കൊച്ചി : പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് മാത്രം സംവരണാനുകൂല്യം ലഭിക്കുന്ന തരത്തിൽ സംവരണ പട്ടിക പുതുക്കാനുള്ള സാമൂഹ്യ, സാമ്പത്തിക സർവേകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് പിന്നാക്കവിഭാഗ കമ്മിഷനു നൽകണമെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ ആറ് മാസത്തിനകം പട്ടിക പുതുക്കി കമ്മിഷൻ സർക്കാരിന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവായി.
തുല്യാവകാശം ഉറപ്പുനൽകുന്ന ഭരണഘടനാ അനുച്ഛേദമുൾപ്പെടെ പരിഗണിച്ച് നടപടിയെടുക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.സംവരണ പട്ടിക കാലോചിതമായി പുതുക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യൻസ് പ്ളാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ ഹർജി തീർപ്പാക്കിയാണ് വിധി. ആദിവാസി, ദളിത് വിഭാഗങ്ങൾക്കും മറ്റ് 70ലധികം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്കും മുസ്ലീങ്ങൾക്കും സർക്കാർ സർവീസിൽ മതിയായ പ്രാതിനിദ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഇന്ദ്രസാഹ്നി കേസിലെ സുപ്രീംകോടതി വിധിയിലും തുടർന്നു നിലവിൽ വന്ന കേരള സംസ്ഥാന പിന്നാക്കവിഭാഗ ചട്ടത്തിലെ 11 -ാം വകുപ്പിലും പത്ത് വർഷം കൂടുമ്പോൾ സംവരണപട്ടിക പുതുക്കണമെന്ന് പറയുന്നുണ്ട്. ഇതു ചെയ്യാത്തതിനാൽ പിന്നാക്ക വിഭാഗങ്ങളിലെ മുന്നാക്കക്കാർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. സംവരണ പട്ടിക പുതുക്കുന്നതിനായുള്ള സർവേ റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടില്ലെന്ന്, ഹർജി പരിഗണിക്കവെ സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 2011 ൽ കേന്ദ്ര സർക്കാർ നടത്തിയ സർവേയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |