തിരുവനന്തപുരം: വാഗൺ ട്രാജഡിയുടെയും മലബാർ കലാപത്തിന്റെയും കമ്മ്യൂണിസ്റ്റ് വിപ്ലവപോരാട്ടങ്ങളായ പുന്നപ്ര-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമരങ്ങളുടെയും രക്തസാക്ഷികളെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ നീക്കം വിവാദമായി. ചരിത്രം തിരുത്തിയെഴുതുകയെന്ന സംഘപരിവാർ അജൻഡയുടെ ഭാഗമെന്നാരോപിച്ച് മുഖ്യ ഇടതുപാർട്ടികൾ രംഗത്തെത്തി.
മലബാർ കലാപത്തിലെ ധീര പോരാളികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസലിയാരെയും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയുടെ വെബ്സൈറ്റിൽ നിന്ന് കേന്ദ്ര സാംസ്കാരികവകുപ്പ് നീക്കിയതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ഐ.സി.എച്ച്.ആർ റിപ്പോർട്ടും പുറത്തുവന്നത്. മലബാർ കലാപത്തെ വർഗീയലഹളയായും വാരിയംകുന്നനെയും ആലി മുസലിയാരെയും ക്രിമിനലുകളായും ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫോ മുസ്ലിംലീഗോ ഇതുവരെ പ്രത്യക്ഷമായി രംഗത്തെത്തിയിട്ടില്ല.
ഐ.സി.എച്ച്.ആർ റിപ്പോർട്ടിന്റെ തുടർച്ചയായി രക്തസാക്ഷി നിഘണ്ടു പുനഃപരിശോധിക്കാൻ നിയോഗിച്ച മൂന്നംഗസമിതിയെ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. ചരിത്ര വസ്തുതകളെ വളച്ചൊടിക്കാനും കേവലം കമ്മ്യൂണിസ്റ്റ് കലാപങ്ങളായി മാത്രം പുന്നപ്ര-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമരങ്ങളെ ചിത്രീകരിക്കാനുമുള്ള തരംതാഴ്ന്ന ശ്രമങ്ങളാണ് സംഘപരിവാർ ശക്തികൾ തുടരുന്നതെന്ന് സി.പി.ഐ മുഖപത്രം മുഖപ്രസംഗത്തിൽ വിമർശിച്ചു.
പാർലമെന്റിൽ സി.പി.എമ്മും സി.പി.ഐയും വിഷയം ശക്തമായി ഉന്നയിക്കും. ചരിത്രത്തെ തിരുത്തിയെഴുതുന്നത് സംഘപരിവാറിന്റെ അജൻഡയാണെന്നും ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കേരള കൗമുദിയോട് പറഞ്ഞു.
നീക്കം ഐസക് റിപ്പോട്ടിന്റെ
ചുവടുപിടിച്ച്
ദി ഡിക്‌ഷ്ണറി ഒഫ് മാർട്ടയേഴ്സ്: ഫ്രീഡം സ്ട്രഗിൾ 1857- 1947 എന്ന ചരിത്ര നിഘണ്ടു 2018ൽ പ്രധാനമന്ത്രിയാണ് പുറത്തിറക്കിയത്. എന്നാൽ ഇതിന്റെ കൈയെഴുത്ത് പ്രതി പരിശോധിച്ച് 2016ൽ ചരിത്രഗവേഷണ കൗൺസിൽ അംഗം കൂടിയായ സി.ഐ. ഐസക് നൽകിയ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് മുസ്ലിം, കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളെ നിഘണ്ടുവിൽ നിന്നൊഴിവാക്കാനുള്ള നീക്കമാരംഭിച്ചിരിക്കുന്നത്. ആദ്യപടിയായാണ് സാംസ്കാരികവകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസലിയാരെയും നീക്കിയത്. പുന്നപ്ര-വയലാർ രക്തസാക്ഷികളായ 46 പേരെയും കാവുമ്പായി സമര രക്തസാക്ഷികളായ കുമാരൻ പുള്ളുവൻ, കുഞ്ഞിരാമൻ പുളൂക്കൽ, കരിവെള്ളൂർ സമരത്തിൽ പൊലീസ് വെടിവയ്പിൽ മരിച്ച 16കാരനായ കീനേരി കുഞ്ഞമ്പു എന്നിവരെയും നീക്കാനാണ് ശ്രമം. പുന്നപ്ര-വയലാർ സമരത്തെ1996-98ൽ സി.പി.ഐ നേതാവ് ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോഴാണ് അംഗീകരിച്ചത്. തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി നിലനിറുത്താനും തൊഴിലാളി-കർഷകാദി ജനതയുടെ അവകാശനിഷേധത്തിനുമെതിരെയായിരുന്നു പുന്നപ്ര-വയലാർ സമരം. കാവുമ്പായിയും കരിവെള്ളൂരും ഉത്തരമലബാറിൽ ജന്മിത്വത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടങ്ങളാണ്.
അതേസമയം, 1946ൽ നെഹ്‌റുവിന്റെ ഇടക്കാല സർക്കാർ അധികാരമേറ്റശേഷം നടന്നതാണ് കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളെന്നും സ്വാതന്ത്ര്യസമരത്തെ കേരളത്തിന്റെ ഉൾനാടുകളിലടക്കം ബഹിഷ്കരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരെന്നുമാണ് ഐസക്കിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |