കൊച്ചി : കേരള കോൺഗ്രസ് -എം എന്ന പേരും രണ്ടില ചിഹ്നവും ജോസ്. കെ. മാണി വിഭാഗത്തിനനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. പി.ജെ. ജോസഫ് നൽകിയ ഹർജിയിലാണിത്. ഹർജി സിംഗിൾ ബെഞ്ച് ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആഗസ്റ്റ് 30 ന് നൽകിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇരു വിഭാഗത്തിനും വേണ്ടി സുപ്രീംകോടതി അഭിഭാഷകരാണ് ഹാജരായത്. കേസിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനുൾപ്പെടെ എതിർകക്ഷികൾ സത്യവാങ്മൂലം നൽകണം..
തർക്കം ഇങ്ങനെ
പാർട്ടി ചെയർമാനായിരുന്ന. കെ.എം. മാണി മരിച്ചതോടെയാണ് തർക്കം രൂപപ്പെട്ടത്. പാർട്ടി ഭരണഘടനയനുസരിച്ച് ചെയർമാൻ മരിച്ചാൽ, വർക്കിംഗ് ചെയർമാനായ തനിക്കാണ് ചുമതലയെന്ന് പി.ജെ. ജോസഫ് വാദിക്കുന്നു. 2019 ജൂൺ 16ന് ചെയർമാനായി തന്നെ തിരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ്. കെ. മാണി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച് ഉത്തരവ് നേടിയത്.
ജോസഫിന്റെ വാദം
ജോസ്. കെ. മാണി ചെയർമാനായി പ്രവർത്തിക്കുന്നത് സിവിൽകോടതി തടഞ്ഞിരിക്കെ,. തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച് അനുകൂല ഉത്തരവു നേടിയത് നിയമവിരുദ്ധം. ഇരുകൂട്ടരും 450 സംസ്ഥാന കമ്മിറ്റിഅംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി പട്ടിക നൽകിയിരുന്നു. ഇരുലിസ്റ്റിലും പേരുള്ള 145 പേരെ ഒഴിവാക്കി ഭൂരിപക്ഷം നിശ്ചയിച്ചത് നിയമപരമല്ല.
ജോസിന്റെ വാദം
ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനാണ് അധികാരം. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകണം.
ജോസഫിന്റെ അമിതോന്മാദം താത്കാലികം: ജോസ്
കോട്ടയം: ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്മേലുള്ള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിനെ തുടർന്നുള്ള പി.ജെ. ജോസഫിന്റെ അമിതോന്മാദം താത്കാലികം മാത്രമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. കോടതി വിശദമായ വാദം കേൾക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നത്തിന്റെയും അംഗീകാരത്തിന്റെയും കാര്യത്തിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയാണ് ആത്യന്തികമായി നിലനിൽക്കുക. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ജോസ് പറഞ്ഞു.
ജോസ് വട്ടപ്പൂജ്യമാവും : പി.ജെ.ജോസഫ്
കോട്ടയം :രണ്ടില ചിഹ്നം ജോസിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്ഹൈക്കോടതി സ്റ്റേ ചെയ്തതതിലൂടെ സത്യം ജയിച്ചതായി പി.ജെ.ജോസഫ് പറഞ്ഞു. 'ജോസ് ഇതോടെ വട്ടപ്പൂജ്യമാവും. ഞങ്ങളുടെ ഭാഗത്താണ് ശരിയെന്നു തെളിഞ്ഞു. ദൈവം ഞങ്ങളുടെ കൂടെയാണ് '.
മുഖ്യമന്ത്രി ഇന്നലെ വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുത്തതിന് ജോസ് കെ മാണി കോടതി അലക്ഷ്യത്തിന് നടപടി നേരിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു .ഇടുക്കി മുൻസിഫ് കോടതിയും കട്ടപ്പന സബ്കോടതിയും ജോസ് ചെയർമാന്റെ പദവി കൈയ്യാളരുതെന്ന് പറഞ്ഞിരുന്നു. അത് ലംഘിച്ചാണ് ചെയർമാനെന്ന വ്യാജേന പങ്കെടുത്തത്. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാൽ ജോസിനെ യോഗത്തിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത് ജോസിനെയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. ഒരു ദിവസം പോലും ക്ഷമിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |