SignIn
Kerala Kaumudi Online
Tuesday, 08 July 2025 9.37 AM IST

പ്രേതങ്ങളുടെ ഗ്രാമത്തിൽ നിന്ന്...

Increase Font Size Decrease Font Size Print Page

kuldhara-village

19-ാം നൂറ്റാണ്ടിലെ അതിസമ്പന്നമായ രാജസ്ഥാൻ ഗ്രാമങ്ങളിലൊന്നായിരുന്നു കുൽധാര. ജയ്സാൽമീറിൽ നിന്ന് വെറും 18 കിലോമീറ്റർ ഉള്ളിലേക്ക് ചെന്നാൽ കുൽധാരയായി. മുന്നൂറ് വർഷം മുമ്പ് വരെ ഇവിടെ സമ്പൽസമൃദ്ധി നിറഞ്ഞു തുളുമ്പിയിരുന്നു. ഒറ്റ രാത്രികൊണ്ട് ഗ്രാമം മുടിഞ്ഞു തുടങ്ങി. ആളുകളെല്ലാം അപ്രത്യക്ഷരായി. ഒടുവിൽ ആർക്കും വേണ്ടാത്ത ഇടമായി മാറി. ഗ്രാമത്തിൽ പ്രേതബാധയുണ്ടെന്നും രാത്രികാലങ്ങളിൽ ഇവിടെ തങ്ങുന്നത് നല്ലതല്ലെന്നും കഥകൾ പരന്നു.

പലിവാൽ എന്ന വിഭാഗത്തിൽപ്പെട്ട ബ്രാഹ്മണരായിരുന്നു ഇവിടെ വസിച്ചിരുന്നത്. അന്നത്തെക്കാലത്ത് , മന്ത്രിയായ സലിം സിംഗിന് ഗ്രാമവാസികൾ നികുതി നൽകേണ്ടതുണ്ടായിരുന്നു. ഒരിക്കൽ ഗ്രാമത്തിലെത്തിയ മന്ത്രി, ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമത്തിന്റെ നികുതി വർദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ പെൺകുട്ടിയുടെ മാനം രക്ഷിക്കാനായി കുൽധാര ഗ്രാമവും അടുത്തുള്ള 84 ഗ്രാമങ്ങളും ചേർന്ന് ഇരുട്ടിവെളുക്കുന്നതിനു മുമ്പ് സ്ഥലം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്. എന്നാൽ അതല്ല, ഒരൊറ്റ രാത്രികൊണ്ട് ഗ്രാമവാസികളെ മുഴുവൻ മന്ത്രിയും പരിവാരങ്ങളും ചേർന്ന് കൊന്നുകുഴിച്ചുമൂടിയെന്നും കഥയുണ്ട്.

1500 ലധികം ആളുകൾ താമസിച്ചിരുന്ന ഗ്രാമത്തിൽ ഇന്ന് സ്ഥിര താമസക്കാർ ആരും തന്നെയില്ല. രാത്രിയാകുമ്പോൾ പേടിപ്പിക്കുന്ന ആർത്തനാദങ്ങളും ഒഴുകി നടക്കുന്ന രൂപങ്ങളുമാണ് ഈ ഗ്രാമത്തെ ദുരൂഹമാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

മറ്റൊരു കഥയും നിലനിൽക്കുന്നുണ്ട്. പെൺകുട്ടിയെ നല്‌കാത്തതിനാൽ മന്ത്രി ഇവർക്ക് നികുതി കൂട്ടുകയും അത് അടയ്ക്കാനാവാതെ വന്നതോടെ ഗ്രാമീണർ മറ്റെവിടേക്കോ നാടുവിട്ടുപോയി എന്നുമാണത്. എന്നാൽ പോകുന്നതിന് മുൻപ് ഇനി ഒരിക്കലും ആർക്കും ഇവിടെ ജീവിക്കാൻ കഴിയാതെയിരിക്കട്ടെ എന്ന് ഗ്രാമീണർ ശപിച്ചു. അതിനാൽ ഇവിടെ പലതവണ പലരും താമസിക്കാൻ ശ്രമിച്ചെങ്കിലും ഇവർക്കെല്ലാം രാത്രികാലങ്ങളിൽ അസാധാരണങ്ങളായ അനുഭവങ്ങൾ നേരിടേണ്ടി വന്നുവത്രേ.

എന്നാൽ 2017 ലെ ഒരു പഠനം പറയുന്നത് ഭൂമികുലുക്കം കാരണമാണ് ഗ്രാമവാസികൾ നാടുവിട്ടുപോയതെന്നാണ്. വിക്കിപീഡിയയും ഇത് ശരിവയ്ക്കുന്നു.

ശാപം കിട്ടിയ ഗ്രാമം

ഇവിടെ പിന്നീട് ജീവിക്കാൻ ശ്രമിച്ചവരൊക്കെയും ദുരൂഹമായി കൊല്ലപ്പെട്ടതോടെയാണ് ഗ്രാമത്തിൽ പ്രേതബാധയുണ്ടെന്ന വിശ്വാസം ദൃഢമായത്. ഇതോടെ പുരാതന കാലത്തെ മനോഹരദൃശ്യങ്ങൾ നിറഞ്ഞ പ്രദേശത്ത് രാത്രി കഴിയാൻ ആളുകൾ ഭയപ്പെട്ടു. 2018ൽ ഡൽഹിയിലെ പാരാനോർമൽ സൊസൈറ്റി 30 പേരടങ്ങുന്ന ഒരു സംഘത്തെ കുൽധാരയിൽ ഒരു രാത്രി തങ്ങാനയച്ചു. എന്നാൽ അവർക്കവിടെ ഇരുട്ടി വെളുപ്പിക്കാനായില്ല. ചലിക്കുന്ന നിഴലുകളും, പേടിപ്പെടുത്തുന്ന ശബ്ദങ്ങളും ഇവരുടെ ഉറക്കം കെടുത്തിക്കളഞ്ഞു. ചില സമയങ്ങളിൽ ആരോ പിറകിൽ നിന്ന് സ്‌പർശിക്കുന്നതായും അവർക്ക് അനുഭവപ്പെട്ടത്രേ. അവർ എത്തിയ വാഹനങ്ങളിൽ കുട്ടികളുടെ കൈപ്പാടുകൾ കണ്ടതായും പറയുന്നു. എന്നാൽ പകൽ സമയങ്ങളിൽ ഇവിടെ ധാരാളം ടൂറിസ്റ്റുകളും കച്ചവടക്കാരുമെത്തും. സന്ധ്യമയങ്ങിയാൽ ഇതുവഴി വാഹനങ്ങളിൽ പോകാൻ പോലും ആളുകൾ ധൈര്യപ്പെടാറില്ല. സംഭവത്തെപ്പറ്റി പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും ഇത്രയും അളുകൾ ഒരു രാത്രികൊണ്ട് ഗ്രാമം ഉപേക്ഷിച്ചാൽ അത് സമീപഗ്രാമങ്ങൾ അറിയാതിരിക്കുന്നത് എങ്ങനെയെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

ടൂറിസ്റ്റ് കേന്ദ്രം

ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം 2010ലാണ് രാജസ്ഥാൻ സർക്കാർ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. പേടിപ്പെടുത്തുന്ന ഇടങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയ ഇവിടം തേടി നിരവധി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നവർക്ക് അസാധാരണമായ പല അനുഭവങ്ങളും ഉണ്ടാകുന്നതായി അനുഭവസ്ഥർ പറയുന്നു.

മേൽക്കൂരകളും ചുവരുകളുമില്ലാത്ത ഇവിടുത്തെ മൺവീടുകൾ സഞ്ചാരികളിൽ പേടിയുണർത്തുന്നവയാണ്. നൂറ്റാണ്ടുകളായി ആൾത്താമസമില്ലാത്ത ഇവിടം ദൗർഭാഗ്യകരമായ കഴിഞ്ഞ കാലത്തിന്റെ അസ്ഥികൂടം പോലെയാണ്. വീടുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. എന്നാൽ രാജസ്ഥാൻ സർക്കാർ ഗ്രാമത്തിലെ ചില വീടുകൾ സംരക്ഷിക്കാനുള്ള നടപടികളെടുത്തു. നിലംപൊത്താറായ കെട്ടിടങ്ങൾ പലതും ഇപ്പോൾ സംരക്ഷിക്കുന്നുണ്ട്.

കാവൽക്കാരനും മകനും

80 വയസിലധികമുള്ള ഒരു താടിക്കാരനാണ് 40 വർഷമായി ഈ ഗ്രാമത്തിന്റെ കാവൽക്കാരൻ. മകനും കൂടെയുണ്ട്. ഇവർക്ക് 10 രൂപ പ്രവേശന ഫീസ് നൽകി ടിക്കറ്റ് എടുത്താലേ അകത്തേക്ക് കടക്കാനാകൂ. വാഹനം അകത്തേക്ക് പ്രവേശിപ്പിക്കണമെങ്കിൽ 50 രൂപ കൊടുക്കണം.

എന്നാൽ ഗ്രാമത്തിൽ പ്രേതബാധയുണ്ടെന്ന കഥയൊക്കെ വെറും കെട്ടുകഥകൾ മാത്രമാണെന്നാണ് ഇവർ പറയുന്നത്. പുറത്തു നിന്നുള്ളവർ വെറുതെ പറഞ്ഞു പരത്തുന്ന കഥകളാണിത്. എന്നാലും ഗ്രാമത്തിന് എന്തൊക്കെയോ ശക്തിയുള്ളതായും ഇവർ വിശ്വസിക്കുന്നു.

TAGS: NEWS SCAN, PRETHA GRAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.