തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില പൂർണമായി തകർന്നെന്നും സർക്കാരിന് നിയമവാഴ്ച നിലനിറുത്താനാകാത്ത സാഹചര്യമാണെന്നും യു.ഡി.എഫ് യോഗം. അഴിമതിയിലും തീവെട്ടിക്കൊള്ളയിലും മുങ്ങിയ സർക്കാർ ജനങ്ങളുടെ സമാധാന ജീവിതം പോലും അസാദ്ധ്യമാക്കിയെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് ബാധിച്ച പട്ടികവിഭാഗത്തിലെ പെൺകുട്ടി 108 ആംബുലൻസിലാണ് അതിക്രമത്തിനിരയായത്. കൊവിഡ് രോഗികളെ എത്ര നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് തെളിവാണിത്. സർട്ടിഫിക്കറ്റിന് പോയ സ്ത്രീയെ ഹെൽത്ത് ഇൻസ്‌പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചു. കൊല്ലത്ത് മറ്രൊരു ആംബുലൻസ് ഡ്രൈവർ ആരോഗ്യപ്രവർത്തകയോട് മോശമായി പെരുമാറി. ഇതാണോ മാതൃകയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണം. ധാർമ്മികതയുണ്ടെങ്കിൽ ആരോഗ്യമന്ത്രി രാജിവയ്‌ക്കണം. സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ. അതിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട. സംസ്ഥാനത്ത് ഭരണപക്ഷക്കാർ വ്യാപകമായി ബോംബുണ്ടാക്കുകയാണ്. പാർട്ടി സെക്രട്ടറിയുടെ മകനെ രക്ഷിക്കാൻ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ലഹരിമാഫിയയെ സഹായിക്കുന്നതാണ്. സർക്കാർ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നതിൽ പ്രതിഷേധിച്ച് 22ന് യു.ഡി.എഫ് നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകൾക്ക് മുന്നിലും ഉപവസിക്കും.
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നിവേദനം
സംസ്ഥാനത്തെ പിൻവാതിൽ, കരാർ, കൺസൾട്ടൻസി നിയമനങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകാനും മുന്നണിയോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |