കൊച്ചി : പന്തീരാങ്കാവ് കേസിലെ പ്രതികളായ അലനും താഹയും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയിലെ കേഡറ്റുകളാണെന്നോ ഇവർ സംഘടനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചെന്നോ പ്രഥമദൃഷ്ട്യാ പറയാൻ കഴിയില്ലെന്ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി വ്യക്തമാക്കി. അന്വേഷണസംഘം നിരത്തിയ തെളിവുകളെ എണ്ണിയെണ്ണി വിമർശിച്ചാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.
അലനും താഹയും മാവോയിസ്റ്റ് സംഘടനയിൽ അംഗങ്ങളാണെന്നു വിലയിരുത്തി എഫ്.ഐ.ആറിലുള്ള കുറ്റം ഒഴിവാക്കിയതും 64 പേജ് വിധിന്യായത്തിൽ എടുത്തു പറയുന്നു. നിരോധിത സംഘടനകളിൽ അംഗമാണെന്നതുകൊണ്ടുമാത്രം ഭീകര പ്രവർത്തന നിരോധന നിയമപ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്ന സുപ്രീംകോടതി വിധികളുൾപ്പെടെ കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ കണ്ടെത്തലുകൾ
പ്രതികൾ ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾക്കു മുതിർന്നതായി കേസില്ല
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും വീഡിയോ ദൃശ്യങ്ങളും നിരോധിക്കപ്പെട്ടവയല്ല
പ്രതികൾ രഹസ്യ യോഗങ്ങൾ നടത്തിയെന്ന് പറയുന്നുണ്ടെങ്കിലും മതിയായ തെളിവില്ല
അലന്റെ ഡയറിക്കുറിപ്പുകൾ അക്രമത്തിനുള്ള ആഹ്വാനമാണെന്ന ആരോപണത്തിൽ കഴമ്പില്ല
വ്യക്തിപരമായ ചിന്തകളും വികാരങ്ങളും കുറിച്ചുവയ്ക്കുന്ന ഡയറിക്കുറിപ്പുകളാണവ
ഏതെങ്കിലും തരത്തിൽ അക്രമം നടത്താനോ പ്ളാൻ തയ്യാറാക്കാനോ കുറിപ്പിൽ പറയുന്നില്ല
താഹ മുദ്രാവാക്യം വിളിച്ചതിനെ മാവോയിസ്റ്റ് ആശയങ്ങളോടുള്ള താല്പര്യമായേ കാണാനാവൂ
മൂന്നാം പ്രതി ഉസ്മാൻ ഒാടിപ്പോയത് അയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് നിലവിലുള്ളതിനാലാകാം
നിരോധിക്കപ്പെട്ട സംഘടനയുടെ നോട്ടീസ് വിതരണം ചെയ്തതിനാണ് ഉസ്മാനെതിരെ കേസുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |