തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിന്റെ ചിഹ്നവും പാർട്ടിയും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി നിലനിൽക്കെ, കുട്ടനാട്ടിൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി ഏത് ലേബലിൽ മത്സരിക്കുമെന്നതിൽ ആശയക്കുഴപ്പം.
ഇന്നത്തെ അവസ്ഥയിൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിക്ക് അവിടെ സ്വതന്ത്രനായേ മത്സരിക്കാനാകൂ. പാർട്ടി അവകാശത്തർക്കത്തിൽ ഹൈക്കോടതി വിധി വരെ കാക്കാതെ, പുതിയ അംഗീകൃത പാർട്ടിയാകാനുള്ള നടപടികൾ പെട്ടെന്നുണ്ടാവണമെന്ന ആവശ്യവും യു.ഡി.എഫിൽ ഉയരുന്നു.
വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് ജോസ് വിഭാഗം പരാതി നൽകുമെന്നിരിക്കെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി കണക്കിലെടുത്തുള്ള തീരുമാനം സ്പീക്കറിൽ നിന്നുണ്ടായാൽ, അതും ജോസഫിന് പ്രതികൂലമാവാം. അങ്ങനെയായാൽ പുതിയ പാർട്ടിയുണ്ടാക്കൽ പോലും എളുപ്പമാവില്ല.
ഡൽഹി ഹൈക്കോടതിയിൽ ജോസഫ് നൽകിയ അപ്പീലിലും വിധി വൈകിയേക്കും. വിധിയെന്തായാലും ,വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തോടെ നിൽക്കാൻ പുതിയ സ്വതന്ത്ര പാർട്ടി ആവശ്യമാണ്. ഇപ്പോൾ മൂന്ന് എം.എൽ.എമാരുടെ പിന്തുണയുള്ള ജോസഫ് വിഭാഗത്തിന് ഒരു എം.എൽ.എയെക്കൂടി കിട്ടിയാൽ അംഗീകൃത പാർട്ടിയാകാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |