കാസർകോട്: കടുത്ത പെരുമാറ്റ ചട്ടലംഘനമാണ് മഞ്ചേശ്വരം എം.എൽ.എയായ എം.സി.ഖമറുദ്ദീൻ ജുവലറി തട്ടിപ്പിലൂടെ നടത്തിയെന്ന് കാട്ടി എം. രാജഗോപാലൻ എം. എൽ. എ സ്പീക്കർക്ക് പരാതി നൽകി.
എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള ഫാഷൻ ജുവലറിയുടെ പേരിൽ 742 നിക്ഷേപകരിൽ നിന്ന് 132 കോടി രൂപ തട്ടിയെടുത്തത് സംബന്ധിച്ച് ജില്ലയിലെ ചന്തേര, കാസർകോട് പൊലീസ് സ്റ്റേഷനുകളിലായി 34 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമ വിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റമാണ് ഇദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചതിന് സിവിൽ, ക്രിമിനൽ കേസുകളുമുണ്ട്. രണ്ട് കേസുകളിൽ നേരിട്ട് ഹാജരാകാൻ ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കുകയാണ്. ഇതിന് പുറമേ വഖഫ് ഭൂമി ഇടപാടും വിവാദമായിരുന്നു. 6 കോടിയോളം രൂപ വിലവരുന്ന നാലേക്കർ ഭൂമിയും അതിലുള്ള കെട്ടിടവുമടക്കം 30 ലക്ഷം രൂപയ്ക്ക് എം.എൽ.എ യുടെ വിദ്യാഭ്യാസട്രസ്റ്റിന്റെ പേരിൽ രഹസ്യമായി രജിസ്റ്റർ ചെയ്തിരുന്നു. സംഭവം വിവാദമായപ്പോൾ കളവ് മുതൽ തിരിച്ചേൽപ്പിച്ച് സത്യസന്ധത ചമയുകയാണ് ചെയ്തതെന്നും രാജഗോപാലൻ പരാതിയിൽ പറയുന്നു.
സഭാസമ്മേളന കാലയളവല്ലാത്തതിനാൽ നിയമസഭയിലുന്നയിക്കാൻ സാഹചര്യമില്ലെന്നിരിക്കെ അടിയന്തര സ്വഭാവം മുൻനിറുത്തി സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉചിതമായ നടപടി എടുക്കണമെന്നാണ് എം.രാജഗോപാലൻ ആവശ്യപ്പെട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |