കൊല്ലം: നിലമ്പൂർ ആസ്ഥാനമായി പൊലീസ് ബറ്റാലിയൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊട്ടാരക്കര റൂറൽ പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുന്ന ബറ്റാലിയനിൽ പുതുതായി ആയിരം സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യും. 50 ശതമാനം വനിതകളായിരിക്കും.
നിലമ്പൂരിൽ ആരംഭിച്ചാലും ഭാവിയിൽ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റും. 25 പുതിയ പൊലീസ് സബ് ഡിവിഷനുകൾ കൂടി ആരംഭിക്കും. തീരദേശത്തെ 240 മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പൊലീസിൽ ഡിസാസ്റ്റർ റെസ്പോൺസ് സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം റൂറൽ, വയനാട്, കോഴിക്കോട് റൂറൽ പൊലീസ് ജില്ലകളിൽ വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിക്കും.കണ്ണൂർ പൊലീസ് ജില്ലയെ റൂറൽ, സിറ്റി എന്നിങ്ങനെ രണ്ടായി വിഭജിക്കും. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ മേധാവിയാക്കി സോഷ്യൽ പൊലീസിംഗ് ഡിവിഷൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷയായിരുന്നു. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, പി. ഐഷാപോറ്റി, കെ.ബി. ഗണേശ്കുമാർ, മുല്ലക്കര രത്നാകരൻ, ജി.എസ്. ജയലാൽ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |