മുന്നിൽ നിറചിരിയുമായി മഞ്ജു വാര്യർ. അനുഭവങ്ങൾ സ്ഫുടം ചെയ്തെടുത്തതാണ് തെളിനിലാവുപോലുള്ള ഈ ചിരി. വിജയ ചിത്രങ്ങളുടെ അകമ്പടിയോടെ മലയാളത്തിന്റെഒരേയൊരു ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ലഭിച്ചപ്പോഴുംമണ്ണിൽ ചവിട്ടിയാണ് മഞ്ജുവിന്റെ നില്പ്. താരത്തേക്കാൾ വലുത് മനുഷ്യനാണ് എന്ന തിരിച്ചറിവ് ഓരോ വാക്കിലും പ്രകടം. കണിശവും കൃത്യവുമായ
നിലപാടുകൾ, ഉറച്ച തീരുമാനങ്ങൾ. അഭിനയം, സ്വപ്നങ്ങൾ ...
ലാലേട്ടൻ വിളിച്ചു, മീനുക്കുട്ടി
ലാലേട്ടൻ മോഹൻലാൽ എന്ന സിനിമ കാണാൻ പോകുന്നു എന്ന് കേട്ടപ്പോഴേ ഞങ്ങൾക്കൊക്കെ വലിയ ടെൻഷനായിരുന്നു.കണ്ട ശേഷം ലാലേട്ടൻ എന്നെ ഫോണിലൂടെ വിളിച്ചത് മീനുക്കുട്ടീ... എന്നാണ്. മീനുക്കുട്ടിക്ക് കിട്ടാവുന്ന ഏറ്റവുംവലിയ അംഗീകരമായി ഞാനതിനെ കാണുന്നു. മാത്രമല്ല'സിനിമ നല്ല ഇഷ്ടായി, രസായി എടുത്തിട്ടുണ്ട് " എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. അന്ന് ഈ സിനിമ കാണാൻ അദ്ദേഹം സമയം കണ്ടെത്തി എന്നതു തന്നെ അംഗീകാരമായിരുന്നു.
ദൈവിക അനുഗ്രഹമുള്ള നടൻ
ലാലേട്ടനെ അറിയുന്ന എല്ലാവർക്കും മനസിലാകുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ചുറ്റുമുള്ള ദൈവിക ചൈതന്യം. ലാലേട്ടൻ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ദൈവിക അനുഗ്രഹമുള്ളത് അടുത്ത് നിൽക്കുന്നവർക്ക് അനുഭവിച്ചറിയാം. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ സാധാരണമായി തോന്നുന്നത് സ്ക്രീനിൽ വരുമ്പോൾ അദ്ഭുതമായി മാറുന്നത് കണ്ടിട്ടുണ്ട്. അതായിരിക്കും ലാൽ മാജിക്ക് എന്ന് പറയുന്നത്. അനുഗ്രഹിക്കപ്പെട്ട ജന്മമാണ് ലാലേട്ടൻ.
ലാലേട്ടനെ ഇഷ്ടപ്പെടുന്നവർക്ക് മമ്മൂക്കയെയും ഇഷ്ടമാണ്
ലാലേട്ടനെ ഇഷ്ടപ്പെടുന്നവർക്ക് മമ്മൂക്കയെയും ഇഷ്ടമായിരിക്കും. അതുപോലെ തിരിച്ചും. ഇവരെ താരതമ്യം ചെയ്യാനോ ആരാണ് കൂടുതൽ നല്ലതെന്ന് പറയാനോ ഒരുകാലത്തും സാധിക്കുമെന്ന് തോന്നുന്നില്ല. രണ്ടുപേരും പകരം വയ്ക്കാൻ പറ്റാത്തവരാണ്.
അവകാശവാദങ്ങളില്ല
കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതിന് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നുമില്ല. നമ്മുടെ നാട്ടിൽ നടക്കുന്ന നിരവധി സംഭവങ്ങളുണ്ടല്ലോ. മനസിന് വിഷമമുണ്ടാക്കുന്നവ. അങ്ങനെ ജീവിതദുരിതങ്ങളിൽ അകപ്പെടുന്നവർക്കായി എന്തു ചെയ്യാൻ സാധിക്കുമെന്ന ചിന്തയിലാണ് അവിടെ പോകാനും അവരോടൊപ്പം സമയം ചെലവഴിക്കാനും തീരുമാനിച്ചത്. അത് വലിയ കാര്യമാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. മധുവിന്റെ കുടുംബത്തോടും ആ ഊരിലെ ആളുകളോടും ഒപ്പം കുറച്ചു സമയം ഇരിക്കാനുള്ള ആഗ്രഹം. അത്രയേയുള്ളൂ. ചിലപ്പോൾ അവരുടെ സ്നേഹവും സന്തോഷവും പ്രാർത്ഥനയും എനിക്ക് കൂടി ലഭിക്കാനുള്ള സ്വാർത്ഥതയുമാവാം. അതിൽ കൂടുതൽ ഉദ്ദേശങ്ങളൊന്നുമില്ല ആ യാത്രയിൽ.
എന്നെക്കാളും വലിയ കാര്യങ്ങൾ ചെയ്യുന്നവരുണ്ട്
നമ്മളെക്കൊണ്ട് ആവുന്ന രീതിയിൽ ചില കാര്യങ്ങൾ ചെയ്യുന്നു. പ്രത്യേക ഉദ്ദേശത്തോടു കൂടിയോ ഒരു സോഷ്യൽ ഇമേജ് ഇരിക്കട്ടെയെന്ന് വിചാരിച്ചോ അല്ല. എന്റെ നിലപാട് വ്യക്തമാക്കണമെന്ന് തോന്നുന്ന വിഷയങ്ങളിൽ മാത്രമേ സംസാരിക്കാറുള്ളൂ. എന്നെക്കാളും വലിയ കാര്യങ്ങൾ ചെയ്യുന്ന ഒരുപാട് പേരുണ്ട്. സിനിമാ താരമായതിനാൽ കൂടുതൽ ശ്രദ്ധ കിട്ടുന്നു. അത്രേയുള്ളൂ.
ജോലിയിൽ ശ്രദ്ധിക്കും
വാർത്തകൾ നല്ലതായാലും ചീത്തയാലും ഒരു പരിധിയിൽ കൂടുതൽ ശ്രദ്ധിക്കാറില്ല. നമ്മുടെ ജോലിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നു.
ആത്മകഥ എഴുതൽ
ഇല്ല. അത്രയ്ക്ക് സംഭവബഹുലമൊന്നുമല്ല എന്റെ ജീവിതം.
സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമകളിൽഅഭിനയി ക്കുമ്പോൾ?
അതൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. പക്ഷേ, ഇപ്പോൾ എന്നെവച്ച് സിനിമ ചെയ്യാൻ വരുന്നവരോട് കഴിയുന്നതും ഫീമെയിൽ ഓറിയന്റഡല്ലാത്ത സിനിമകളാണ് താത്പര്യമെന്ന് പറയാറുണ്ട്. കാരണം കഴിഞ്ഞ കുറേക്കാലമായി ചെയ്യുന്ന വേഷങ്ങൾ അങ്ങനെയുള്ളതാണ്. നായികാ പ്രാധാന്യമുള്ള കഥ എന്നത് എന്നെ ആകർഷിക്കുന്ന കാര്യമല്ല. നല്ല സംവിധായകരുടെയും അഭിനേതാക്കളുടെയും കൂടെ ജോലി ചെയ്യാൻ താത്പര്യമുണ്ട്. എന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലെന്നു തോന്നേണ്ട കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.
അവാർഡ് നല്ലകാര്യം തന്നെ
അവാർഡുകൾ ലഭിക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷേ, അതൊന്നിന്റെയും അവസാന വാക്കായി കരുതുന്നില്ല. മുന്നോട്ടുള്ള യാത്രയെ ഒരു തരത്തിലും ബാധിക്കുകയുമില്ല. ലഭിക്കുന്ന പുരസ്കാരങ്ങളെ ബഹുമാനപൂർവം സന്തോഷപൂർവം വാങ്ങാറുണ്ട്.
ഇഷ്ടപ്പെട്ട കഥാപാത്രം?
അങ്ങനെ പറയാൻ പറ്റില്ല. നല്ല എഴുത്തുകാരുടെയും സംവിധായകരുടെയും സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അനുഗ്രഹം. അതിന്റെ വില നന്നായിട്ടറിയാം. മലയാള സിനിമയിലുണ്ടാകുന്ന മാറ്റങ്ങൾ എപ്പോഴും സിനിമയുടെ ഭാഗമാണ്. പരീക്ഷണങ്ങൾ ചെയ്യാൻ ധൈര്യമുള്ള ആളുകൾ ഇനിയും ഉണ്ടാവണം. അതിൽ എനിക്കും അവസരം കിട്ടിയാൽ സന്തോഷം.
ആരാധകരുടെ സ്നേഹം ദൈവാനുഗ്രഹത്താൽ എന്നും എപ്പോഴും
ഒരു പ്രത്യേക സ്നേഹം അവരിൽ നിന്ന് കിട്ടുന്നു. ഞാനത് അനുഭവിക്കുന്നുണ്ട്. അതിന്റെ വിലയെക്കുറിച്ചും നല്ല ബോദ്ധ്യമുണ്ട്. എനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ. അതെന്റെ ഭാഗ്യമായി കാണുന്നു. അങ്ങനെയല്ലേ....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |