആവശ്യപ്പെടുന്നു.
ഒരുമിച്ച് ഒട്ടറെ ഒഡിയ ചിത്രങ്ങളിൽ അഭിനയിച്ച ഇരുവരും 2014 ഫെബ്രുവരിയിലാണ് വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |