SignIn
Kerala Kaumudi Online
Wednesday, 07 January 2026 3.29 PM IST

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസ്: അലനും താഹയ്ക്കും ജാമ്യം

Increase Font Size Decrease Font Size Print Page
alan-thaha-uapa

കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് എറണാകുളം എൻ.ഐ.എ കോടതി സോപാധിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ നവംബർ ഒന്നിന് രാത്രിയിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ഏപ്രിൽ 27ന് എൻ.ഐ.എ കുറ്റപത്രം നൽകിയിരുന്നു. പത്തു മാസമായി പ്രതികൾ കസ്റ്റഡിയിലാണെന്നതും കുറ്റപത്രം നൽകിയതും കണക്കിലെടുത്താണ് ജാമ്യം.

ജാമ്യം അനുവദിക്കുന്നത് തീവ്രവാദ സംഘടനകളുമായി കൂടുതൽ ബന്ധമുറപ്പിക്കാനുള്ള അവസരമാക്കരുതെന്നും സ്വയം മാറാനുള്ള അവസരമായി കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതികളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുവാക്കളായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. ജനാധിപത്യപരവും നിയമപരവുമായി രൂപം നൽകിയ സർക്കാരിനെ അക്രമങ്ങളിലൂടെ നേരിടുന്നത് ശരിയായ മാർഗമല്ല. എത്രയുംവേഗം വിചാരണ തുടങ്ങുമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഫോറൻസിക് പരിശോധനാ ഫലമുൾപ്പെടെ ലഭിക്കാനുള്ളതിനാൽ വൈകാനാണ് സാദ്ധ്യത. വിചാരണ പൂർത്തിയാകുംവരെ പ്രതികൾ ജയിലിൽ കഴിയുന്നത് അനിവാര്യമല്ല.

 കർശന ജാമ്യ വ്യവസ്ഥകൾ

ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ജാമ്യക്കാരിൽ ഒരാൾ പ്രതികളുടെ രക്ഷിതാവും മറ്റെയാൾ അടുത്ത ബന്ധുവുമായിരിക്കണം. അലൻ പന്നിയങ്കര പൊലീസ് സ്റ്റേഷനിലും താഹ പന്തീരാങ്കാവ് സ്റ്റേഷനിലും മാസത്തിലെ ആദ്യ ശനിയാഴ്ച രാവിലെ ഹാജരായി ഒപ്പിടണം. പ്രതികൾ മാവോയിസ്റ്റ് ബന്ധമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കണം. പാസ്‌പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കണം. ഇല്ലെങ്കിൽ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകണം. തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. തുടരന്വേഷണത്തിന് എൻ.ഐ.എ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിടരുത്.

TAGS: MAOIST RELATION CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY