ന്യൂഡൽഹി:അതിർത്തിയിൽ സംഘർഷം രൂക്ഷമാകുമ്പോൾ ഇന്ത്യൻ പ്രതിരോധത്തിന് അധിക കരുത്ത് പകർന്ന് അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്നലെ വ്യോമസേനയുടെ ഭാഗമായി. ഇതോടെ അംബാല വ്യോമത്താവളത്തിലെ 17-ാം സ്‌ക്വാഡ്രൺ, 'ഗോൾഡൻ ആരോസ്' ശത്രുക്കളുടെ പേടിസ്വപ്‌നമാകും.
ഫ്രാൻസിൽ നിന്ന് വാങ്ങിയ അഞ്ച് അത്യാധുനിക റാഫേൽ യുദ്ധവിമാനങ്ങൾ പ്രൗഢഗംഭീര ചടങ്ങിൽ ഔദ്യോഗികമായി 'ഗോൾഡൻ ആരോസിന്റെ" ഭാഗമായി. പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്ളോറെൻസ് പാർളെയും ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി.
ഹിന്ദു, മുസ്ളീം, സിക്ക്, ക്രിസ്‌ത്യൻ പുരോഹിതൻമാരുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. വിമാനങ്ങളെ ജലപീരങ്കി അഭിവാദ്യം നൽകി 'കുളിപ്പിച്ച് ശുദ്ധിയാക്കി'.
റാഫേൽ വിമാനങ്ങൾ സേനയുടെ ഭാഗമായെന്ന് വ്യക്തമാക്കുന്ന ഇൻഡക്‌ഷൻ റോൾ രാജ്നാഥ് സിംഗ് ഗോൾഡൻ ആരോസ് ഗ്രൂപ്പ് കമാൻഡർ ക്യാപ്റ്റൻ ഹർകീരത് സിംഗിന് കൈമാറി.
റാഫേൽ സേനയിൽ വിന്യസിച്ചത് രാജ്യത്തിന്റെ അഖണ്ഡതയിൽ കണ്ണുവയ്‌ക്കുന്ന ചിലർക്ക് ശക്തമായ സന്ദേശമാണെന്നും അതിർത്തിയിലെ സാഹചര്യത്തിൽ വിമാനങ്ങളുടെ വിന്യാസത്തിന് പ്രാധാന്യമുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതിർത്തിയിൽ വെല്ലുവിളി നേരിടുമ്പോൾ റാഫേൽ വിമാനങ്ങൾ സേനയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് വ്യോമസേനാമേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ പറഞ്ഞു. റാഫേൽ ഇടപാടിന് ചുക്കാൻ പിടിച്ച ഇദ്ദേഹത്തോടുള്ള ആദരവായി വിമാനങ്ങളുടെ വാലിൽ 'ആർ ബി 01' എന്ന സീരീസിലാണ് നമ്പർ എഴുതിയിട്ടുള്ളത്.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി.ആർ.ഡി.ഒ. ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു.
വ്യോമസേനയുടെ സാരംഗ് ഡിസ്‌പ്ളേ ടീമും തേജസ് വിമാനങ്ങളും നടത്തിയ അഭ്യാസപ്രകടനങ്ങൾ ചടങ്ങിന് കൊഴുപ്പേകി.
പുതിയ അദ്ധ്യായം
റാഫേൽ സേനയുടെ ഭാഗമായത് ഇൻഡോ-ഫ്രാൻസ് പ്രതിരോധ സഹകരണത്തിൽ പുതിയ അദ്ധ്യായമാണെന്ന് ഫ്രഞ്ച് മന്ത്രി ഫ്ളോറൻസ് പാർളെ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിക്കുമെന്നും ആഗോള വിതരണത്തിന് ഇന്ത്യൻ കമ്പനികളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ ഫ്രാൻസ് പിന്താങ്ങുന്നതായും അറിയിച്ചു.
കരാറിലെ 36 റാഫേൽ വിമാനങ്ങളിൽ ബാക്കിയുള്ളവ പെട്ടെന്ന് നിർമ്മിച്ചു തരാമെന്ന് വിമാന നിർമ്മാണകമ്പനിയായ ദസോ ഏവിയേഷൻ സി.ഇ.ഒ എറിക് ട്രാപ്പിയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |